മാധ്യമപ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുന്നത് അപലപനീയമെന്ന് സിപിഐ

തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് നാല് മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത് അപലപനീയമാണെന്ന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് പ്രമേയത്തില്‍ പറഞ്ഞു.
വിഷയത്തില്‍നിന്ന് തടിതപ്പാനും മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടാനുമാണ് മുഖ്യമന്ത്രിയുടെ ശ്രമം. പുറത്തുവന്ന കത്തിന്റെ നിജസ്ഥിതി അന്വേഷിക്കാതെ മാധ്യമപ്രവര്‍ത്തകര്‍ക്കുമേല്‍ കുതിരകയറാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഇത് ജാള്യത മറയ്ക്കാനാണ്. തനിക്ക് അപമാനം സൃഷ്ടിച്ചുവെന്ന് മുഖ്യമന്ത്രി കരുതുന്ന വാര്‍ത്തയോട് ഒരു തരത്തിലും ബന്ധമില്ലാത്ത മാധ്യമപ്രവര്‍ത്തകരുടെ പേരുകളാണ് കേസിലേക്ക് വലിച്ചിഴച്ചിരിക്കുന്നത്. തന്റെ മുഖം രക്ഷിക്കാന്‍ മാധ്യമപ്രവര്‍ത്തകരെ കേസില്‍ പ്രതിയാക്കുന്ന മുഖ്യമന്ത്രിയുടെ നടപടി അപലപനീയമാണെന്നും പ്രമേയത്തില്‍ പറഞ്ഞു. അതിര്‍ത്തികളെ തീവ്രവാദത്തില്‍നിന്ന് രക്ഷിക്കാനെന്ന പേരില്‍ അമേരിക്കന്‍ യുദ്ധക്കപ്പലുകളെ ഇന്ത്യയുടെ സമുദ്രാതിര്‍ത്തിയില്‍ വിന്യസിക്കുന്നത് രാജ്യസുരക്ഷയ്ക്ക് അപകടമാവുമെന്ന് മറ്റൊരു പ്രമേയത്തില്‍ പറഞ്ഞു.
നമ്മുടെ നാടിന്റെ ഐക്യവും സ്വാതന്ത്ര്യവും സംരക്ഷിക്കാനും തീവ്രവാദികള്‍ നമ്മുടെ രാജ്യത്തേക്ക് നുഴഞ്ഞുകയറുന്നത് തടയാനും അടിയന്തര നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കേണ്ടത്. തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ കമലാ സദാനന്ദന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, പന്ന്യന്‍ രവീന്ദ്രന്‍, ബിനോയ് വിശ്വം, കെ പ്രകാശ് ബാബു, സത്യന്‍ മൊകേരി സംബന്ധിച്ചു.
Next Story

RELATED STORIES

Share it