Flash News

മാധ്യമപ്രവര്‍ത്തകയുടെ മരണകാരണം 159 മണിക്കൂര്‍ അധിക ജോലി : നാലു വര്‍ഷത്തിനുശേഷം ജാപനീസ് മാധ്യമത്തിന്റെ വെളിപ്പെടുത്തല്‍



ടോക്കിയോ: ഒരു മാസം 159 മണിക്കൂര്‍ അധികസമയം ജോലി ചെയ്തതിനെത്തുടര്‍ന്ന് മാധ്യമപ്രവര്‍ത്തക മരണപ്പെട്ടതായി സമ്മതിച്ച് ജപ്പാന്റെ ഔദ്യോഗിക മാധ്യമമായ എന്‍എച്ച്‌കെ. എന്‍എച്ച്‌കെക്കു വേണ്ടി രാഷ്ട്രീയ വാര്‍ത്തകള്‍ റിപോര്‍ട്ട് ചെയ്തിരുന്ന മിവ സാദോവിനെ 2013 ജൂലൈയില്‍ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മരണസമയത്ത് 31 വയസ്സായിരുന്നു അവരുടെ പ്രായം. അമിതമായി ജോലിചെയ്തതാണു മരണകാരണമെന്നു പിന്നീട് പരിശോധനയില്‍ വെളിപ്പെട്ടിരുന്നു. മരിച്ച യുവതിയുടെ മാതാപിതാക്കളുടെ സമ്മര്‍ദത്താലാണ് ഇക്കാര്യം പുറത്തറിയിക്കാന്‍ ഇപ്പോള്‍ എന്‍എച്ച്‌കെ അധികൃതര്‍ നിര്‍ബന്ധിതരായത്. ജപ്പാനില്‍ അമിത ജോലിയെത്തുടര്‍ന്നുണ്ടാവുന്ന മരണങ്ങള്‍ സംബന്ധിച്ചുള്ള ചര്‍ച്ച വീണ്ടും ഉയരുന്നതിനിടെയാണ് എന്‍എച്ച്‌കെയുടെ പുതിയ വെളിപ്പെടുത്തല്‍. 2013ല്‍ ജപ്പാന്‍ പൊതുതിരഞ്ഞെടുപ്പിനും പാര്‍ലമെന്റിന്റെ ഉപരിസഭയിലെ വോട്ടെടുപ്പിനും മുന്നോടിയായാണ് മിവ സാദോക്ക് 159 മണിക്കൂറോളം അധിക ജോലി ചെയ്യേണ്ടിവന്നത്. ഉപരിസഭയിലെ വോട്ടെടുപ്പു കഴിഞ്ഞ് മൂന്നു ദിവസത്തിനു ശേഷമായിരുന്നു സാദോയുടെ മരണം. കമ്പനികളിലെ ജോലിഭാരത്തെത്തുടര്‍ന്നുള്ള മരണങ്ങളും ആത്മഹത്യകളും സംബന്ധിച്ച വാര്‍ത്തകള്‍ എന്‍എച്ച്‌കെ മുന്‍പ്് പുറത്തുവിട്ടിട്ടുണ്ട്.
Next Story

RELATED STORIES

Share it