kozhikode local

മാധ്യമപ്രവര്‍ത്തകന് മര്‍ദ്ദനം: ഏഴ് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കോഴിക്കോട്: മുതലക്കുളം മൈതാനിയില്‍ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ പങ്കെടുത്ത പൊതുയോഗം റിപോര്‍ട് ചെയ്യുന്നതിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ ഏഴ് പേര്‍ അറസ്റ്റില്‍. സിപിഎം പ്രവര്‍ത്തകരും പുതിയങ്ങാടി സ്വദേശികളുമായ രാജന്‍, കുട്ടന്‍, ഗോവിന്ദപുരം സ്വദേശികളായ ബവിന്‍, വിജയ ചന്ദ്രന്‍, കോങ്ങോട് ബീച്ച് സ്വദേശികളായ മുഹമ്മദ് അമീന്‍, സതീഷ്, സി പി ഹര്‍കിഷന്‍ സു ര്‍ജിത്ത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇവരെ പോലിസ് സ്‌റ്റേഷനില്‍ നിന്ന് തന്നെ ജാമ്യത്തില്‍ വിട്ടു. നാലു പേരെ കൂടി പിടികൂടാനുണ്ട്. അനുമതിയില്ലാതെ പരിപാടി സംഘടിപ്പിച്ചതിന് പോലിസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും. അഞ്ഞൂറോളം പേരുടെ പേരില്‍ കസബ പോലിസ് കേസെടുത്തു.
ഇഎംഎസ്- എകെജി ദിനാചാരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പൊതുയോഗത്തില്‍ പിണറായി വിജയന്‍ സംസാരിച്ചു കഴിഞ്ഞ ശേഷം രാത്രി എട്ടോടെയായിരുന്നു സംഭവം. സദസ്സിനെ വീഡിയോയില്‍ പകര്‍ത്തുകയായിരുന്ന ഏഷ്യാനെറ്റ് ന്യൂസ് റിപോര്‍ട്ടര്‍ അനുമോദ്, കാമറമാന്‍ അരവിന്ദിന്‍ എന്നിരെയാണ് കൈയേറ്റം ചെയ്തത്.

കെയുഡബ്ല്യൂജെ പ്രകടനം നടത്തി
കോഴിക്കോട്: പിണറായി വിജയന്‍ പങ്കെടുത്ത സിപിഎം പൊതുയോഗം റിപോര്‍ട്ട് ചെയ്യാനെത്തിയ ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ അനുമോദ്, ക്യാമറാമാന്‍ അരവിന്ദ് എന്നിവരെ മര്‍ദ്ദിച്ചവര്‍ക്കെതിരെ കര്‍ക്കശ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പത്രപ്രവര്‍ത്തക യൂനിയന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. തുടര്‍ന്ന് കിഡ്‌സണ്‍ കോര്‍ണറില്‍ ചേര്‍ന്ന പ്രതിഷേധയോഗം യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് പി എ അബ്ദുള്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവര്‍ത്തകരെ ഒരു പ്രകോപനവുമില്ലാതെ മര്‍ദ്ദിച്ചവശരാക്കിയവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാത്തപക്ഷം ശക്തമായി പ്രതികരിക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് കമാല്‍ വരദൂര്‍ അ—ധ്യക്ഷനായിരുന്നു. സെക്രട്ടറി എന്‍ രാജേഷ്, ഷാജഹാന്‍, ഷുക്കൂര്‍, കെ ബാലകൃഷ്ണന്‍, യൂനിയന്‍ ട്രഷറര്‍ വിപുല്‍നാഥ് സംസാരിച്ചു.
Next Story

RELATED STORIES

Share it