thiruvananthapuram local

മാധ്യമപ്രവര്‍ത്തകന് എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദനം; കാമറ തകര്‍ത്തു

കൊല്ലം: കേരള സര്‍വകലാശാല യുവജനോല്‍സവത്തിനിടെ കേരളകൗമുദി ഫോട്ടോഗ്രാഫര്‍ എംഎസ് ശ്രീധര്‍ലാലിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചു. കാമറയും തല്ലിത്തകര്‍ത്തു.
വേദിയില്‍ കുഴഞ്ഞ് വീണ മല്‍സരാര്‍ഥിയുടെ ചിത്രം എടുക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അക്രമം. യുവജനോല്‍സവത്തിന്റെ മൂന്നാമത്തെ വേദിയായ കൊല്ലം ഫാത്തിമാ മാതാ കോളജ് ഓഡിറ്റോറിയത്തില്‍ ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. വേദിയില്‍ കുഴഞ്ഞു വീണ മല്‍സരാര്‍ഥിയുടെ ചിത്രം എടുക്കാന്‍ ശ്രമിക്കവെ സംഘാടകരായ മൂന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. വേദിക്ക് പുറത്ത് നിന്ന് മല്‍സരങ്ങളുടെ മാത്രം ചിത്രമെടുത്താല്‍ മതിയെന്നും ഉള്ളിലേക്ക് കടക്കേണ്ടെന്നും പറഞ്ഞായിരുന്നു മര്‍ദനം. തടയാന്‍ ശ്രമിച്ച മറ്റ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും കൈയേറ്റ ശ്രമം ഉണ്ടായി.
മര്‍ദനമേറ്റ് അവശനായെങ്കിലും സംഭവം വീണ്ടും ചിത്രീകരിക്കാന്‍ ശ്രമിക്കവെ കാമറ പിടിച്ചുവാങ്ങി നിലത്തെറിഞ്ഞ് തകര്‍ത്തു. ഇതിനിടെ കൂടുതല്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വേദിയിലേക്ക് ഇരച്ചുകയറി അസഭ്യവര്‍ഷവും നടത്തി. സംഭവം നടക്കുമ്പോള്‍ വേദിക്കരികെ പോലിസുകാരുണ്ടായിരുന്നെങ്കിലും ആദ്യം നിഷ്‌ക്രിയമായി നോക്കിനില്‍ക്കുകയായിരുന്നു. കൂടുതല്‍ പോലിസ് സംഘം സ്ഥലത്തെത്തിയതോടെ അക്രമി സംഘം കടന്നുകളഞ്ഞു. പരിക്കേറ്റ ശ്രീധര്‍ലാല്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ്. കൊല്ലം ഈസ്റ്റ് പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Next Story

RELATED STORIES

Share it