Pathanamthitta local

മാധ്യമപ്രവര്‍ത്തകന്‍ ചമഞ്ഞ് ദര്‍ശനത്തിന് സൗകര്യമൊരുക്കിയ ആള്‍ പിടിയില്‍

ശബരിമല: ഇതര സംസ്ഥാന മാധ്യമസ്ഥാപനത്തിന്റെ വ്യാജ ഐഡി കാര്‍ഡ് ഉപയോഗിച്ച് സന്നിധാനത്ത് സ്വാമിമാര്‍ക്ക് ദര്‍ശനസൗകര്യം ഒരുക്കി നല്‍കിയിരുന്നയാള്‍ ദേവസ്വം വിജിലന്‍സിന്റെ പിടിയിലായി. ഹൈദരാബാദ് ആസ്ഥാനമായ ഒരു പ്രസിദ്ധീകരണശാലയുടെ ഓഫീസ് അസിസ്റ്റന്റ് ആര്‍ രാജന്‍ ആണ് പിടിയിലായത്. തെലുങ്ക് മാധ്യമത്തിന്റെ പേരില്‍ സന്നിധാനത്തെ മീഡിയ സെന്ററിലെ മുറിയിലാണ് ഇയാള്‍ താമസിച്ചിരുന്നത്. ഇയാള്‍ക്ക് ആ മുറിയില്‍ തന്നെയുള്ള മറ്റൊരാള്‍ വ്യാജ ഐഡി കാര്‍ഡ് നിര്‍മിച്ച് നല്‍കിയെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. അനധികൃതമായി രാജന്‍ ഭക്തര്‍ക്ക് ദര്‍ശന സൗകര്യമൊരുക്കി പണം സംമ്പാദിച്ചെന്ന് വിജിലന്‍സ് പോലീസിന് കൈമാറിയ റിപോര്‍ട്ടില്‍ പറയുന്നു. രാജന്‍ താമസിച്ചിരുന്ന മുറിയില്‍നിന്ന് 20 പായ്ക്കറ്റ് സിഗരറ്റ്, 19,849 രൂപ എന്നിവ പിടിച്ചെടുത്തു. രാജനൊപ്പം ഉള്ളയാള്‍ തെലുങ്ക് മാധ്യമസ്ഥാപനത്തിന്റെ പ്രതിനിധിയാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഇയാളുടെ ചിത്രം പതിച്ച ദേവസ്വം ബോര്‍ഡിന്റെ നിരവധി ഐഡി കാര്‍ഡുകളും മുറിയില്‍നിന്ന് കണ്ടെത്തി. രാജനേയും മാധ്യമത്തിന്റെ പേരില്‍ മുറിയെടുത്ത ആളെക്കുറിച്ചും വിശദമായ അന്വേഷണം ആവശ്യപ്പെട്ട് റിപോര്‍ട്ട് വിജിലന്‍സ് ഓഫീസര്‍ കെ എല്‍ സജിമോന്‍ പോലീസിന് കൈമാറി. അസിസ്റ്റന്റ് വിജിലന്‍സ് ഓഫീസര്‍ അഖില്‍ ജി നായര്‍, ചീഫ് സെക്യൂരിറ്റി ഓഫീസര്‍ സുരേഷ്, ബാബു റെയ്ഡിന് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it