malappuram local

മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

തിരൂര്‍: കാശ്മീരില്‍ എട്ടു വയസ്സുകാരിയെ കൂട്ടബലാല്‍സംഗം ചെയ്തു കൊന്ന സംഭവത്തില്‍ നടന്ന ജനകീയ  ഹര്‍ത്താലിനിടെ മാധ്യമ പ്രവര്‍ത്തകനെ ആക്രമിച്ച കേസില്‍ രണ്ട് പേരെ തിരൂര്‍ പോലിസ് അറസ്റ്റു ചെയ്തു. ചെറിയമുണ്ടം ബംഗ്ലാം കുന്നില്‍ മൊയ്തീന്‍ കുട്ടിയുടെ മകന്‍ ഷെഫീഖ് (25),  പയ്യനങ്ങാടി തടത്തില്‍ പറമ്പില്‍ അബ്ദുള്‍ ഖാദറിന്റെ മകന്‍ ബഷീര്‍ (48) എന്നിവരെയാണ് തിരൂര്‍ എസ്‌ഐ സുമേഷ് സുധാകര്‍ അറസ്റ്റു ചെയ്തത്.
ഷഫീഖ് കേസിലെ മുഖ്യപ്രതിയാണെന്ന് പോലിസ് പറഞ്ഞു. ഹര്‍ത്താല്‍ ദിനത്തില്‍ ഹര്‍ത്താല്‍ അനുകൂലികള്‍പയ്യനങ്ങാടിയില്‍ വെച്ച് കെഎസ്ആര്‍ടിസി ബസ് ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ തടയുകയും അക്രമം നടത്തുകയും ചെയ്യുന്നത് ചിത്രീകരിച്ച പ്രാദേശിക കേബിള്‍ ചാനലായ ടിസിവിയിലെ ക്യാമറാമാന്‍ അതുലിനെ ഒരു സംഘംആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് അതുലിന്റെ പരാതിയില്‍ തിരൂര്‍ പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രതികള്‍ക്കെതിരെ പോലിസ് സ്‌റ്റേഷന്‍ ആക്രമണം, പയ്യനങ്ങാടിയില്‍ വെച്ച് മജിസ്‌ട്രേറ്റിനെ കയ്യേറ്റം ചെയ്യല്‍, പ്രകടനം നടത്തല്‍, പോക്‌സോ ആക്ട് തുടങ്ങിയ കേസുകളിലും അറസ്റ്റ് രേഖപ്പെടുത്തി. നേരത്തെ അറസ്റ്റു ചെയ്ത ബഷീറിനെ കഴിഞ്ഞ ദിവസം  റിമാന്റ് ചെയ്തിരുന്നു.
കേസിനെ തുടര്‍ന്ന് ഒളിവിലായിരുന്ന ഷഫീഖിനെ വ്യാഴാഴ്ച വൈകിട്ടോടെയാണ് പിടികൂടിയത്. വെള്ളിയാഴ്ച തിരൂര്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 15 ദിവസത്തേക്ക് റിമാന്റ് ചെയ്തു. കേസിലെ മറ്റു പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പോലിസ് അറിയിച്ചു.
Next Story

RELATED STORIES

Share it