kozhikode local

മാധ്യമപ്രവര്‍ത്തകനെ അക്രമിച്ച സംഭവം : മയക്കുമരുന്ന് മാഫിയയുമായി പോലിസ് ഒത്തുകളിക്കുന്നെന്ന്



കോഴിക്കോട്: മയക്കുമരുന്ന് ആരോപണം തുടര്‍ന്ന് കോളജ് ക്യാംപസിലുണ്ടായ സംഘ ര്‍ഷത്തില്‍ വധശ്രമത്തിനെ തിരേ  കേസെടുത്ത പോലിസ് മാധ്യമപ്രവര്‍ത്തകനെ അക്രമിച്ച കേസില്‍ നിസാര വകുപ്പ് ചുമത്തുന്നത് മാഫിയയുമായുള്ള ഒത്തുകളിയുടെ ഭാഗമെന്ന ആക്ഷേപം ശക്തമാകുന്നു. മാസങ്ങള്‍ക്ക് മുമ്പ്് ഗുരുവായുരപ്പന്‍ കോളജില്‍ നടന്ന സംഘര്‍ഷത്തില്‍ പ്രതി ചേര്‍തവര്‍ക്കെതിരേ പോലിസ് വധശ്രമത്തിന് കേസെടുത്തിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം വാര്‍ത്ത റിപോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകനെ അതിക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പോലിസ് നിസാര വകുപ്പാണ് ചുമത്തിയത്. ബിരുദ വിദ്യാര്‍ഥി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം റിപോര്‍ട്ട് ചെയ്യാനെത്തിയ മലയാള മനോരമ ലേഖകന്‍ ടി ഡി ദിലീപിനെ സംഘം ചേര്‍ന്ന് മര്‍ദിച്ച കേസില്‍ പോലിസും ക്രിമിനല്‍ സംഘവും ഒത്തുകളിച്ച് ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയത്. രണ്ടു കേസിലും പോലിസ് സ്വീകരിച്ച വ്യത്യസ്ഥ നിലപാട് പോലിസിന്റെ ഇരട്ടത്താപ്പിനെ തുറന്ന് കാട്ടുന്നതാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. മയക്കുമരുന്ന് ക്രിമിനല്‍ സംഘത്തിന്റെ മര്‍ദനത്തില്‍ ജനനേന്ദ്രീയത്തിന് ക്ഷതമേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ദിലീപില്‍ നിന്ന് യഥാസമയം മൊഴി രേഖപ്പെടുത്താന്‍ പോലും പോലിസ് ശ്രമിച്ചില്ല. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളജ് പോലിസ് അറസ്റ്റ് ചെയ്ത നല്ലളം എണത്തില്‍കാവില്‍ വിജേഷ് ലാ ല്‍(36), അരക്കിണര്‍ ഫാത്തിമാ നിവാസില്‍ അസ്‌കര്‍ (39) എന്നിവരെ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. എന്നാല്‍ ജൂലൈയില്‍ ഗുരുവായൂരപ്പന്‍ കോളജില്‍ വിദ്യാര്‍ഥിള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് സീരിയല്‍ താരം അതുല്‍ ശ്രീവ ഉള്‍പ്പെടെ നാലുപേരെ പോലിസ് അറസ്റ്റ് ചെയ്തത് വധശ്രമമുള്‍പ്പെടെ ജാമ്യം ലഭിക്കാത്ത കേസുകള്‍ ചുമത്തിയായിരുന്നു. പ്രിന്‍സിപ്പല്‍ ഔദ്യോഗികമായി പരാതി പോലും നല്‍കാത്ത കേസിലാണ് പാതിരാത്രി അതുലിന്റെ പേരാമ്പ്രയിലെ വീട്ടില്‍ എത്തി കസബ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. വധശ്രമത്തിന് പുറമെ പിടിച്ചുപറി, വാഹന മോഷണം, മയക്കുമരുന്ന് ഉപയോഗം എന്നീ ഗുരുതരമായ വകുപ്പുകളാണ് അന്ന് ചുമത്തിയത്. ഒരു പോലിസ് ഉദ്യോഗസ്ഥന്റെ മകന്‍  എതിര്‍ഭാഗത്ത് ഉള്ളതിനാലാണ് പോലിസ് ഇത്ര ആവേശം കാണിച്ചതെന്ന് ആരോപണമുണ്ടായിരുന്നു. മയക്കുമരുന്ന് ലോബിക്കെതിരായ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്തതെന്നാണ് പോലിസ് അന്ന് അവകാശപ്പെട്ടത്. എന്നാല്‍ മാധ്യമ പ്രവര്‍ത്തകനെ അക്രമിച്ച മയക്കുമരുന്ന് സംഘം ജീവന്‍ അപായപ്പെടുത്താന്‍ ശ്രമിച്ചിട്ടും പോലിസ് നിസാരമായ രീതിയിലാണ് കേസ് കൈകാര്യം ചെയ്യുന്നത്. ദിലീപിന്റെ കൈവശമുള്ള വസ്തുക്കള്‍ അക്രമിസംഘം പിടിച്ചുപറിയ്ക്കുകയും ചെയ്തിരുന്നു. ദിലീപിന്റെ ജനനേന്ദ്രിയം തകര്‍ത്തത് വധശ്രമത്തിന്റെ ഭാഗമായിരുന്നു. ഒരാഴ്ച കഴിഞ്ഞിട്ടും യഥാര്‍ഥ പ്രതികളെ പിടികൂടാനാവാതെ പോലീസ് ബാഹ്യസമ്മര്‍ദത്തിന് അടിപ്പെട്ട് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുമ്പോള്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്താനാണ് മാധ്യമ പ്രവര്‍ത്തകരുടെ തീരുമാനം.
Next Story

RELATED STORIES

Share it