Kollam Local

മാധ്യമപ്രവര്‍ത്തകനു നേരെ ആക്രമണം; കെഎസ്ആര്‍ടിസി കാന്റീന്‍ ജീവനക്കാരന്‍ അറസ്റ്റില്‍

കൊല്ലം: കെഎസ്ആര്‍ടിസി കാന്റീന്‍ പരിസരത്ത് വച്ച് മാധ്യമപ്രവര്‍ത്തകന് നേരെ ആക്രമണം. മീഡിയാവണ്‍ കാമറാമാന്‍ അരുണ്‍ മോഹനാണ്(26) കാന്റീന്‍ ജീവനക്കാരുടെ ആക്രമണത്തിന് ഇരയായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അരുണിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കാന്റീന്‍ ജീവനക്കാരനായ രാഹുലിനെ കൊല്ലം ഈസ്റ്റ് പോലിസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ മൂന്ന് പേര്‍ ഒളിവിലാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ ഇത് രണ്ടാമത്തെ മാധ്യമപ്രവര്‍ത്തകനാണ് നഗരത്തില്‍ വച്ച് ആക്രമിക്കപ്പെടുന്നത്. കഴിഞ്ഞദിവസം രാത്രി പ്രസ്‌ക്ലബ്ബിനു സമീപത്തുവച്ച് ചാനല്‍ റിപോര്‍ട്ടറായ ഉമേഷി(28)നു നേരെയും ആക്രമണം നടന്നിരുന്നു.
ചൊവ്വാഴ്ച രാത്രി 10നാണ് അരുണിന് നേരെ അക്രമണം നടന്നത്. അരുണ്‍ തിരുവനന്തപുരത്തേക്ക് പോകാനായി സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ നിര്‍ത്തിയിടുന്ന കാന്റീന് സമീപം ബസ് കാത്തുനില്‍ക്കുകയായിരുന്നു. ഈ സമയം ആലപ്പുഴ നിന്ന് തിരുവനന്തപുരത്തേക്കുള്ള സൂപ്പര്‍ഫാസ്റ്റ് അവിടെ എത്തിചേര്‍ന്നു. ബസിലുണ്ടായിരുന്ന ഏതാനും യാത്രക്കാര്‍ കാന്റീന് സമീപം ഇറങ്ങിയപ്പോള്‍ അവിടെ മൂത്രമൊഴിച്ചെന്നാക്ഷേപിച്ച് കാന്റീന്‍ ജീവനക്കാര്‍ ചൂലുകൊണ്ട് തല്ലുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്ത കാമറാമാനെ കാന്റീന്‍ ജീവനക്കാര്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചു. ഇരുമ്പുവടികൊണ്ട് തലയ്ക്കടിയേറ്റ അരുണിനെ പോലിസാണ് ആശുപത്രിയിലെത്തിച്ചത്.
തലയ്ക്കടിയേറ്റിട്ടും കുറ്റക്കാരെ രക്ഷിക്കാനാണ് പോലിസ് ശ്രമിച്ചത്. മറിഞ്ഞുവീണ് തല പൊട്ടുകയായിരുന്നുവെന്നായിരുന്നു എസിപി എംഎസ് സന്തോഷ്‌കുമാറിന്റെ വ്യാഖ്യാനം. പിന്നീട് സിറ്റി പോലിസ് കമ്മിഷണര്‍ ഇടപെട്ടാണ് ഗൗരവമേറിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസ് ചാര്‍ജ് ചെയ്തത്.
സംഭവത്തെ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മിറ്റി അപലപിച്ചു. കാന്റീന്റെ ലൈസന്‍സ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യൂനിയന്‍ ജില്ലാ കമ്മിറ്റി കെഎസ്ആര്‍ടിസി എംഡിക്ക് പരാതി നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ നാലിനാണ് പോലിസുകാരെന്ന വ്യാജേന ബൈക്കിലെത്തിയ രണ്ടു പേര്‍ ചാനല്‍ റിപോര്‍ട്ടര്‍ ഉമേഷിനെ ആക്രമിച്ചത്.
രാത്രി പത്തുമണിയോടെ റെയില്‍വേ സ്‌റ്റേഷനിലേക്ക് പോകുകയായിരുന്ന ഉമേഷിനെ ഗുഡ്‌സ് ഷെഡ് പരിസരത്തുവച്ച് തടഞ്ഞു നിര്‍ത്തിയ സംഘം പഴ്‌സും മൊബൈല്‍ഫോണും പരിശോധനയ്‌ക്കെന്ന പേരില്‍ കവര്‍ച്ചക്ക് ശ്രമിക്കുകയായിരുന്നു. സംശയം തോന്നാതിരിക്കാന്‍ ഒരാള്‍ ഫോണിലൂടെ പോലിസ് സ്‌റ്റേഷനുമായി ബന്ധപ്പെടുന്ന രീതിയില്‍ സംസാരിച്ചിരുന്നതായി ഉമേഷ് പറഞ്ഞു.
ഇവരെ തള്ളിമാറ്റിയ ശേഷം ഓടി രക്ഷപ്പെട്ട ഉമേഷ് റെയില്‍വേ പോലിസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തില്‍ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. രാത്രികാലങ്ങളില്‍ റെയില്‍വേ ഗുഡ്‌സ്‌ഷെഡ് പരിസരം കേന്ദ്രീകരിച്ച് സാമൂഹിക വിരുദ്ധ ശല്യം വര്‍ധിക്കുന്നതായ ആക്ഷേപം ശക്തമായിരിക്കുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തനു നേരെയും ആക്രമണ ശ്രമമുണ്ടായത്.
Next Story

RELATED STORIES

Share it