Kollam Local

മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനുള്ള ശ്രമങ്ങളെ നേരിടണം: വി എം സുധീരന്‍



കൊല്ലം: മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനുള്ള ശ്രമങ്ങളെ നേരിടണമെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് വി എം  സുധീരന്‍. ഏകാധിപത്യ മനോഭാവമുള്ളവരാണ് മാധ്യമങ്ങളെ നിയന്ത്രിക്കാനും സ്വാതന്ത്ര്യം പരിമിതപ്പെടുത്താനും ശ്രമിക്കുന്നതെന്നും അദ്ദേഹം.കൊല്ലം പ്രസ്‌ക്ലബ് സംഘടിപ്പിച്ച മാധ്യമപ്രവര്‍ത്തകന്‍ വി ലക്ഷമണന്റെ അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധീരന്‍. ജനാധിപത്യ സംവിധാനത്തില്‍ മാധ്യമങ്ങളുടെ പങ്ക് വലുതാണ്. വലിയ വെല്ലുവിളികളാണ് ഇപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്നത്.പാര്‍ലമെന്റിലെ ഇരുസഭകളുടേയും നിയമസഭകളുടേയും ചര്‍ച്ചകള്‍ പലപ്പോഴും നടന്നത് മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ്. രാജ്യത്ത് അതിനിര്‍ണായകമായ ശക്തി തന്നെയാണ് മാധ്യമങ്ങള്‍. ജനങ്ങളുടെ അറിയാനുള്ള അവകാശമാണ് മാധ്യമങ്ങള്‍ നിര്‍വഹിക്കുന്നത്. മുന്‍കാല മാധ്യമ പ്രവര്‍ത്തനത്തില്‍ നിന്നും വ്യത്യസ്തമായി മല്‍സരാധിഷ്ടിതമായ ആധുനികകാലത്ത് മാധ്യമങ്ങള്‍ സംഭവങ്ങളുടെ നിജസ്ഥിതിയറിയാതെയാണ് റിപോര്‍ട്ടുകള്‍ നല്‍കുന്നത്.പഴയ കാലത്ത് മുകളില്‍ നിന്നും താഴെത്തട്ടു വരെയുള്ള രാഷ്ട്രീയനേതാക്കളും പ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തിയ ശേഷമായിരുന്നു വാര്‍ത്തകള്‍ നല്‍കിയിരുന്നത് മാറിക്കഴിഞ്ഞു. വാര്‍ത്തയുടെ വസ്തുതകളും നിജസ്ഥിതിയും മനസിലാക്കാതെയാണ് പലപ്പോഴും വാര്‍ത്തകള്‍ വരുന്നത്. ഇതിന് മാധ്യമപ്രവര്‍ത്തകരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. കാരണം കാത്തിരിപ്പിന് സമയമില്ലെന്നതാണ്. സത്യത്തെ നിഷേ ധിക്കാതിരിക്കാന്‍ മാധ്യമങ്ങള്‍ ജാഗ്രത കാട്ടണമെന്നും അദ്ദേഹം പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് ജയചന്ദ്രന്‍ ഇലങ്കത്ത് അധ്യക്ഷനായിരുന്നു. കേരളാ മീഡിയാ അക്കാദമി ചെയര്‍മാന്‍ ആര്‍എസ് ബാബു അനുസ്മരണപ്രഭാഷണം നടത്തി. വി ലക്ഷ്മ ണന്‍ സ്മാരക ജേണലിസം അവാര്‍ഡ് എം ഔസിന് സുധീരന്‍ സമ്മാനിച്ചു. പ്രസ്‌ക്ലബ് സെക്രട്ടറി ജി ബിജു, ട്രഷറര്‍ പ്രദീപ് ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it