മാധ്യമങ്ങള്‍ക്കെതിരേ വിമര്‍ശനവുമായി മന്ത്രി അലിയുടെ ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിനെതിരേ നിയമസഭയില്‍ നടത്തിയ അഭിപ്രായപ്രകടനം വിവാദമായ പശ്ചാത്തലത്തില്‍ നിലപാടു വ്യക്തമാക്കി മന്ത്രി മഞ്ഞളാംകുഴി അലിയുടെ ഫേസ്ബുക്ക് പോസ്റ്റ്. മാധ്യമങ്ങള്‍ക്കെതിരായ രൂക്ഷവിമര്‍ശനങ്ങളാണ് പോസ്റ്റില്‍ ഉടനീളമുള്ളത്.
ഉദ്യോഗസ്ഥന്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ചാല്‍ വാര്‍ത്തയാണ്. കൃത്യമായി ജോലിചെയ്യാത്ത ഉദ്യോഗസ്ഥനെ സൂക്ഷിച്ചൊന്നു നോക്കിയാല്‍ അത് തൊഴിലാളിവിരുദ്ധമാവുമെന്ന് ഡിജിപിയുടെ പേരു പരാമര്‍ശിക്കാതെ മന്ത്രി അലി ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ സര്‍വീസിലിരുന്ന് സര്‍ക്കാരിനെതിരേ സംസാരിക്കുന്നവരെയാണ് മാധ്യമങ്ങള്‍ക്കു പ്രിയം. നിയമസഭയില്‍ ഒരു ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ വേട്ടയാടുന്നുവെന്ന് പ്രതിപക്ഷ എംഎല്‍എ ഉന്നയിച്ചപ്പോള്‍ പറഞ്ഞ മറുപടിയാണ് ഇപ്പോഴത്തെ ചര്‍ച്ച. മറുപടിയെ അനുകൂലിച്ചും എതിര്‍ത്തും പ്രതികരണങ്ങളുണ്ടായി. രണ്ടിലും സന്തോഷമുണ്ട്. എത്ര പരിഹസിച്ചാലും തന്റെ നിലപാടുകള്‍ മാറ്റേണ്ട സാഹചര്യമില്ല. പാര്‍ട്ടിക്കുള്ളിലെ വിമതരെയും മുന്നണികളില്‍ ഇടഞ്ഞുനില്‍ക്കുന്നവരെയും സര്‍ക്കാര്‍ സര്‍വീസിലിരുന്ന് സര്‍ക്കാരിനെതിരേ ശബ്ദിക്കുന്നവരെയുമാണ് മാധ്യമങ്ങള്‍ക്കു പ്രിയം. ഏതൊരു വ്യക്തിയെയും മഹത്വവല്‍ക്കരിക്കുന്നതിനു മുമ്പ് അവരുടെ സേവനത്തിന്റെ ബാലന്‍സ് ഷീറ്റ് പരിശോധിക്കുന്നതു നല്ലതാണ്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ സര്‍വീസ് രംഗം വട്ടപ്പൂജ്യമാവുമ്പോള്‍ മേലുദ്യോഗസ്ഥരുടെ കണ്ണിലെ കരടാവും. പിന്നെ ജനശ്രദ്ധ ആകര്‍ഷിക്കുന്നതിലാണ് ഇക്കൂട്ടര്‍ക്കു താല്‍പര്യം. അതിന് അഴിമതിവിരുദ്ധ പോരാട്ടമെന്ന കവചമുണ്ടാക്കും. നിലപാടുകളുള്ള ആളാണെന്ന് സ്വയം നടിക്കും. അതാണ് മീഡിയാ മാനേജ്‌മെന്റ്. വാര്‍ത്തകളില്‍ നിറയാനായി ഇല്ലാത്ത ആദര്‍ശം പറയുന്നവര്‍ ഒന്നോര്‍ക്കുക. ജനപ്രതിനിധികള്‍ ഓരോ അഞ്ചുവര്‍ഷവും ജനങ്ങളാല്‍ വിലയിരുത്തപ്പെടുന്നവരാണ്. സുതാര്യമായ ജനാധിപത്യസംവിധാനത്തിന്റെ സൗന്ദര്യമാണത്. എന്നാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ ചിലര്‍ക്ക് ജോലിയില്‍ പ്രവേശിച്ചാല്‍ റിട്ടയര്‍ ചെയ്യുന്നതുവരെ ആരെയും പേടിക്കേണ്ടാ. ചോദിക്കാനും പറയാനും ആളില്ല എന്നൊക്കെയുള്ള തോന്നലുമായാണ് അവര്‍ മുന്നോട്ടുപോവുന്നതെന്നും മന്ത്രി അലി പറയുന്നു.
Next Story

RELATED STORIES

Share it