Flash News

മാധ്യമങ്ങള്‍ക്കു നേരെ നടത്തുന്ന കടന്നാക്രമണം അവസാനിപ്പിക്കണം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ മാധ്യമങ്ങള്‍ക്കു നേരെ നടത്തുന്ന കടന്നാക്രമണം അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതൃഭൂമി ന്യൂസ് ഡെപ്യൂട്ടി എഡിറ്റര്‍ വേണു ബാലകൃഷ്ണനെതിരായ കേസെടുത്ത നടപടി മാധ്യമ സ്വാതന്ത്ര്യത്തിന് എതിരെയുള്ള ഏറ്റവും വലിയ കടന്നുകയറ്റത്തിന്റെ ഉദാഹരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എഫ്.ഐ.ആര്‍ റദ്ദാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശം വേണു ബാലകൃഷ്ണന്‍ നടത്തിയിട്ടില്ല. കേസ് കോടതിയില്‍ നിലനില്‍ക്കില്ല. കേരളത്തിലും ഇന്ത്യയിലും ഭരണാധികാരികള്‍ക്കെതിരെ മാധ്യമ പ്രവര്‍ത്തകര്‍ സംസാരിക്കുന്നത് ഇതാദ്യമായല്ല. 1992 നു ശേഷമുള്ള കണക്കെടുത്തു നോക്കുകയാണെങ്കില്‍ ഗൗരി ലങ്കേഷും റൈസിങ് കശ്മീര്‍ എഡിറ്റര്‍ ഷൂജാത് ബുഖാരിയും ഉള്‍പ്പെടെ ഇരുപത്തഞ്ചോളം മാധ്യമപ്രവര്‍ത്തര്‍ ഇന്ത്യയില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇത് ലോകത്തിനു മുന്നില്‍ തലതാഴ്ത്തി നില്‍ക്കാന്‍ രാജ്യത്തെ നിര്‍ബന്ധിതമാക്കി  അദ്ദേഹം പറഞ്ഞു.വിമര്‍ശനം ഉയര്‍ന്നാല്‍ അതില്‍ കാമ്പുണ്ടോ എന്ന് പരിശോധിക്കുകയാണ് വേണ്ടത്. അല്ലാതെ അസഹിഷ്ണുത പ്രകടിപ്പിക്കുകയല്ല. ഇത്തരം അസഹിഷ്ണുത പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it