മാധ്യമങ്ങളോട് പ്രതികരിച്ചതിന് ജേക്കബ് തോമസിനോട് വിശദീകരണം തേടും; സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയെന്ന് മന്ത്രിസഭായോഗം

സ്വന്തം പ്രതിനിധി

തിരുവനന്തപുരം: അഗ്നിശമന സേനാ മേധാവി സ്ഥാനത്തുനിന്നു മാറ്റിയതിനെക്കുറിച്ച് മാധ്യമങ്ങളോടു സംസാരിച്ച ഡിജിപി ജേക്കബ് തോമസിനോട് സര്‍ക്കാര്‍ വിശദീകരണം തേടും. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് പരസ്യപ്രതികരണത്തിന്റെ പേരില്‍ വിശദീകരണം ചോദിക്കാന്‍ തീരുമാനിച്ചത്.
സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അനുസരിക്കാത്ത ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരേയും മന്ത്രിസഭയില്‍ രൂക്ഷവിമര്‍ശനമുണ്ടായി. ജേക്കബ് തോമസ് ഐപിഎസ് ഉദ്യോസ്ഥരുടെ സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചോയെന്നു പരിശോധിച്ച് റിപോര്‍ട്ട് നല്‍കാ ന്‍ ചീഫ് സെക്രട്ടറി ജിജി തോംസണെ ചുമതലപ്പെടുത്തി. അനുമതിയില്ലാതെ മാധ്യമങ്ങളോടു സംസാരിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന രീതിയിലാണു പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രിസഭായോഗം വിലയിരുത്തി. ഫഌറ്റ് മാഫിയ മന്ത്രിമാരെ സ്വാധീനിച്ചുവെന്ന ജേക്കബ് തോമസിന്റെ പ്രതികരണം ഗൗരവത്തിലെടുക്കണമെന്ന് മന്ത്രി മഞ്ഞളാംകുഴി അലി യോഗത്തില്‍ ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ബാധ്യസ്ഥനായ ഉദ്യോഗസ്ഥന്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് ഉചിതമല്ലെന്നും നടപടി വേണമെന്നും ആവശ്യമുണ്ടായി. ജേക്കബ് തോമസില്‍ നിന്നു വിശദീകരണം തേടണമെന്ന നിര്‍ദേശത്തില്‍ മന്ത്രിമാര്‍ എല്ലാവരും യോജിച്ചു.
അഗ്നിശമന സേനാ മേധാവിയായിരിക്കെ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്തു മാത്രമാണ് താന്‍ പ്രവര്‍ത്തിച്ചതെന്നും അനാവശ്യ സര്‍ക്കുലറുകളൊന്നും ഇറക്കിയിട്ടില്ലെന്നും കഴിഞ്ഞദിവസം ജേക്കബ് തോമസ് മാധ്യമങ്ങളോടു പ്രതികരിച്ചിരുന്നു. ഫഌറ്റുകള്‍ക്കു മാത്രമല്ല ഷോപ്പിങ് കോംപ്ലക്‌സുകള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍ എന്നിവയ്ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്.
പൊതുജനങ്ങള്‍ ഒത്തുകൂടുന്ന സ്ഥലങ്ങളില്‍ സുരക്ഷ ഒരുക്കേണ്ടത് തന്റെ ചുമതലയായിരുന്നു. സുരക്ഷാചട്ടങ്ങ ള്‍ ലംഘിച്ച കെട്ടിടങ്ങള്‍ക്കെതിരേ തുടര്‍നടപടികള്‍ എടുക്കുന്നതിനു മുമ്പേ സ്ഥാനമാറ്റമുണ്ടായെന്നുമാണ് ജേക്കബ് തോമസ് മാധ്യമങ്ങളോടു പറഞ്ഞത്.
ചട്ടം ലംഘിച്ച് സംസ്ഥാനത്തു നിര്‍മിച്ച ബഹുനില കെട്ടിടങ്ങള്‍ക്കെതിരേ നടപടി ആരംഭിച്ചതോടെയാണ് ജേക്കബ് തോമസിനെ സര്‍ക്കാര്‍ അഗ്നിശമന സേനാ മേധാവി സ്ഥാനത്തു നിന്നു മാറ്റിയത്.
കേരളാ പോലിസ് ഹൗസിങ് ആന്റ് കണ്‍സ്ട്രക്ഷന്‍സ് കോ ര്‍പറേഷന്‍ (കെപിഎച്ച്‌സിസി) എംഡിയായി കഴിഞ്ഞ തിങ്കളാഴ്ചയാണ് ജേക്കബ് തോമസ് ചുമതലയേറ്റത്. ഇവിടേക്ക് സ്ഥലംമാറ്റിയപ്പോള്‍ ഇദ്ദേഹത്തിന് എംഡി പദവി മാത്രം നല്‍കി വീണ്ടും തരംതാഴ്ത്തിയതായും ആരോപണമുയര്‍ന്നിരുന്നു. നേരത്തെ തല്‍സ്ഥാനത്തുണ്ടായിരുന്ന എഡിജിപി അനില്‍ കാന്തിന് എംഡിയുടെയും ചെയര്‍മാന്റെയും അധികാരമുണ്ടായിരുന്നു. എന്നാ ല്‍, ഇത് ഉത്തരവിലെ പിശകു മാത്രമാണെന്നും പുതിയ ഉത്തരവിറക്കുമെന്നും ആഭ്യന്തരവകുപ്പ് പിന്നീട് വിശദീകരിച്ചിരുന്നു.
മുമ്പ് ധനമന്ത്രി കെ എം മാണി ഉള്‍പ്പെട്ട ബാര്‍ കോഴ കേസ് അന്വേഷിച്ച വിജിലന്‍സ് അന്വേഷണ സംഘത്തിന്റെ തലവനായിരുന്നു ജേക്കബ് തോമസ്. എഡിജിപിയായിരുന്ന ജേക്കബ് തോമസിനെ ബാര്‍ കോഴ കേസിലെ അന്വേഷണത്തിനിടെ സ്ഥാനക്കയറ്റം നല്‍കിയാണ് അഗ്നിശമന സേനയുടെ മേധാവിയാക്കിയത്. തുടര്‍ന്ന് എഡിജിപി റാങ്കിലുള്ളയാള്‍ മേധാവിയായിരുന്ന സ്ഥാനത്ത് ഡിജിപി റാങ്കുള്ള ജേക്കബ് തോമസിനെ നിയമിച്ചതു വിവാദമായിരുന്നു.
സുപ്രധാന പദവികളിലൊന്നും ജേക്കബ് തോമസിനെ അധികനാള്‍ ഇരുത്തിയിട്ടില്ലെന്നും വിമര്‍ശനമുണ്ട്. രണ്ടു വര്‍ഷത്തിനിടെ അഞ്ചു സ്ഥലംമാറ്റമാണ് ജേക്കബ് തോമസിനുണ്ടായത്.
Next Story

RELATED STORIES

Share it