മാധ്യമങ്ങളോടുള്ള പ്രതികരണം; ജേക്കബ് തോമസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി

തിരുവനന്തപുരം: ഫയര്‍ഫോഴ്‌സ് മേധാവി സ്ഥാനത്തുനിന്നു മാറ്റിയതു സംബന്ധിച്ച് മാധ്യമങ്ങളോട് സംസാരിച്ചതിനു ഡിജിപി ജേക്കബ് തോമസിന് ചീഫ് സെക്രട്ടറി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ജേക്കബ് തോമസിനു വാര്‍ത്താസമ്മേളനം നടത്താനുള്ള ആവശ്യവും ചീഫ് സെക്രട്ടറി തള്ളി. മുഖ്യമന്ത്രിക്കെതിരേ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചതിന് 15 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്നു കാണിച്ചാണ് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ നോട്ടീസ് നല്‍കിയത്.

ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം പരസ്യ പ്രതികരണത്തിന്റെ പേരില്‍ ജേക്കബ് തോമസിനോട് വിശദീകരണം തേടാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് നല്‍കിയത്. മന്ത്രിസഭാ തീരുമാനത്തില്‍ തന്റെ ഭാഗം വിശദീകരിക്കുന്നതിനാണ് കഴിഞ്ഞ ദിവസം ജേക്കബ് തോമസ് വാര്‍ത്താസമ്മേളനം നടത്താന്‍ അനുമതി ആവശ്യപ്പെട്ടത്. എന്നാല്‍, ചീഫ് സെക്രട്ടറി ആവശ്യം തള്ളുകയായിരുന്നു.
അഗ്നിശമനസേനാ മേധാവിയായിരിക്കെ ജനങ്ങളുടെ സുരക്ഷയെ കരുതി മാത്രമാണ് താന്‍ പ്രവര്‍ത്തിച്ചതെന്നും അനാവശ്യ സര്‍ക്കുലറുകളൊന്നും ഇറക്കിയിട്ടില്ലെന്നുമായിരുന്നു ജേക്കബ് തോമസിന്റെ പ്രതികരണം. സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ച കെട്ടിടങ്ങള്‍ക്കെതിരേ തുടര്‍നടപടികള്‍ എടുക്കുന്നതിനു മുമ്പേ സ്ഥാനമാറ്റമുണ്ടായെന്നും മറ്റുമുള്ള ജേക്കബ് തോമസിന്റെ പ്രതികരണമാണ് സര്‍ക്കാരിനെ ചൊടിപ്പിച്ചതും നടപടിക്കു പ്രേരിപ്പിച്ചതും.
അതേസമയം, സര്‍ക്കാരിനെതിരേയുള്ള പ്രസ്താവനയുമായി കഴിഞ്ഞ ദിവസം ജേക്കബ് തോമസ് വീണ്ടും രംഗത്തെത്തി. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് തുടരാന്‍ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍, രാഷ്ട്രീയക്കാരെ കണ്ട് ഈ ആവശ്യം ഉന്നയിച്ചാല്‍ മാത്രമേ കാര്യം നടക്കുകയുള്ളൂ.
അങ്ങനെ പറഞ്ഞാല്‍ തന്റെ ഭാഗം ദുര്‍ബലമാകും. ഓണ്‍ലൈന്‍ ലോട്ടറിക്കെതിരേ പരിശോധന നടത്തി 200 കോടിയുടെ തട്ടിപ്പു കണ്ടെത്തിയയാളെ മാറ്റിയത് ആരുടെ താല്‍പര്യപ്രകാരമാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ എന്നും ജേക്കബ് തോമസ് കഴിഞ്ഞ ദിവസം ഒരു പൊതുപരിപാടിയില്‍ പറഞ്ഞു
Next Story

RELATED STORIES

Share it