മാധ്യമങ്ങളെ ആര്‍ക്കും തടയാനാവില്ല: ജസ്റ്റിസ് ആര്‍ ബസന്ത്

കാസര്‍കോട്: നിയമം എന്നത് ഏറ്റവും സാധാരണക്കാരനായ വ്യക്തിക്കും പ്രാപ്യമാകേണ്ടതും ബാധകമാവേണ്ടതുമായ കാര്യമാണെന്നും മാധ്യമ ധര്‍മവും അപ്രകാരം തന്നെയാണെന്നും ഹൈക്കോടതി മുന്‍ ജഡ്ജിയും രണ്ടാം ദേശീയ ജുഡീഷ്യല്‍ ശമ്പള കമ്മീഷന്‍ അംഗവുമായ ജസ്റ്റിസ് ആര്‍ ബസന്ത്. കാസര്‍കോട് സബ് കോടതിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 'ജനാധിപത്യത്തില്‍ മാധ്യമങ്ങളുടെ പങ്ക്' എന്ന വിഷയത്തില്‍ നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കോടതിമുറികളില്‍ നടക്കുന്ന വിവരം ലോകത്തെ അറിയിക്കാന്‍ മാധ്യമങ്ങള്‍ക്ക് ബാധ്യതയുണ്ട്. കോടതിമുറിക്കകത്ത് എല്ലാവര്‍ക്കും പ്രവേശനമുണ്ട്.  ആര്‍ക്കും ആരെയും തടഞ്ഞുനിര്‍ത്താനാവില്ല. ജനാധിപത്യത്തിന്റെ നാലാം തൂണാണ് മാധ്യമങ്ങള്‍. ഭയരഹിത മാധ്യമപ്രവര്‍ത്തനമാണ് ഇന്നിന്റെ ആവശ്യം. സുപ്രിംകോടതി ചീഫ് ജസ്റ്റിസ് കേരള ഹൈക്കോടതിയില്‍ പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ ഇത് റിപോര്‍ട്ട് ചെയ്യാന്‍ പോലും മാധ്യമപ്രവര്‍ത്തകര്‍ എത്തിയില്ല. ഇതില്‍ അദ്ദേഹം ആശ്ചര്യം പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം സോളാര്‍ കേസുമായി ബന്ധപ്പെട്ട റിപോര്‍ട്ടുകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്ന കോടതിവിധിയെയും അദ്ദേഹം ചോദ്യംചെയ്തു. ലോകത്ത് നടക്കുന്ന കാര്യങ്ങള്‍ ജനങ്ങളെ അറിയിക്കാന്‍ മാധ്യമങ്ങള്‍ക്ക് ബാധ്യതയുണ്ട്. ശമ്പളം നല്‍കുന്ന മുതലാളിയുടെ താല്‍പര്യങ്ങള്‍ക്കല്ല ജനതാല്‍പര്യങ്ങള്‍ക്കാണ് മാധ്യമപ്രവര്‍ത്തകര്‍ മുന്‍ഗണന നല്‍കേണ്ടത്. അജണ്ട നിശ്ചയിട്ടുള്ള മാധ്യമപ്രവര്‍ത്തനം ശരിയല്ലെന്നും ജസ്റ്റിസ് ബസന്ത് പറഞ്ഞു.  ജില്ലാ ജഡ്ജി എസ് മനോഹര്‍കിണി അധ്യക്ഷത വഹിച്ചു. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ മുഖ്യാതിഥിയായിരുന്നു. അഡ്വ. സി കെ ശ്രീധരന്‍ മോഡറേറ്ററായിരുന്നു. മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അഡ്വ. ടി ആസഫലി, അഡ്വ. പി എസ് ശ്രീധരന്‍പിള്ള  സംസാരിച്ചു.
Next Story

RELATED STORIES

Share it