മാധ്യമങ്ങളില്‍ ദലിത് എന്ന പദം പ്രസ് കൗണ്‍സില്‍ ഇന്ത്യയുടെ നിര്‍ദേശം തേടും

ന്യൂഡല്‍ഹി: മാധ്യമങ്ങളില്‍ ദലിത് എന്ന വാക്കിന്റെ ഉപയോഗം തടയണമോ എന്ന കാര്യത്തില്‍ വാര്‍ത്താ വിനിമയ പ്രക്ഷേപണകാര്യ മന്ത്രാലയം പ്രസ് കൗണ്‍സില്‍ ഇന്ത്യയുടെ ഉപദേശം തേടും. ഈ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കുന്നതിനുള്ള ചുമതല പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യക്കാണെന്ന് മന്ത്രാലയം ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.
ദലിത് എന്ന വാക്ക് ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് മാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നത് പരിഗണിക്കണമെന്നു കഴിഞ്ഞദിവസം ബോംബെ ഹൈക്കോടതി മന്ത്രാലയത്തോട് നിര്‍ദേശിച്ചിരുന്നു. എല്ലാ സര്‍ക്കാര്‍ രേഖകളില്‍ നിന്നും അറിയിപ്പുകളില്‍ നിന്നും ദലിത് എന്ന വാക്ക് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള പൊതുതാല്‍പര്യ ഹരജി പരിഗണിക്കവേയാണ് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് വാര്‍ത്താ വിതരണ മന്ത്രാലയത്തിനു നിര്‍ദേശം നല്‍കിയത്.
1996 ആഗസ്തിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കായുള്ള പെരുമാറ്റച്ചട്ടത്തില്‍ ജാതി, മതം എന്നിവ തിരിച്ചറിയപ്പെടുന്ന തരത്തിലുള്ള പദപ്രയോഗങ്ങളെക്കുറിച്ച് വിശദമാക്കുന്നുണ്ടെന്നു പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയിലെ ഒരു ഉദ്യോഗസ്ഥന്‍ അറിയിച്ചു.
പട്ടികജാതി എന്ന വാക്കിനാണ് ഭരണഘടനാപരമായ സാധുതയെന്ന് ബോംബെ ഹൈക്കോടതി നിര്‍ദേശത്തില്‍ സൂചിപ്പിക്കുന്നു. ഭരണഘടനാപരമായ നാമം ഔദ്യോഗിക ആശയവിനിമയങ്ങളിലാണ് ഉപയോഗിക്കേണ്ടതെന്നും മാധ്യമങ്ങളും പൊതു സമൂഹവും അത് ഉപയോഗിക്കണമെന്ന് പറയുന്നത് അംഗീകരിക്കാനാവില്ലെന്നും ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ അധ്യാപകന്‍ വിവേക് കുമാര്‍ പറഞ്ഞു. ദലിത് എന്ന പദം ദലിതര്‍ സ്വയം തിരഞ്ഞെടുത്തതാണ്. മറ്റെല്ലാ പദങ്ങളും മറ്റുള്ളവര്‍ അവര്‍ക്ക് ചാര്‍ത്തി നല്‍കിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദലിത് എന്ന പദത്തിനു പകരം പട്ടിക ജാതി എന്ന പദം ഉപയോഗിക്കണമെന്നു മാര്‍ച്ച് 15ന് സാമൂഹികനീതി വകുപ്പ് മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കും സര്‍ക്കുലര്‍ അയച്ചിരുന്നു.
Next Story

RELATED STORIES

Share it