മാധവന്‍ നായര്‍ക്കു പിന്നാലെ രാധാകൃഷ്ണനും ആര്‍എസ്എസ് വേദിയില്‍

ബംഗളൂരു: ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആര്‍ഒ) യുടെ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍ നായര്‍ക്കു പിന്നാലെ അദ്ദേഹത്തിന്റെ പിന്‍ഗാമി കെ രാധാകൃഷ്ണനും ആര്‍എസ്എസ് വേദിയില്‍. ബംഗളൂരുവില്‍ കഴിഞ്ഞദിവസം ആര്‍എസ്എസ് സംഘടിപ്പിച്ച സ്വരഞ്ജലി പരിപാടിയില്‍ മുഖ്യാഥിതി രാധാകൃഷ്ണനായിരുന്നു.
ക്ലാസിക് സംഗീതത്തില്‍ തല്‍പരനായ അദ്ദേഹം ആര്‍എസ്എസ് ബാന്‍ഡില്‍ അവതരിപ്പിച്ച രാഗങ്ങളെ കുറിച്ചു സംസാരിച്ചതിനു പുറമെ സംഘടനയെ പുകഴ്ത്താനും മറന്നില്ല. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഈ മാസമാദ്യത്തില്‍ ആര്‍എസ്എസ് സംഘടിപ്പിച്ച വിശ്വസംഘ ശിബിരത്തില്‍ മുഖ്യാതിഥി ജി മാധവന്‍ നായരായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി സംഘടനയുടെ പല പരിപാടികളിലും അദ്ദേഹം പ്രത്യക്ഷപ്പെടാറുണ്ട്. വിരമിച്ച ശേഷമാണ് ഇരുവരും ആര്‍എസ്എസുമായി പ്രത്യക്ഷ സഹകരണം തുടങ്ങിയത്.
കോടികളുടെ അഴിമതി നടന്നെന്നു സംശയിക്കുന്ന ഐഎസ്ആര്‍ഒ-ദേവാസ് കേസില്‍ കുടുങ്ങുമെന്നു കണ്ടാണ് ഇരുവരും ആര്‍എസ്എസുമായി സഹകരിക്കുന്നതെന്ന് ആരോപണമുണ്ട്. കഴിഞ്ഞ മെയില്‍ കേസന്വേഷണം ഏറ്റെടുത്ത സിബിഐ ഒക്ടോബറില്‍ രാധാകൃഷ്ണനെ ചോദ്യം ചെയ്തിരുന്നു. രാജ്യത്ത് ഉപഗ്രഹാടിസ്ഥാനത്തിലുള്ള മള്‍ട്ടിമീഡിയ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ഐഎസ്ആര്‍ഒ ക്രമവിരുദ്ധമായി കരാറുണ്ടാക്കിയതു വഴി ബംഗളൂരു കേന്ദ്രമായ ദേവാസ് മള്‍ട്ടിമീഡിയക്ക് 578 കോടി രൂപയുടെ നേട്ടമുണ്ടായെന്നാണ് കേസ്.
മാധവന്‍ നായര്‍ ഐഎസ്ആര്‍ഒ ചെയര്‍മാനായിരിക്കെയാണു കരാറുണ്ടാക്കുന്നത്. സുരക്ഷാ ഭീഷണി സൃഷ്ടിക്കുമെന്ന ആശങ്കയെ തുടര്‍ന്ന് ഐഎസ്ആര്‍ഒയുടെ മാര്‍ക്കറ്റിങ് വിഭാഗമായ ആന്‍ട്രിക്‌സ് കോര്‍പറേഷന്‍ കരാറില്‍ നിന്ന് പിന്നീടു പിന്മാറി. ഇതിനെതിരേ ദേവാസ് നിയമനടപടി സ്വീകരിച്ചതോടെ ആന്‍ട്രിക്‌സിന് 4400 കോടി രൂപ പിഴ ചുമത്തപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് മാധവന്‍ നായരെ സിബിഐ ഉടന്‍ ചോദ്യം ചെയ്യുമെന്നാണറിയുന്നത്. രാധാകൃഷ്ണന്‍ ചെയര്‍മാനായ ശേഷമാണ് ദേവാസുമായുള്ള കരാര്‍ റദ്ദാക്കിയത്. വിഷയത്തില്‍ ഇരുവരും തമ്മില്‍ അഭിപ്രായഭിന്നത പ്രകടമായിരുന്നു.
രാജ്യത്തെ ഐക്യപ്പെടുത്തുന്നതിനും പുരാതന ഇന്ത്യന്‍ ശാസ്ത്രം ജനകീയമാക്കുന്നതിനും ആര്‍എസ്എസ് ശ്രമിക്കുന്നുവെന്നാണ് സംഘടനയുമായുള്ള സഹകരണം സംബന്ധിച്ച ചോദ്യത്തിന് മാധവന്‍ നായര്‍ നല്‍കിയ വിശദീകരണം. ശാസ്ത്ര കാര്യങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്ന ആര്‍എസ്എസ് പിന്തുണയുള്ള വിജ്ഞാന ഭാരതിയുടെ രക്ഷാധികാരി കൂടിയാണ് മാധവന്‍ നായര്‍. ആര്‍എസ്എസുമായി വേദി പങ്കിട്ടതു സംബന്ധിച്ച് കെ രാധാകൃഷ്ണന്‍ പ്രതികരിച്ചിട്ടില്ല.
Next Story

RELATED STORIES

Share it