kozhikode local

മാത്തോട്ടം അങ്ങാടി റോഡരികില്‍ മല്‍സ്യവില്‍പന തകൃതി

ബേപ്പൂര്‍: മാത്തോട്ടം അങ്ങാടിയിലെ മീന്‍ വില്‍പ്പന റോഡരികില്‍ വെച്ച് നടത്തുന്നത് ജനങ്ങള്‍ക്ക് ദുരിതമായി.’വനശ്രീ ‘യുടെ പ്രധാന കവാടത്തിനും കാന്റീനും സമീപത്താണ് മീന്‍ വില്‍പ്പന തകൃതിയായി നടക്കുന്നത് .അഴുകിയ മീനില്‍ നിന്ന് ഒലിക്കുന്ന ദുര്‍ഗന്ധമുള്ള വെള്ളം റോഡരികില്‍ കെട്ടിനിന്ന് പുഴുവരിക്കുന്നത് കാണാം. വനശ്രീ യുടെ പുതുതായി തുറന്ന കാന്റീന്‍ കവാടത്തിന് അരികിലും കാന്റീനിലേക്ക് കയറുന്ന വഴിയിലും അഴുക്ക് വെള്ളം കെട്ടിനിന്ന്  ദുര്‍ഗന്ധം വമിക്കുകയാണ്. ദുഷിച്ച മീന്‍ വെള്ളം കെട്ടിനില്‍ക്കുന്നത് കാരണം കാന്റീനിലേക്ക് ആളുകള്‍ കയാറാതെയായി.
കാന്റീന്‍ ഈയിടെയാണ് പുതുക്കിപ്പണിത്  റോഡിനോട് ചേര്‍ന്ന് പൊതുജനങ്ങള്‍ക്ക് കൂടി പ്രവേശിക്കാവുന്ന തരത്തില്‍. നിര്‍മ്മിച്ചത്. റോഡിന്റെ ഇരുവശത്തും പന്തല്‍ കെട്ടിയുള്ള മത്സ്യ വില്പന കാല്‍നടയാത്രക്കാര്‍ക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാകുന്നത്. അഴുകിയ വെള്ളം തളം കെട്ടി റോഡിലേക്ക് ഒലിച്ചിറങ്ങി ആളുകള്‍ക്ക് നടക്കാന്‍ പറ്റാത്ത അവസ്ഥയിലായി.
പൊതുവേ ജനത്തിരക്കേറിയ അങ്ങാടിയാണ് മാത്തോട്ടം. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാനും ആളുകള്‍ക്ക് സ്വസ്ഥമായി നടന്നു പോകുവാനും സാധിക്കാത്ത ഇടുങ്ങിയ റോഡിലെ  മീന്‍ കച്ചവടത്തില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. ആളുകള്‍ റോഡിലേക്ക് തള്ളി നിന്ന് മീന്‍ വാങ്ങുമ്പോള്‍  വാഹനങ്ങളുടെ നിരന്തരമായ ചീറിപ്പായല്‍ വലിയ അപകടങ്ങള്‍ക്ക് കൂടി കാരണമായേക്കും. സാംക്രമിക രോഗങ്ങളുടെയും പകര്‍ച്ചപ്പനിയുടെയും ആശങ്കയില്‍ ജനം ഭീതിയില്‍ കഴിയുന്ന സമയത്താണ് മാത്തോട്ടം അങ്ങാടിയിലെ ഈ നിയമലംഘനം. ആരോഗ്യവകുപ്പും കോര്‍പറേഷന്‍ ശുചീകരണ വിഭാഗവും ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്.2003ല്‍  ബേപ്പൂര്‍ പഞ്ചായത്ത് ഭരണ സമിതി കേരള വികസന പദ്ധതി ഫണ്ടില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച മത്സ്യമാര്‍ക്കറ്റ്  നവീകരിക്കുന്നതിന് വേണ്ടിയാണ് മീന്‍ കച്ചവടക്കാരെ ഒഴിപ്പിച്ചത്. എന്നാല്‍ നവീകരണം ഒച്ചിന്റെ വേഗതയിലാണ് നീങ്ങുന്നത്. ദിവസങ്ങളായി നവീകരണ പ്രവൃത്തികള്‍ ഒന്നും തന്നെ നടക്കാതെ  മത്സ്യമാര്‍ക്കറ്റില്‍ നിര്‍മ്മാണ സാമഗ്രികള്‍ ഇറക്കിവെച്ച അവസ്ഥയിലാണ്. എത്രയും വേഗം മത്സ്യ മാര്‍ക്കറ്റ് മീന്‍ കച്ചവടക്കാര്‍ക്ക് തുറന്നു കൊടുത്തില്ലെങ്കില്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്ന  തരത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്നാണ് നാട്ടുകാരുടെ പരാതി.
Next Story

RELATED STORIES

Share it