malappuram local

മാതൃകാവിദ്യാലയമാക്കുന്നതിന് തുക ലഭ്യമാക്കും: സ്പീക്കര്‍

പൊന്നാനി: ജില്ലയിലെ ഇതരവിദ്യാലയങ്ങള്‍ക്ക് ഒപ്പമോ അതിന് മുന്നിലോ മുന്നേറുന്നതിനായി വെളിയങ്കോട് ഗവ. ഫിഷറീസ് എല്‍ പി സ്‌കൂളിനെ മാതൃകാവിദ്യാലയമാക്കി ഉയര്‍ത്തുന്നതിന് സമഗ്രമായ കര്‍മരേഖ തയ്യാറാക്കിയാല്‍ ആവശ്യമായ മുഴുവന്‍ തുകയും സര്‍ക്കാരില്‍ നിന്നും ലഭ്യമാക്കുമെന്നു നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
സമൂഹത്തെ ഒന്നിപ്പിക്കുന്നതിനുള്ള പൊതുധാരയാണ് പൊതുവിദ്യാലയങ്ങളെന്നും മുഴുവന്‍ പൊതുവിദ്യാലയങ്ങളേയും ശക്തിപ്പെടുത്തുന്നതിനു കേരളം കൈകോര്‍ക്കുന്ന കാഴ്ചയാണ് എല്ലായിടത്തും കളിമൈതാനവും പൂന്തോട്ടവും ജൈവവൈവിധ്യ ഉദ്യാനവുമുള്ള പരിസ്ഥിതി സൗഹാര്‍ദ വിദ്യാലയമായി തീരദേശത്തെ ഈ വിദ്യാലയത്തെ ഉയര്‍ത്തുന്നതിന് നിങ്ങളും കൈകോര്‍ക്കണമെന്നും സ്പീക്കര്‍ പറഞ്ഞു. വെളിയങ്കോട് ഗവ. ഫിഷറീസ് എല്‍ പി സ്‌കൂള്‍ 91 ാം വാര്‍ഷികാഘോഷവും സാംസ്‌കാരിക പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.
വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം കെ പ്രേമജ സുധീര്‍ അധ്യക്ഷയായി, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം ആറ്റുണ്ണി തങ്ങള്‍ മുഖ്യാതിഥിയായിരുന്നു. സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥിയും സിനിമാ സംവിധായകനുമായ മുബിഹഖിനെ സ്പീക്കര്‍ ഉപഹാരം നല്‍കി ആദരിച്ചു. വെളിയങ്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ ബീരാന്‍കുട്ടി മുഖ്യപ്രഭാഷണം നടത്തി. വിദ്യാര്‍ഥികള്‍ക്ക് പഠനമികവിനു ബബിത നൗഫലും ഉപജില്ലാ കലാമേളയിലെ വിജയികള്‍ക്ക് ഫൗസിയ വടക്കേപ്പുറത്തും കായികമേളയിലെ വിജയികള്‍ക്ക് വാര്‍ഡ് അംഗം റഹ്മത്ത് ഹംസവും മെഗാക്വിസ് വിജയികള്‍ക്ക്  എം പി അബ്ദുല്ലഹാജിയും സമ്മാനങ്ങള്‍ വിതരണം ചെയ്തു.
സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് വിദ്യാലയം നല്‍കുന്ന സ്‌നേഹോപഹാരം പ്രഥമാധ്യാപിക  വി ജെ ജെസ്സിയും പിടിഎ പ്രസിഡന്റ് എംഎസ് മുസ്തഫയും വികസന സമിതി ചെയര്‍മാന്‍ ഫാറൂഖ് വെളിയങ്കോടും ചേര്‍ന്നുകൈമാറി. കെ കെ ബാദുഷ, എന്‍ കെ ഹുസൈന്‍, ടി പി കേരളീയന്‍,എന്‍ കെ സൈനുദ്ദീന്‍,ടി എ മജീദ് സംസാരിച്ചു. മാപ്പിളപ്പാട്ട് ഗായിക ഇസ്മത്തിന്റെ സംഗീതവിരുന്നും കലാഭവന്‍ അഷ്‌റഫിന്റെ മിമിക്രിയും കുട്ടികളുടെ കലാപരിപാടികളും നടന്നു.
Next Story

RELATED STORIES

Share it