മാതാവിജയം ആട്ടക്കഥ

അഹ്മദ് ശരീഫ് പി

അബൂദബിയില്‍ മലയാളം ന്യൂസിന്റെ ബ്യൂറോ ചീഫായിരിക്കുന്ന കാലം. പത്രത്തിലേക്ക് ഒരു കത്ത്‌വന്നു. അബൂദബി കേരള സോഷ്യല്‍ സെന്റര്‍ വാര്‍ഷികാഘോഷവേളയില്‍ വന്ദേമാതരം അവതരിപ്പിച്ചതിനെതിരേയായിരുന്നു കത്ത്. സിപിഎമ്മുകാര്‍ നടത്തുന്ന സെന്ററില്‍ വന്ദേമാതരം പാടിയതിനെതിരേ വന്ന കത്ത് ആരെഴുതിയെന്ന് അറിയണമെന്നായി കെഎസ്‌സി നേതാക്കള്‍. അപ്പോഴും വന്ദേമാതരം ദേശീയഗാനമല്ലെന്ന് അംഗീകരിക്കാന്‍ അവര്‍ കൂട്ടാക്കിയില്ല. അടുത്ത വര്‍ഷം കെഎസ്‌സി ഭരണം സിപിഎമ്മിന് നഷ്ടപ്പെടുകയും ചെയ്തു. കോണ്‍ഗ്രസ്സുകാര്‍ മാത്രമല്ല, കടുത്ത സിപിഎമ്മുകാര്‍ക്കുപോലും വന്ദേമാതരം എന്തെന്ന് ഇന്നും അറിയില്ലെന്നതാണു ശരി.
വന്ദേമാതരം പാടാത്തവരെ ദേശവിരുദ്ധരാക്കുന്ന സംഘപരിവാര പ്രക്രിയ പുതിയതല്ല. 1905ല്‍ കോണ്‍ഗ്രസ്സിലെ കെ എം മുന്‍ഷി, അരവിന്ദഘോഷിന്റെ മുഖത്തുനോക്കി ചോദിച്ചു: ഒരാള്‍ എങ്ങനെയാണ് രാജ്യസ്‌നേഹിയാവുകയെന്ന്. ഹിന്ദുത്വദേശീയതയുടെ ആരോമല്‍ചേകവരായിരുന്ന അരവിന്ദഘോഷ് ബ്രിട്ടിഷ് ഇന്ത്യയുടെ ഭൂപടം ചൂണ്ടി ഇതാണ് ഭാരത് മാത എന്ന് ഉത്തരം പറഞ്ഞു. ഇതിലെ നദികളും മലകളും വനങ്ങളും മാതാവിന്റെ ശരീരഭാഗങ്ങളാണ്. ഭാരതം ജീവിക്കുന്ന അമ്മയാണ്. ഒമ്പത് അവയവങ്ങളാലും അമ്മയെ നമിക്കുക. 2016 മാര്‍ച്ചിലെ ബുധനാഴ്ച മഹാരാഷ്ട്ര നിയമസഭയില്‍ മുഴങ്ങിയതും മറ്റൊന്നല്ല. ഉവൈസിയുടെ പാര്‍ട്ടിയുടെ പുത്തന്‍ അംഗം വാരിസ് പഠാനെ പുറത്താക്കാന്‍ ബിജെപിക്കും ശിവസേനയ്ക്കുമൊപ്പം കോണ്‍ഗ്രസ്സും എന്‍സിപിയും കൈപൊക്കി. 'ഭാരത് മാതാ കീ ജയ്' എന്ന സംഘപരിവാര മുദ്രാവാക്യം വിളിക്കാന്‍ തയ്യാറായില്ല എന്നതായിരുന്നു കുറ്റം.
അതില്‍ അദ്ഭുതമില്ല. കന്നുകാലി കച്ചവടക്കാരെ കൊന്ന് മരത്തില്‍ തൂക്കുന്ന, ആട്ടിറച്ചി മാട്ടിറച്ചിയാണെന്നു പറഞ്ഞുപരത്തി മധ്യവയസ്‌കനെ അടിച്ചുകൊല്ലുന്ന ഹിന്ദുത്വ വര്‍ഗീയശക്തികള്‍ വിളയാടുന്ന സംസ്‌കാരത്തില്‍ ഇതിലപ്പുറവും പ്രതീക്ഷിക്കാം. ഭാരത് മാതയെ എല്ലാ പൗരന്മാരും ആരാധിക്കണം എന്നു പറയുന്നത് രാജ്യത്ത് ഒരുകൂട്ടര്‍ മാത്രം മതി എന്നു പറയുന്നതിന് തുല്യമത്രെ.
കാളി, ദുര്‍ഗ, മാനസ, ചണ്ഡി തുടങ്ങിയ ശക്തിസ്വരൂപങ്ങളെ ആരാധിക്കുന്ന സവര്‍ണ ബംഗാള്‍ പാരമ്പര്യത്തിന്റെ ബാക്കിപത്രമായിരുന്നു വന്ദേമാതരവും ഭാരത് മാതയും. രണ്ടും ആനന്ദമഠം എന്ന നോവലിന്റെ സംഭാവനയത്രെ. ബങ്കിംചന്ദ്ര ചതോപാധ്യായ എന്ന ബ്രിട്ടിഷ് ഉദ്യോഗസ്ഥനായ ബ്രാഹ്മണന്‍ എഴുതിയ നോവല്‍ മുസ്‌ലിം വിരുദ്ധമായിരുന്നു. 1875ലാണ് ബങ്കിംചന്ദ്ര വന്ദേമാതരം എഴുതിയത്. നോവലിലും നോവലിലെ ഗാനത്തിലും പറയുന്ന ശത്രു 'മുസ്‌ലിം' ആണെന്ന് ആര്‍ക്കും വ്യക്തമായി മനസ്സിലാവും. ഇന്ത്യ 800 വര്‍ഷം ഭരിച്ച മുസ്‌ലിംകളോടുള്ള ക്രൂരമായ ശത്രുത നോവലിലുടനീളം കാണാം. ഒരു മാര്‍ബിള്‍ ക്ഷേത്രത്തിലെ ദശഹസ്തങ്ങളുള്ള ദുര്‍ഗാദേവിയുടെ വിഗ്രഹത്തെയാണ് ബങ്കിംചന്ദ്ര ഭാരത്മാതയാക്കി പുനരവതരിപ്പിച്ചത്.
ഇപ്പോള്‍ വിവാദമായിരിക്കുന്ന മഹിഷാസുരവധത്തിലെ നായികയായ ദുര്‍ഗാദേവി തന്നെയായിരുന്നു അത്. 1905ലെ ബംഗാള്‍ വിഭജനകലഹങ്ങളുടെ കാലത്ത് ഏറ്റവുമധികം ഉപയോഗിക്കപ്പെട്ടത് വന്ദേമാതരമായിരുന്നു. ഇക്കാലത്ത് രവീന്ദ്രനാഥ ടാഗൂറിന്റെ ചിത്രകാരനായ മരുമകന്‍ അബീന്ദ്രനാഥ് ആണ് ഇപ്പോള്‍ നാം കാണുന്ന ഭാരത് മാതയെ വരച്ചുണ്ടാക്കിയത്. ആക്രമണങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും പ്രേരണ നല്‍കുന്ന നോവല്‍ ദേശീയ സ്വാതന്ത്ര്യസമരം നടക്കുമ്പോള്‍ അനുശീലന്‍ സമിതി എന്നൊരു സംഘത്തിനും ജന്മം നല്‍കി. ദുര്‍ഗാദേവിക്കു മുന്നില്‍ അവര്‍ മാരകായുധങ്ങള്‍ പൂജയ്ക്ക് വച്ചു. സമിതിയുടെ സംഘാടകരിലൊരാളായിരുന്ന അരവിന്ദഘോഷിനെ 1908ല്‍ ബ്രിട്ടിഷുകാര്‍ രാജ്യദ്രോഹക്കുറ്റത്തിന് ജയിലിലിട്ടിരുന്നു. ബ്രിട്ടിഷ് സര്‍ക്കാരിന് സേവചെയ്യാമെന്ന് മാപ്പെഴുതിക്കൊടുത്താണ് വി ഡി സവര്‍ക്കറെ പോലെ ഘോഷും മോചിതനായത്.
ഇതേ നിയമപ്രകാരമാണ് സംഘപരിവാര ഭരണകൂടം കനയ്യകുമാറിനെയും ഉമര്‍ ഖാലിദിനെയും അനിര്‍ബന്‍ ഭട്ടാചാര്യയെയും അറസ്റ്റ് ചെയ്തതെന്ന വസ്തുത ചരിത്രത്തിന്റെ വിധിവൈപരീത്യമാണ്.
എന്നാല്‍, 1937ല്‍ രവീന്ദ്രനാഥ ടാഗൂര്‍ വന്ദേമാതരം ഒരിക്കലും ദേശീയഗാനമാക്കാന്‍ പാടില്ലെന്ന് അന്നത്തെ കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന സുഭാഷ്ചന്ദ്രബോസിന് എഴുതിയിരുന്നു. കാരണം, അത് ദുര്‍ഗാദേവിക്കുള്ള സ്തുതിഗീതമാണ്. ഏകദൈവ വിശ്വാസികളായ മുസ്‌ലിംകള്‍ക്ക് അത് ആലപിക്കാനാവില്ല. ദശഹസ്തദേവതയുടെ വിഗ്രഹത്തെ നമിക്കാന്‍ ഒരു നോവലില്‍ ആവശ്യപ്പെടാം. പക്ഷേ, പാര്‍ലമെന്റിലോ നിയമസഭയിലോ അത് ആലപിക്കണമെന്നു നിര്‍ബന്ധിക്കാന്‍ ഒരിക്കലും പാടുള്ളതല്ല. ഇതേ വാദഗതി സ്വാമി ലക്ഷ്മി ശങ്കരാചാര്യ കഴിഞ്ഞ ദിവസം ഉയര്‍ത്തിയതിന്റെ വീഡിയോ വൈറലാണ്. അദ്ദേഹം ഒന്നുകൂടി പറഞ്ഞു. മുസ്‌ലിംകള്‍ അല്ലാഹുവല്ലാതെ ഒന്നിനെയും നമിക്കുന്നില്ല. പ്രവാചകനെപ്പോലും നമിക്കാത്തവര്‍ എങ്ങനെ മറ്റുള്ളവരെ വന്ദിക്കും. പ്രവാചകനെ സ്‌നേഹിക്കുകയാണ് മുസ്‌ലിംകള്‍. അതുപോലെ അവര്‍ മാതൃരാജ്യത്തെയും സ്‌നേഹിക്കുന്നു. അതിനാല്‍ അവരെ നിര്‍ബന്ധിക്കരുത്.
രവീന്ദ്രനാഥ് ടാഗൂറിന്റെ ആവശ്യമാണ് കോണ്‍ഗ്രസ് നിലപാടായി സ്വീകരിച്ചത്. അതിനാല്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് ഔദ്യോഗികമായി ഭാരത് മാതാവിന്റെ മുന്നില്‍ കുമ്പിടുന്നില്ല. എങ്കിലും കൂട്ടത്തില്‍ അതിഭക്തരായ സവര്‍ണ കോണ്‍ഗ്രസ്സുകാര്‍ വന്ദേമാതരത്തെ സ്വാതന്ത്ര്യസമരത്തിന്റെയും ദേശീയതയുടെയും ഭാഗമാക്കിമാറ്റുകയായിരുന്നു. 1966ല്‍ സുഭാഷ്ചന്ദ്രബോസ് ദുര്‍ഗാദേവിയെ സല്യൂട്ട് ചെയ്യുന്നതായും ശഹീദ് ഭഗത്‌സിങ് സ്വന്തം തലയറുത്ത് ദേവിക്ക് കാണിക്കവയ്ക്കുന്നതായുമുള്ള ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 1923ല്‍ അരവിന്ദഘോഷിന്റെ ആക്രമണോല്‍സുക ഭാരത് മാതാവിനെ ചുമന്നാണ് സവര്‍ക്കറുടെയും അരങ്ങേറ്റം. ക്രിസ്ത്യാനികളും മുസ്‌ലിംകളും ഭാരത് മാതാവിന്റെ മക്കളല്ലെന്നു സവര്‍ക്കര്‍ സിദ്ധാന്തിച്ചു. തുടര്‍ന്ന് ഇന്ത്യന്‍ ദേശീയപതാകയേന്തുന്നതിനു പകരം ഭാരത് മാത ചിത്രണം ചെയ്ത കാവിക്കൊടിയാണ് ആര്‍എസ്എസ് സ്വന്തം പ്രതിച്ഛായാനിര്‍മിതിക്ക് ഉപയോഗിച്ചത്. ശക്തിപ്രഭാവം കാണിക്കാനായി ഒരു സിംഹത്തിന്റെ പുറത്തിരുന്ന് സഞ്ചരിക്കുന്നതായിട്ടാണ് ദുര്‍ഗാദേവിയുടെ ചിത്രസംയോജനം. ദുര്‍ഗാദേവി ശത്രുനിഗ്രഹം നടത്തിയതിന്റെ പ്രതീകമായി വിജയദശമി ദിനം ആചരിക്കുന്നു. ആര്‍എസ്എസിന്റെ സ്ഥാപകദിനവും ഇതേ ദിവസം ആഘോഷിക്കുന്നു.
1936ല്‍ ബനാറസിലെ ഒരു ഹിന്ദുക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ച ദുര്‍ഗാദേവി ഭാരത് മാതയായിരുന്നു. അവിടെ ബ്രിട്ടിഷ് ഇന്ത്യയുടെ ഒരു ഭൂപടവും പ്രതിഷ്ഠിക്കുകയുണ്ടായി. എന്നാല്‍, ക്ഷേത്രപ്രതിഷ്ഠയായ ദുര്‍ഗാദേവിയെ ഇതരമതസ്ഥര്‍ ആരാധിക്കണമെന്നും വണങ്ങണമെന്നും അന്നൊന്നും നിര്‍ബന്ധിച്ചില്ല. ഈ ഭൂപടത്തില്‍ ബംഗാളും പാകിസ്താനും ശ്രീലങ്കയും അഫ്ഗാനിസ്താനും ഉള്‍പ്പെടുന്നുവെന്നതും വിസ്മരിച്ചുകൂടാ. ഭാരത് മാത ക്ഷേത്രങ്ങള്‍ ദൗലത്താബാദിലും ഹരിദ്വാറിലുമുണ്ട്.
വന്ദേമാതരം ദേശസ്‌നേഹത്തിന്റെ മാനദണ്ഡമാക്കി നിശ്ചയിച്ചാല്‍ ഒന്നുകില്‍ മുസ്‌ലിംകള്‍ ദേശക്കൂറില്ലാത്തവരായിത്തീരും, അല്ലെങ്കില്‍ അവര്‍ ഇസ്‌ലാംമതത്തിന് പുറത്തുപോവേണ്ടിവരും. ഇപ്പോഴത്തെ ആര്‍എസ്എസ് സര്‍സംഘ്ചാലക് മോഹന്‍ ഭാഗവത് എല്ലാ യുവ ഇന്ത്യക്കാരും വിദ്യാര്‍ഥികളും ഭാരത് മാതാ കീ ജയ് വിളിക്കണമെന്ന് ശാഠ്യം പിടിക്കുന്നു. അല്ലെങ്കില്‍ പടിക്കുപുറത്താവും എന്നാണു ഭീഷണി. ജയ്ഹിന്ദ് വിളിക്കുന്ന ദേശസ്‌നേഹിയാണ് താനെന്ന് പ്രഖ്യാപിച്ച വാരിസ് പഠാനെ പോലുള്ളവര്‍ക്ക് രക്ഷയില്ലെന്നര്‍ഥം. 'ജയ്ഹിന്ദിന്' ഒരു വിലയുമില്ലാതായിരിക്കുന്നു. സിന്ധുനദീതടത്തെ ഹിന്ദുസ്ഥാന്‍ എന്ന് തെറ്റിവിളിച്ച അറേബ്യന്‍ കവീ, താങ്കള്‍ എന്തൊരു ദ്രോഹമാണ് വരുത്തിവച്ചത്?

പിന്‍കുറി: വടക്കേ ഇന്ത്യയില്‍, തന്റെ ഒട്ടിയ വയറു കാണിച്ച് ഗോമൂത്രം ചേര്‍ത്തിയ മരുന്നുകള്‍ വില്‍ക്കുന്ന ബാബാ രാംദേവ് ഭാരത് മാതയ്ക്ക് ജയ് വിളിക്കാത്തവരുടെ തലവെട്ടുമെന്ന് ആക്രോശിക്കുന്നു. ഭാഗ്യത്തിനു കോഴിക്കോട് കടപ്പുറത്ത് ബാബ വയറു കാണിക്കുകയും തലകുത്തിമറിയുകയും ചെയ്യാനുള്ള ധൈര്യമേ കാണിച്ചുള്ളൂ. ചിലപ്പോള്‍ ആത്മീയതയുള്ള ബാബ പുറംകടലില്‍ കുഞ്ഞാലിമരക്കാറുടെ ആത്മാവിനെ ദര്‍ശിച്ചുകാണും.
Next Story

RELATED STORIES

Share it