മാതാപിതാക്കളെ സംരക്ഷിക്കാത്ത ഉദ്യോഗസ്ഥരുടെ ശമ്പളം വെട്ടിച്ചുരുക്കും

ഗുവാഹത്തി: ആശ്രിതരായ മാതാപിതാക്കളെ സംരക്ഷിക്കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളം വെട്ടിച്ചുരുക്കാന്‍ വ്യവസ്ഥ ചെയ്യുന്ന നിയമവുമായി അസം സര്‍ക്കാര്‍. ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ കരടുപട്ടിക പുറത്തിറങ്ങിയതിനു പിന്നാലെയാണു പുതിയ നിയമം കൊണ്ടുവന്നത്. ഒക്‌ടോബര്‍ രണ്ടു മുതല്‍ പുതിയ നിയമം നടപ്പില്‍വരും.
സ്വന്തമായി വരുമാനമില്ലാത്ത പ്രായമായ മാതാപിതാക്കളെയും ഭിന്നശേഷിക്കാരായ സഹോദരങ്ങളെയും പരിപാലിക്കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളം വെട്ടിച്ചുരുക്കുന്നതാണ് നിയമം.
സര്‍ക്കാര്‍ ഉദേ്യാഗസ്ഥര്‍ രക്ഷിതാക്കളെ പരിപാലിക്കുന്നത് ഉറപ്പാക്കുന്നതിനുള്ള “പ്രണാം’ (അസം എംപ്ലോയീസ് പാരന്റ്‌സ് റെസ്‌പോണ്‍സിബിലിറ്റി ആന്റ് നോംസ് ഫോര്‍ അക്കൗണ്ടബിലിറ്റി ആന്റ് മോണിറ്ററിങ്) എന്ന നിയമം കഴിഞ്ഞ വര്‍ഷം സംസ്ഥാന നിയമസഭ പാസാക്കിയിരുന്നു. ഒക്‌ടോബറില്‍ കര്‍ശനമായ പുതിയ നിയമം നടപ്പിലാവുന്നതോടെ ഇത്തരത്തില്‍ നിയമം നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി അസം മാറും.
മാതാപിതാക്കളെ പരിപാലിക്കുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരുടെ ശമ്പളത്തിന്റെ 10 ശതമാനം  വെട്ടിക്കുറയ്ക്കുകയും അത് മാതാപിതാക്കളുടെ അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്യുമെന്ന് അസം മന്ത്രി ഹിമന്ദബിശ്വ ശര്‍മ പറഞ്ഞു.
Next Story

RELATED STORIES

Share it