മാതാപിതാക്കളെ വെറുതെ വിട്ടതിനെതിരേ ഹേമരാജിന്റെ ഭാര്യ സുപ്രിംകോടതിയിലേക്ക്‌

ന്യൂഡല്‍ഹി: ആരുഷി-ഹേമരാജ് ഇരട്ടക്കൊലപാതക കേസില്‍ ആരുഷിയുടെ മാതാപിതാക്കളെ കുറ്റവിമുക്തരാക്കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരേ ഹേമരാജിന്റെ വിധവ ഖുംകല ബഞ്ചാഡേ സുപ്രിംകോടതിയിലേക്ക്. ദന്തഡോക്ടര്‍മാരായ രാജേഷ് തല്‍വാറിനെയും നൂപുര്‍ തല്‍വാറിനെയും ഒക്ടോബറിലാണ് അലഹബാദ് ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. ഇതിനെതിരേ ഖുംകല സുപ്രിംകോടതിയെ സമീപിക്കുന്നതു സംബന്ധിച്ചു ദേശീയ മാധ്യമങ്ങളാണ് റിപോര്‍ട്ട് ചെയ്തത്. 2008ലാണ് 13കാരിയായ ആരുഷിയെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തൊട്ടുപിറ്റേന്ന് വീട്ടുജോലിക്കാരനായ ഹേമരാജിന്റെ മൃതദേഹം ടെറസ്സില്‍നിന്നു കണ്ടെത്തുകയും ചെയ്തു. ആരുഷിയും ഹേമരാജും തമ്മിലുള്ള ബന്ധത്തില്‍ സംശയിച്ചു രാജേഷും നൂപുറും ചേര്‍ന്ന് ഇരുവരെയും കൊലപ്പെടുത്തിയെന്നായിരുന്നു പോലിസ് നിഗമനം. എന്നാല്‍, തങ്ങളല്ല കുറ്റക്കാരെന്നായിരുന്നു രാജേഷിന്റെയും നൂപുറിന്റെയും വാദം. 2013ല്‍ സിബിഐ വിചാരണക്കോടതി രാജേഷിനും നൂപുറിനും ജീവപര്യന്തം വിധിച്ചിരുന്നു. എന്നാല്‍, ഇവര്‍ അലഹബാദ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. തുടര്‍ന്ന് വേണ്ടത്ര തെളിവുകളില്ലെന്നു ചൂണ്ടിക്കാട്ടി കോടതി ഇരുവരെയും കുറ്റവിമുക്തരാക്കുകയായിരുന്നു.
Next Story

RELATED STORIES

Share it