Readers edit

മാതാപിതാക്കളെ ഉപേക്ഷിക്കുന്നവര്‍

മാതാപിതാക്കളെ ഉപേക്ഷിക്കുന്നവര്‍
X
slug-enikku-thonnunnathuഫാറൂഖ്, ഇരിക്കൂര്‍

വാര്‍ധക്യത്തില്‍ തുണയാവേണ്ട മക്കള്‍ സ്വന്തം മാതാപിതാക്കളെ മാലിന്യങ്ങള്‍ ഉപേക്ഷിക്കുന്ന ലാഘവത്തോടെ വഴിയോരങ്ങളിലും ആരാധനാലയങ്ങളുടെ പരിസരങ്ങളിലും ഉപേക്ഷിക്കുന്ന പ്രവണത സമൂഹത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ തരത്തില്‍ ഉപേക്ഷിക്കപ്പെട്ട ആയിരക്കണക്കിന് വൃദ്ധമാതാപിതാക്കളാണ് സംസ്ഥാനത്തെ വൃദ്ധമന്ദിരങ്ങളില്‍ അഭയാര്‍ഥികളെപ്പോലെ കഴിയുന്നത്. സ്‌നേഹവും പരിരക്ഷയും നല്‍കി തങ്ങളെ വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളെ പ്രായമായതിന്റെ പേരില്‍, എന്തു ന്യായീകരണത്തിന്റെ പേരിലാണെങ്കിലും ശരി, ഉപേക്ഷിക്കുന്നവര്‍ തികഞ്ഞ കുറ്റവാളികളാണെന്നതില്‍ തര്‍ക്കമില്ല. അമ്മയുടെ സംസ്‌കാരച്ചടങ്ങിനുപോലുമെത്താത്ത മക്കള്‍ നമ്മള്‍ക്കിടയില്‍ ജീവിക്കുന്നു. മക്കള്‍ക്കു വേണ്ടി, അവരുടെ വിദ്യാഭ്യാസത്തിനും വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും വേണ്ടി ഒട്ടേറെ കഷ്ടതകളും ദുഃഖങ്ങളും മാതാപിതാക്കള്‍ അനുഭവിക്കുന്നു. പക്ഷേ, തങ്ങളുടെ വാര്‍ധക്യത്തില്‍ മക്കള്‍ തുണയാവുമെന്നാണ് മാതാപിതാക്കള്‍ കരുതുന്നത്. എന്നാല്‍, പലര്‍ക്കും മക്കള്‍ പിന്നീട് പിശാചുക്കളായി മാറുകയാണു ചെയ്തത്.
കേരളത്തില്‍ ഇന്നു ശരാശരി ആയുസ്സ് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. നല്ലൊരു ശതമാനം പേരും 70 വയസ്സു പിന്നിട്ടവരാണ്. ഇന്നത്തെ യുവതീയുവാക്കള്‍ നാളെ പ്രായമുള്ളവരായി മാറുന്നു. മെല്ലെ ആരോഗ്യവും ക്ഷയിക്കും. മക്കള്‍ക്കിഷ്ടപ്പെടാത്ത ചില വികൃതികള്‍ പ്രായംചെന്നവര്‍ കാണിച്ചെന്നുവരും. ഇതൊരു ശല്യമായി കണക്കാക്കി അവരെ ഉപേക്ഷിച്ച് തടിരക്ഷപ്പെടുത്തുകയെന്നത് കുറ്റകൃത്യമാണ്, അധാര്‍മികമാണ്. മുമ്പുവരെ വൃദ്ധസദനമെന്നത് പാശ്ചാത്യനാടുകളില്‍ മാത്രം കണ്ടുവരുന്നതായിട്ടാണ് നാം മനസ്സിലാക്കിയിരുന്നത്. അപ്പോള്‍ നമ്മളില്‍ പലര്‍ക്കുമത് വളരെ അവിശ്വസനീയമായിത്തോന്നി. എന്നാല്‍, കാലം ഏറെ ചെല്ലുന്നതിനു മുമ്പുതന്നെ നമ്മുടെ നാട്ടിലും വൃദ്ധസദനങ്ങള്‍ തലപൊക്കിയിരിക്കുന്നു. മാത്രമല്ല, ഇതൊരു ബിസിനസായി വളര്‍ന്നു പന്തലിച്ചു. ഇവിടെ ഒരു വിഭാഗം പണം വാരിയെറിഞ്ഞ് ലാഭേച്ഛയോടെ നടത്തുന്ന സ്ഥാപനത്തിലേക്കു മാതാപിതാക്കളെ തള്ളിവിടുന്നു. എന്നാല്‍, ചെലവഴിക്കുന്ന പണത്തിന് ആനുപാതികമായി തന്റെ മാതാപിതാക്കള്‍ക്ക് അവിടെ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നുണ്ടോയെന്ന് പലരും അന്വേഷിക്കാറില്ലെന്നതാണു സത്യം. പണം പോയാലെന്താ ശല്യം ഒഴിഞ്ഞല്ലോ എന്ന ചിന്താഗതിയാണ് അവര്‍ക്ക്. ഈ അടുത്തകാലത്തായി സ്വിറ്റ്‌സര്‍ലന്‍ഡിലെ വൃദ്ധസദനം സന്ദര്‍ശിച്ച ഒരു സുഹൃത്ത് പറയുകയുണ്ടായി, അവിടെ വൃദ്ധസദനമെന്നു പറയാന്‍ സാധിക്കുകയില്ലത്രെ!
കാരണം, അവ കുടുംബവ്യവസ്ഥയിലാണു പ്രവര്‍ത്തിക്കുന്നത്. മക്കള്‍ എത്ര തിരക്കുണ്ടായാലും മാതാപിതാക്കളെ സന്ദര്‍ശിക്കുകയും അവരോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്യുന്നു. ഇതില്‍ വീഴ്ചവരുത്തുന്നവര്‍ക്കെതിരേ ഭരണകൂടം ശക്തമായ നടപടിയെടുക്കുന്നു. പ്രായംചെന്നവരോട് കാണിക്കുന്ന ക്രൂരതയ്‌ക്കെതിരേ ശക്തമായ ശിക്ഷ നല്‍കുന്നു. എന്നാല്‍, നമ്മുടെ നാട്ടില്‍ ഇതിനൊന്നും വ്യവസ്ഥയില്ല. ഭരണകൂടം അക്കാര്യം അവഗണിക്കുന്നു. ഇത്രയും വലിയ ക്രൂരത കാട്ടുന്നവരെ മാതൃകാപരമായി ശിക്ഷിക്കേണ്ടതുണ്ട്. 2007ലെ മെയിന്റനന്‍സ് ആന്റ് വെല്‍ഫെയര്‍ ഓഫ് പേരന്റ്‌സ് ആന്റ് സീനിയര്‍ സിറ്റിസണ്‍സ് ആക്റ്റ് പ്രകാരം മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കള്‍ക്കെതിരേ നിയമനടപടിയെടുക്കാം. അതൊരു ക്രിമിനല്‍ക്കുറ്റമാണ്. പക്ഷേ, അധികാരികള്‍ ഈ നിയമം ഇവിടെ കാര്യക്ഷമമായി നടപ്പാക്കുന്നില്ല. നിര്‍ഭാഗ്യകരമാണത്.
Next Story

RELATED STORIES

Share it