മാണി യുഡിഎഫിനൊപ്പം; തദ്ദേശസ്ഥാപനങ്ങളില്‍ വീണ്ടും സ്ഥാനമാറ്റം

കോട്ടയം: യുഡിഎഫിലേക്കു മടങ്ങാന്‍ തീരുമാനിച്ചതായി കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ എം മാണി. തലസ്ഥാനത്തു ചേര്‍ന്ന പാര്‍ലമെന്ററി സമിതി യോഗത്തിനുശേഷമാണ് മുന്നണി പ്രവേശനം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. യുഡിഎഫിലേക്ക് മടങ്ങിപ്പോവാന്‍ കേരളാ കോണ്‍ഗ്രസ് (എം) തീരുമാനിച്ചതോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ വീണ്ടും സ്ഥാനമാറ്റത്തിന് കളമൊരുങ്ങി.
കോട്ടയം ജില്ലാ പഞ്ചായത്ത് ഉള്‍പ്പെടെയുള്ള തദ്ദേശസ്ഥാപനങ്ങളില്‍ പഴയ ധാരണ തുടരുന്നത് സംബന്ധിച്ചുള്ള തീരുമാനം ഉടന്‍ നടപ്പാക്കണമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണി ബന്ധപ്പെട്ട ജില്ലാ നേതൃത്വങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഇതിന്റെ ഭാഗമായി എല്‍ഡിഎഫിന്റെ പിന്തുണയിലുള്ള കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കേരളാ കോണ്‍ഗ്രസ് (എം) രാജിവച്ചു. യുഡിഎഫിന്റെ ഭാഗമാവാനുള്ള പാര്‍ട്ടി തീരുമാനത്തെ തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നതായി സഖറിയാസ് കുതിരവേലി അറിയിച്ചു. പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണിക്ക് അദ്ദേഹം രാജിക്കത്ത് കൈമാറി. ഔദ്യോഗികമായി രാജിക്കത്ത് തിങ്കളാഴ്ച കൈമാറും. യുഡിഎഫുമായുള്ള മുന്‍ധാരണ അട്ടിമറിച്ച് എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന് ജില്ലാ പഞ്ചായത്ത് ഭരണം കേരളാ കോണ്‍ഗ്രസ് പിടിച്ചെടുക്കുകയായിരുന്നു. സഖറിയാസ് കുതിരവേലി രാജിവയ്ക്കുന്നതോടെ വീണ്ടും കോണ്‍ഗ്രസ്സിന് പ്രസിഡന്റ് സ്ഥാനം കിട്ടും. സണ്ണി പാമ്പാടി കോണ്‍ഗ്രസ് പ്രതിനിധിയായി പ്രസിഡന്റാവുമെന്നാണ് സൂചന.
എല്‍ഡിഎഫിനൊപ്പം ഭരണത്തില്‍ പങ്കാളികളായ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വൈകാതെ ഭരണമാറ്റം വരും.
അതേസമയം, ജോസ് കെ മാണി എംപി കേരളാ കോണ്‍ഗ്രസ്സിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിയാവും. പാലായില്‍ ഇന്നലെ രാത്രി വൈകി നടന്ന പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ചേര്‍പ്പുങ്കലിലെ റിസോര്‍ട്ടില്‍ പി ജെ ജോസഫും കെ എം മാണിയും ജോസ് കെ മാണിയും രഹസ്യചര്‍ച്ച നടത്തിയിരുന്നു. ഇതിനുശേഷമാണ് സ്റ്റിയറിങ് കമ്മിറ്റി തീരുമാനം.
Next Story

RELATED STORIES

Share it