Districts

മാണി നിയമവകുപ്പെങ്കിലും ഒഴിയണമെന്ന് ഒരു വിഭാഗം ; കേരളാ കോണ്‍ഗ്രസ്സില്‍ ഭിന്നത

നിഷാദ് എം ബഷീര്‍

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ എം മാണിക്കെതിരായ വിജിലന്‍സ് കോടതിവിധിയെച്ചൊല്ലി കേരളാ കോണ്‍ഗ്രസ് എമ്മില്‍ രൂക്ഷമായ അഭിപ്രായഭിന്നത.
വിഷയം ചര്‍ച്ച ചെയ്യാന്‍ ഉന്നതാധികാരസമിതി ചേരണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. മാണി കോഴ വാങ്ങിയതിനു പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നു കോടതി വ്യക്തമാക്കിയ പശ്ചാത്തലത്തില്‍ മാണി നിയമവകുപ്പെങ്കിലും ഒഴിഞ്ഞ് പാര്‍ട്ടിയുടെ മുഖം രക്ഷിക്കണമെന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്. പാമൊലിന്‍ കേസില്‍ ആരോപണമുണ്ടായപ്പോള്‍ വിജിലന്‍സ് വകുപ്പൊഴിഞ്ഞ മുഖ്യമന്ത്രിയെ മാണി മാതൃകയാക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കെ എം മാണിക്കും പി ജെ ജോസഫിനും കത്ത് നല്‍കുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ പി സി ജോസഫ് വ്യക്തമാക്കി. ഇത് കുടുംബകാര്യമല്ലെന്നും പാര്‍ട്ടിയെ ബാധിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ആരോപണം ഉയര്‍ന്നപ്പോള്‍ത്തന്നെ രാജിവച്ചിരുന്നുവെങ്കില്‍ ഇപ്പോഴത്തെ പ്രതിസന്ധി ഒഴിവാക്കാമായിരുന്നുവെന്നാണ് പി സി ജോസഫ് ഉള്‍പ്പെടുന്ന വിഭാഗം ചൂണ്ടിക്കാട്ടുന്നത്.
നേരത്തെത്തന്നെ മാണിയോട് എതിര്‍ശബ്ദം ഉയര്‍ത്തിയിരുന്ന പി സി ജോസഫ് ഉന്നതാധികാര സമിതി അംഗം കൂടിയാണ്.
എന്നാല്‍, ഇത് ജോസഫിന്റെ വ്യക്തിപരമായ ആവശ്യം മാത്രമാണെന്നു പറയുന്ന കേരളാ കോണ്‍ഗ്രസ് നേതാക്കളും പാര്‍ട്ടിയില്‍ ചില പ്രതിസന്ധിയുണ്ടെന്നു തുറന്നുസമ്മതിക്കുന്നുണ്ട്. കേസ് വിശദമായി പഠിച്ച് കൃത്യമായ നിലപാട് എടുക്കണമെന്നാണ് കേരളാ കോണ്‍ഗ്രസ്സിനുള്ളില്‍ നിന്നുയരുന്ന ആവശ്യം. ബാര്‍ കോഴവിവാദമുയര്‍ന്നപ്പോള്‍ മാണിക്കൊപ്പം നിന്ന പി ജെ ജോസഫ് വിഭാഗവും കടുത്ത നിരാശയിലാണ്. കോടതി നിരീക്ഷണം പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാണെന്നാണ് ഇവര്‍ കരുതുന്നത്. മാണിയെ സംരക്ഷിക്കാന്‍ പാര്‍ട്ടിയെ കുരുതികൊടുക്കുന്നുവെന്നാണ് പാര്‍ട്ടിക്കുള്ളിലെ വിമതരുടെ ആക്ഷേപം.
കോടതിവിധിയുണ്ടായപ്പോള്‍ തന്നെ കേസില്‍ അപ്പീല്‍ പോകുന്നതിനോട് പാര്‍ട്ടിയിലെ ഒരു വിഭാഗം വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. അതേസമയം, ബാര്‍ കോഴ ചര്‍ച്ച ചെയ്യാന്‍ വേണ്ടി മാത്രം പാര്‍ട്ടി കമ്മിറ്റി ചേരേണ്ടതില്ലെന്നാണ് മാണിയുടെ നിലപാട്. താന്‍ കോഴ ആവശ്യപ്പെട്ടിട്ടില്ലെന്നും മാണി ആവര്‍ത്തിക്കുന്നു.
അതിനിടെ, മാണി ഇടുക്കി ജില്ലയില്‍ നടത്താനിരുന്ന തിരഞ്ഞെടുപ്പു പ്രചാരണ യോഗങ്ങള്‍ റദ്ദാക്കി. മാണി പങ്കെടുക്കുന്ന പരിപാടികളിലേക്ക് ഇടതു പ്രതിഷേധമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് റിപോര്‍ട്ടിനെ തുടര്‍ന്നാണ് യോഗങ്ങള്‍ റദ്ദാക്കാന്‍ തീരുമാനിച്ചത്.
Next Story

RELATED STORIES

Share it