Districts

മാണി കോഴപ്പണം ഉപയോഗിച്ച് അപ്പീലിനു പോവട്ടെയെന്ന് വിഎസ്

പാലക്കാട്/തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മാണി കോഴപ്പണം ഉപയോഗിച്ച് അപ്പീലിനു പൊയ്‌ക്കോട്ടെയെന്നു പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. പാലക്കാട് ജില്ലയിലെ വിവിധ എല്‍ഡിഎഫ് റാലികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഖജനാവിലെ പണമെടുത്ത് മാണിയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചാല്‍ ശക്തമായ പ്രക്ഷോഭം നടത്തും. അഴിമതിക്കേസുകള്‍ തേച്ചുമാച്ചുകളയാന്‍ സര്‍ക്കാര്‍ പൊതുജനങ്ങളുടെ പണമാണ് ഉപയോഗിക്കുന്നത്. യുഡിഎഫ് ഭരണത്തില്‍ ഓരോ ദിവസവും അഴിമതിക്കഥകള്‍ തെളിവുസഹിതം പുറത്തുവരുന്നു.
ഉമ്മന്‍ചാണ്ടി യുഡിഎഫിന്റെ മുതല്‍ക്കൂട്ടല്ല, മുതല് കൂട്ടുന്ന ആളാണ്. നാണം അല്‍പമെങ്കിലുമുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടിയും കെ എം മാണിയും രാജിവയ്ക്കണം. പാലക്കാട് വടക്കഞ്ചേരിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് വി എസ് പറഞ്ഞു. വെള്ളാപ്പള്ളി നടേശന്‍ മൈക്രോഫിനാന്‍സിലൂടെ തട്ടിയെടുത്ത ലക്ഷങ്ങള്‍ മൂടിവയ്ക്കാനാണ് ബിജെപി ബാന്ധവത്തിലൂടെ ശ്രമിച്ചതെന്ന് ആലത്തൂരില്‍ വിഎസ് പറഞ്ഞു.
മാണിക്കെതിരേ പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് വിജിലന്‍സ് കോടതിയുടെ വിധി വന്നതോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രി രമേശ് ചെന്നിത്തല എന്നിവരുടെ മാത്രമല്ല കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ കെ ആന്റണിയുടെയും കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെയും തനിനിറം പുറത്തുവന്നിരിക്കുകയാണ്. കോടതി ഉത്തരവ് സര്‍ക്കാരിന് കനത്ത പ്രഹരമാണു നല്‍കിയിരിക്കുന്നതെന്നും വിഎസ് പറഞ്ഞു.
Next Story

RELATED STORIES

Share it