Flash News

മാണി കോണ്‍ഗ്രസ്സിന് രാജ്യസഭാ സീറ്റ്‌; കോണ്‍ഗ്രസ്സില്‍ അടി

തിരുവനന്തപുരം: യുഡിഎഫിന്റെ രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ്സിന് നല്‍കിയതിനെ ചൊല്ലി പാര്‍ട്ടിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപം പുതിയ തലത്തിലേക്ക്. മാണിക്ക് സീറ്റ് വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ചുക്കാന്‍പിടിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ എന്നിവര്‍ക്കെതിരേ ഗ്രൂപ്പിനതീതമായി കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശനവുമായി രംഗത്തെത്തി.
സീറ്റ് വിട്ടുനല്‍കല്‍ മുന്‍കൂട്ടി നിശ്ചയിച്ച തിരക്കഥയാണോ എന്നു സംശയമുണ്ടെന്ന് ജോസഫ് വാഴക്കന്‍ പറഞ്ഞു. പാര്‍ട്ടിയുടെ വിശ്വാസ്യത തിരിച്ചുപിടിക്കാന്‍ തിരുത്തല്‍ നടപടി വേണമെന്ന് ഷാനിമോള്‍ ഉസ്മാന്‍ അഭിപ്രായപ്പെട്ടു. പാര്‍ട്ടി രാഷ്ട്രീയകാര്യ സമിതി ചേര്‍ന്നായിരുന്നു സീറ്റിന്റെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടിയിരുന്നതെന്ന് കെ വി തോമസ്. പാര്‍ട്ടിയില്‍ അമര്‍ഷം തുടരുകയാണെന്നും അതു പരിഹരിക്കാന്‍ പാര്‍ട്ടി സമിതികള്‍ ചേരണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. ഉമ്മന്‍ചാണ്ടിയുടെ പേഴ്‌സനല്‍ അജണ്ടയാണ് നടന്നതെന്നും സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ഹൈക്കമാന്‍ഡിനെ തെറ്റിദ്ധരിപ്പിച്ചെന്നുമുള്ള ഗുരുതര ആരോപണവുമായി പി ജെ കുര്യന്‍ രംഗത്തെത്തി.
അതിനിടെ, തലസ്ഥാനത്ത് ചേര്‍ന്ന മുന്നണിയോഗത്തില്‍ നിന്ന് വി എം സുധീരന്‍ ഇറങ്ങിപ്പോയി. ഇടവേളയ്ക്കുശേഷം കെ എം മാണി കൂടി പങ്കെടുത്ത യോഗമാണ് കോണ്‍ഗ്രസ് നേതാക്കളുടെയും ഘടകകക്ഷികളുടെയും പ്രതിഷേധത്തിനു വേദിയായത്. കോണ്‍ഗ്രസ്സിന്റെ പോക്ക് നാശത്തിലേക്കാണെന്നും ഇപ്പോഴത്തെ തീരുമാനങ്ങളുടെ ഗുണഭോക്താവ് ബിജെപി മാത്രമാണെന്നും സുധീരന്‍ തുറന്നടിച്ചു.
യുഡിഎഫ് പാര്‍ലമെന്ററികാര്യ സെക്രട്ടറിയും ജേക്കബ് വിഭാഗം നേതാവുമായ ജോണി നെല്ലൂര്‍ യുഡിഎഫ് യോഗം ബഹിഷ്‌കരിച്ചു. തീരുമാനം ശരിയായില്ലെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസും പ്രതികരിച്ചു. സീറ്റ് വിട്ടുനല്‍കിയതില്‍ പ്രതിഷേധിച്ച് കെ മുരളീധരന്‍ എംഎല്‍എ യുഡിഎഫ് ഉന്നതാധികാര സമിതി യോഗത്തില്‍ പങ്കെടുത്തില്ല.
ഗ്രൂപ്പ്‌ഭേദമെന്യേ ഇത്രയും വലിയ പൊട്ടിത്തെറി കോണ്‍ഗ്രസ്സില്‍ അടുത്തകാലത്ത് ഇതാദ്യമാണ്. എന്നാല്‍, വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും സംയമനത്തോടെ നേരിടാനാണ് നേതാക്കളുടെ ശ്രമം. അതിനിടെ, പ്രതിഷേധം തെരുവിലേക്കും വ്യാപിച്ചു. യുഡിഎഫ് യോഗം നടന്ന കന്റോണ്‍മെന്റ് ഹൗസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.
Next Story

RELATED STORIES

Share it