മാണിയെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നു: പിണറായി

കോട്ടയം: മന്ത്രി കെ എം മാണിയുടെ പക്കല്‍ നിന്ന് നിയമവകുപ്പ് ഒഴിവാക്കി മാണിയെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശ്രമം നടത്തുകയാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ധനമന്ത്രി സ്ഥാനത്ത് മാണിയെ നിലനിര്‍ത്താനുള്ള കുരുട്ടുബുദ്ധിയാണ് ഇതിനു പിന്നില്‍.
കോട്ടയത്ത് എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാര്‍ കോഴക്കേസ് വിധിയോടെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയ്ക്കു തുടരാന്‍ അര്‍ഹതയില്ലാതായി. കോണ്‍ഗ്രസ്സിലെ ആദര്‍ശധീരന്‍മാര്‍ഇക്കാര്യത്തില്‍ പ്രതികരിക്കുന്നില്ല. ഈ പ്രശ്‌നത്തില്‍ നിലപാടെടുക്കാന്‍ അവര്‍ ധൈര്യം കാണിക്കണമെന്നും പിണറായി പറഞ്ഞു.
ഉമ്മന്‍ചാണ്ടി അഴിമതിയുടെ അഴുക്കുചാലില്‍: പന്ന്യന്‍ രവീന്ദ്രന്‍
മലപ്പുറം: അഴിമതിയുടെ ദുര്‍ഗന്ധം വമിക്കുന്ന അഴുക്കുചാലിലാണു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുള്ളതെന്നും ഇതിലേക്കാണ് കെ എം മാണിയെ മുഖ്യന്‍ ക്ഷണിക്കുന്നതെന്നും സിപിഐ കേന്ദ്രകമ്മിറ്റിയംഗം പന്ന്യന്‍ രവീന്ദ്രന്‍. മലപ്പുറം പ്രസ് ക്ലബ്ബ് തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു സംഘടിപ്പിച്ച തദ്ദേശപ്പോര് മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരത്തില്‍ കടിച്ചുതൂങ്ങാനാണു മാണി ശ്രമിക്കുന്നത്. ഉപ്പുതിന്നവന്‍ വെള്ളംകുടിക്കുകതന്നെ ചെയ്യുമെന്നും ഒരുകാലത്ത് മാണി ജനകീയ കോടതിയില്‍ ഹാജരാവേണ്ടിവരുമെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.
ഉന്നതാധികാര
സമിതി ചര്‍ച്ചചെയ്യും: മന്ത്രി പി ജെ ജോസഫ്
തൊടുപുഴ: ബാര്‍ കോഴക്കേസില്‍ ചെയര്‍മാന്‍ കെ എം മാണിക്കെതിരായ വിജിലന്‍സ് കോടതി വിധിയുടെ പേരില്‍ പാര്‍ട്ടിയില്‍ ഭിന്നതയില്ലെന്ന് വര്‍ക്കിങ് ചെയര്‍മാന്‍കൂടിയായ മന്ത്രി പി ജെ ജോസഫ്. തിരഞ്ഞെടുപ്പിനു ശേഷം ഉന്നതാധികാര സമിതി ചേര്‍ന്ന് ഇക്കാര്യം ചര്‍ച്ചചെയ്യും. തിരഞ്ഞെടുപ്പിനിടയില്‍ ഉന്നതാധികാര സമിതി ചേരുന്നതു പ്രായോഗികമല്ല. തുടര്‍നടപടികള്‍ ഉന്നതാധികാര സമിതി യോഗത്തില്‍ തീരുമാനിക്കുമെന്നും മന്ത്രി ജോസഫ് പുറപ്പുഴയിലെ വസതിയില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
കേരളാ കോണ്‍ഗ്രസ്
നേരിടുന്നത് കടുത്ത പ്രതിസന്ധി: പി സി ജോസഫ്
തൊടുപുഴ: 51 വര്‍ഷത്തിനിടെ കേരളാ കോണ്‍ഗ്രസ് നേരിടുന്ന ഏറ്റവും കടുത്ത പ്രതിസന്ധിയാണ് ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന വിജിലന്‍സ് കോടതി വിധിയിലൂടെ ഉണ്ടായിരിക്കുന്നതെന്ന് കേരളാകോ ണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പി സി ജോസഫ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ജനാധിപത്യ പാര്‍ട്ടിയെന്ന നിലയില്‍ ഉന്നതാധികാര സമിതിയില്‍ ചര്‍ച്ചചെയ്ത് പൊതുജനങ്ങള്‍ക്കും അണികള്‍ക്കും അനുഭാവികള്‍ക്കും ബോധ്യപ്പെടുന്ന തരത്തിലുള്ള തീരുമാനം ഉണ്ടാവുമെന്നാണു പ്രതീക്ഷയെന്നും പി സി ജോസഫ് പറഞ്ഞു.
മാണി രാജിവയ്‌ക്കേണ്ടെന്ന് കെ പി വിശ്വനാഥന്‍

തൃശൂര്‍: കോടതി പരാമര്‍ശത്തിന്റെ പേരില്‍ മാണി രാജിവയ്‌ക്കേണ്ടെന്നാണു തന്റെ അന്നത്തെയും ഇന്നത്തെയും നിലപാടെന്ന് മുന്‍ വനം മന്ത്രി കെ പി വിശ്വനാഥന്‍. തന്റെ രാഷ്ട്രീയ ജീവിതത്തില്‍ 12 വര്‍ഷങ്ങളാണു നഷ്ടപ്പെട്ടത്. പൊതുജീവിതത്തില്‍ ഇത്രയും ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാവുമെന്നു പ്രതീക്ഷിച്ചില്ല. മാണിയുടെ കേസില്‍ ഇപ്പോള്‍ വന്നിരിക്കുന്നത് അന്തിമ വിധിയല്ലെന്നും മാണിയെ പുറത്താക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയും
ആഭ്യന്തരമന്ത്രിയും കൂട്ടുപ്രതികള്‍: പി കെ കൃഷ്ണദാസ്
പത്തനംതിട്ട: ബാര്‍ കോഴക്കേസില്‍ കെ എം മാണി ഒന്നാംപ്രതിയാണെങ്കില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും കൂട്ടുപ്രതികളാണെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതിയംഗം പി കെ കൃഷ്ണദാസ് പറഞ്ഞു. പത്തനംതിട്ട പ്രസ് ക്ലബ്ബിന്റെ തദ്ദേശം- 2015 പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാര്‍കോഴ കേസില്‍ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും കേസ് നിലനില്‍ക്കുമെന്നുമാണു കോടതി പറഞ്ഞത്.
കോടതിവിധിയുടെ ടൈമിങ് 'ഗംഭീരം': എം എം ഹസന്‍
കല്‍പ്പറ്റ: ബാര്‍ കോഴ വിഷയത്തി ല്‍ കോടതി ഉത്തരവിന്റെ ടൈമിങ് ഗംഭീരമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് എം എം ഹസന്‍. കല്‍പ്പറ്റയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായാണ് ഹസന്‍ പരിഹാസരൂപേണ പ്രതികരിച്ചത്.
ഉത്തരവ് ആസൂത്രിതമാണെന്നു താന്‍ പറയുന്നില്ല. എന്നാല്‍ ഇതിന്റെ ഗുണഭോക്താക്കള്‍ ഇടതുപക്ഷമാണെന്നും എം എം ഹസന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it