Districts

മാണിയെ വിമര്‍ശിച്ച് നേതാക്കളുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍

കൊച്ചി: ബാര്‍ കോഴക്കേസില്‍ മാണിക്കെതിരേ പിണറായി വിജയന്‍ അടക്കമുള്ള നേതാക്കളുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍. അധികാരത്തില്‍ കടിച്ചുതൂങ്ങി അഴിമതി സംരക്ഷിക്കാനും കേസ് ഇല്ലാതാക്കാനും നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടിരിക്കുന്നുവെന്നും മാണി നാണംകെട്ട് പുറത്തേക്കു പോവേണ്ടിവരുന്ന ഈ അവസ്ഥ ഉണ്ടാക്കിവച്ചത് ഉമ്മന്‍ചാണ്ടിയാണെന്നും പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഹൈക്കോടതിയുടെ നിശിത വിമര്‍ശനത്തിന് ഇരയാവേണ്ടിവന്ന കെ എം മാണി, ഉമ്മന്‍ചാണ്ടി നയിക്കുന്ന സര്‍ക്കാരിന്റെ പ്രതീകമാണ്. ഹൈക്കോടതി വിധി മാണിയെ മാത്രമല്ല ഉമ്മന്‍ചാണ്ടിയെയും ബാധിക്കുന്നതാണെന്നു പിണറായി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ബാര്‍ ക്കോഴക്കേസില്‍ ഹൈക്കോടതി വിധി വന്നതോടെ മന്ത്രി കെ എം മാണിയുടെ രാജി അനിവാര്യമായിരിക്കുന്നുവെന്ന് വി ഡി സതീശന്‍ എംഎല്‍എയും തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവയ്ക്കുന്നു. നാലുമാസം മുമ്പ് മുതിര്‍ന്ന യുഡിഎഫ് നേതാക്കള്‍ കെ എം മാണിയോടു സംസാരിച്ച് അദ്ദേഹത്തെക്കൊണ്ട് രാജിവയ്പിക്കണമെന്നു താന്‍ അഭ്യര്‍ഥിച്ചിരുന്നു. ദൗര്‍ഭാഗ്യവശാല്‍ അതുണ്ടായില്ല. തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നല്‍കിയത് അതിനുള്ള മറുപടിയായിരുന്നുവെന്നും വി ഡി സതീശന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ബാര്‍ കോഴ വിഷയം യുഡിഎഫിനും കോണ്‍ഗ്രസ്സിനും ചുമക്കേണ്ടിവന്നത് വലിയ ഗതികേടായിരുന്നുവെന്നും വൈകിയാണെങ്കിലും കെ എം മാണി രാജിവയ്ക്കാന്‍ മടിക്കരുതെന്നും വി ഡി സതീശന്‍ അഭിപ്രായപ്രകടനം നടത്തുന്നുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ മല്‍സരിക്കുന്ന ഏറ്റവും അടിത്തട്ടിലുള്ള പ്രവര്‍ത്തകരുടെ തിരഞ്ഞെടുപ്പ് സാധ്യതകളെ പ്രതികൂലമായി ബാധിക്കുമെന്ന് കരുതിയാണു താന്‍ ഇതുവരെ പ്രതികരിക്കാതിരുന്നതെന്നും ഇനി പ്രതികരിക്കാതെയിരിക്കാന്‍ കഴിയില്ലെന്നും സതീശന്റെ ഫേസ്ബുക്ക് പോസ്റ്റിലുണ്ട്.
മന്ത്രി കെ എം മാണിക്ക് എതിരേ സംവിധായകന്‍ ആഷിക് അബുവും ഫേ—സ്ബുക്കില്‍ തന്റെ അഭിപ്രായം പോസ്റ്റ് ചെയ്തിട്ടുണ്ട്. മതി സാറമ്മാരേ... തയംബിന്റെ കാലം പോയി എന്നാണ് ആഷിക് അബുവിന്റെ പോസ്റ്റ്. മാണി രാജിക്ക് ഇല്ലെന്ന നിലപാടില്‍നിന്നിരുന്നെങ്കില്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെയും ആഹ്വാനം ഇല്ലാതെ ജനങ്ങള്‍ തെരുവില്‍ ഇറങ്ങും സര്‍ക്കാരേ... എന്ന പോസ്റ്റും ആഷികിന്റേതായുണ്ട്.
ഈ സീസര്‍ക്കോ അതിയാന്റെ ഭാര്യക്കോ പാലായുമായി പുലബന്ധമില്ലാത്ത സ്ഥിതിക്ക് കോടതി പരാമര്‍ശത്തിന്റെ പേരില്‍ മാണി സാര്‍ രാജിവയ്ക്കരുത് എന്നാണ് അങ്ങയുടെ വിനീത പ്രജകളായ ഞങ്ങളുടെ അഭിപ്രായം (ഞങ്ങള്‍ക്ക് അറിയാവുന്ന സീസര്‍ വെല ഇച്ചരെ കൂടുതലാണേലും, സംഗതി ഡബിള്‍ ഓക്കെയാ) എന്നാണു സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ ഫേസ്ബുക്ക് പേജില്‍ എഴുതിയിരിക്കുന്നത്.
Next Story

RELATED STORIES

Share it