Flash News

മാണിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്സും സിപിഐയും



കോട്ടയം: സിപിഎം പിന്തുണയോടെ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പിടിച്ച കേരളാ കോണ്‍ഗ്രസ്സി (എം)ന്റെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണവും സിപിഐ മുഖപത്രമായ ജനയുഗവും. കേരളാ കോണ്‍ഗ്രസ് എമ്മിന്റെ നടപടി രാഷ്ട്രീയസദാചാരത്തിനു നിരക്കാത്തതാണെന്നും മാണിയുടെ യാത്ര കനാലിലേക്കോ നരകത്തിലേക്കോ ആണെന്നും വീക്ഷണം മുഖപ്രസംഗത്തില്‍ പരിഹസിച്ചപ്പോള്‍, മാണി ഗ്രൂപ്പിന്റെ നടപടി രാഷ്ട്രീയ അധാര്‍മികതയാണെന്നായിരുന്നു ജനയുഗത്തിന്റെ വിമര്‍ശനം. ദേവദാസികളെപ്പോലെ ആരുടെ മുമ്പിലും ആടാനും പാടാനുമുള്ള മാണിയുടെ രാഷ്ട്രീയ അശ്ലീലത ആരെയും ലജ്ജിപ്പിക്കുന്നതാണെന്ന് വീക്ഷണം പറയുന്നു. മാണി യുഡിഎഫ് വിട്ടുപോയതും എല്‍ഡിഎഫ് ബന്ധത്തിനു ശ്രമിക്കുന്നതും അധികാരമില്ലാതെ ജീവിക്കാനാവില്ലെന്ന അവസ്ഥയില്‍ നിന്നാണ്. രാത്രികളും ശയ്യയും മാറിമാറി പങ്കിടുന്ന തൊഴിലിന്റെ പേര് പറയാതെതന്നെ എല്ലാവര്‍ക്കുമറിയാം. യുഡിഎഫില്‍ നിന്നുകൊണ്ട് എല്‍ഡിഎഫ് സഹായത്തോടെ മുഖ്യമന്ത്രി സ്ഥാനത്തേക്കെത്താന്‍ മാണി നടത്തിയ വിഫലശ്രമങ്ങള്‍ ആര്‍ക്കും മറക്കാനാവില്ല. യുഡിഎഫ് ബന്ധം ഉപേക്ഷിച്ച് മാണി തെരുവിലേക്കിറങ്ങിയപ്പോള്‍ പിന്നാലെ കൂടിയ പൂവാലന്‍മാരെ മാണി മോഹിപ്പിച്ചു. യുഡിഎഫ് അല്ലെങ്കില്‍ എല്‍ഡിഎഫ്, അതുമല്ലെങ്കില്‍ ബിജെപി എന്ന തത്വദീക്ഷയില്ലാത്ത നിലപാടാണ് മാണിയുടേത്. രണ്ടുകൊല്ലം കഴിഞ്ഞ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജോസ് കെ മാണിയെ വീണ്ടും ഡല്‍ഹിയിലെത്തിക്കണമെങ്കില്‍ ഏതെങ്കിലും ഒരു മുന്നണിയില്‍ ചേക്കേറിയേ മതിയാവൂ. സിപിഎം നിര്‍ദേശിക്കുന്ന വാഗ്ദത്ത ഭൂമിയിലേക്കുള്ള പുറപ്പാടിലാണ് മാണിയും അനുയായികളും. മാണിയെ യുഡിഎഫ് സഹിച്ചതുപോലെ മറ്റൊരു പാര്‍ട്ടിക്കും സഹിക്കേണ്ടിവന്നിട്ടില്ലെന്ന് വീക്ഷണം മുഖപസംഗം പറയുന്നു. സംസ്ഥാന രാഷ്ട്രീയത്തില്‍ അഴിമതി സ്ഥാപനവല്‍ക്കരിച്ച മാണി കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ സിപിഎം അംഗങ്ങള്‍ നല്‍കിയ വോട്ട് എല്‍ഡിഎഫിനെ അധികാരത്തിലെത്തിച്ച സാമാന്യജനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത അവസരവാദമായേ വിലയിരുത്താനാവൂ എന്ന് ജനയുഗം പറയുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ അധാര്‍മികവും അഴിമതി നിറഞ്ഞതുമായ ഭരണവൈകൃതത്തില്‍ മനംമടുത്ത ജനങ്ങളാണ് അവരെ അധികാരത്തില്‍ നിന്നു പുറത്താക്കിയത്. ആ അഴിമതി ഭരണത്തിന്റെ പ്രതീകവും മുഖമുദ്രയുമായിരുന്നു കേരളാ കോണ്‍ഗ്രസ്സും കെ എം മാണിയും. അത്തരമൊരു രാഷ്ട്രീയപ്പാര്‍ട്ടിയെ അധികാരത്തിലെത്തിക്കാന്‍ സിപിഎം തയ്യാറാവുമെന്നു ജനാധിപത്യത്തിലും രാഷ്ട്രീയ ധാര്‍മികതയിലും വിശ്വസിക്കുന്ന കേരളജനത സ്വപ്‌നത്തില്‍ പോലും കരുതിയിട്ടുണ്ടാവില്ല. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പു വിജയം എന്തു സംഭാവനയാണ് എല്‍ഡിഎഫിന് നല്‍കുകയെന്നതു വിശദീകരിക്കാന്‍ അട്ടിമറിക്ക് ഒത്താശചെയ്ത സിപിഎം നേതാക്കള്‍ ബാധ്യസ്ഥരാണ്. കോട്ടയം പോലുള്ള അവസരവാദ പരീക്ഷണങ്ങള്‍ ദേശീയ ബദലിനു വേണ്ടിയുള്ള ഇടതുപക്ഷ പാര്‍ട്ടികളുടെ കൂട്ടായ യത്‌നങ്ങള്‍ക്ക് വിലങ്ങുതടിയായിക്കൂടായെന്നും മുഖപ്രസംഗം ഓര്‍മപ്പെടുത്തുന്നു.
Next Story

RELATED STORIES

Share it