Flash News

മാണിയെ മുഖ്യമന്ത്രിയാക്കാന്‍ എല്‍ഡിഎഫ് ക്ഷണിച്ചു ; സ്ഥിരീകരണവുമായി കേരളാ കോണ്‍ഗ്രസ് മുഖപത്രം



കോട്ടയം: കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനും മുന്‍ ധനമന്ത്രിയുമായിരുന്ന കെ എം മാണിയെ മുഖ്യമന്ത്രിയാക്കാന്‍ എ ല്‍ഡിഎഫ്് ക്ഷണിച്ചുവെന്നതിന് സ്ഥിരീകരണവുമായി കേരളാ കോണ്‍ഗ്രസ് (എം) മുഖപത്രം പ്രതിച്ഛായ. മുഖ്യമന്ത്രിപദം നിരസിച്ചതിന് സമ്മാനം ബാര്‍കോഴ വിവാദം’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന മുഖപ്രസംഗത്തിലാണ് കെ എം മാണിയുടെ എല്‍ഡിഎഫ് പ്രവേശനം സംബന്ധിച്ച് മന്ത്രി ജി സുധാകരന്‍ നടത്തിയ വെളിപ്പെടുത്തല്‍ വസ്തുതയാണെന്ന് വ്യക്തമാക്കുന്നത്. ആര്‍ക്കും നന്‍മ വരണമെന്ന് ആഗ്രഹിക്കുന്ന മനുഷ്യനാണ് മന്ത്രി ജി സുധാകരന്‍. എന്തും വെട്ടിത്തുറന്ന് പറയുന്ന സ്വഭാവം. അങ്ങനെയുള്ള സുധാകരന്‍ കെ എം മാണിയെക്കുറിച്ച് നടത്തിയ വെളിപ്പെടുത്തല്‍ ദുരുദ്ദേശ്യത്തോടെയാണെന്ന് ശത്രുക്ക ള്‍പോലും കരുതുന്നുണ്ടാവില്ല. കെ എം മാണിയുടെ രാഷ്ട്രീയ സത്യസന്ധതയ്ക്ക് ലഭിച്ച ഉത്തമ സാക്ഷ്യമാണ് സുധാകരന്റെ പ്രസ്താവനയെന്നും മുഖപ്രസംഗം പറയുന്നു. കെപിസിസി പ്രസിഡന്റ് എം എം ഹസനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും രൂക്ഷമായി വിമര്‍ശിക്കുന്ന മുഖപ്രസംഗം, ജി സുധാകരന് പുറമെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും മുഖ്യമന്ത്രി പിണറായി വിജയനെയും അഭിനന്ദിക്കുന്നുമുണ്ട്. മുഖ്യമന്ത്രി സ്ഥാനം സ്വീകരിച്ച് മുന്നണി വിട്ടുപോരാന്‍ ശക്തമായ പ്രലോഭനമുണ്ടായിട്ടും അതിനെ ചെറുത്ത് യുഡിഎഫ് സംവിധാനം രക്ഷിച്ചതാണോ മാണി ചെയ്ത കുറ്റം. അതിനദ്ദേഹം വഴങ്ങിയിരുന്നെങ്കില്‍ കേരളത്തിന്റെ രാഷ്ട്രീയചിത്രം മറ്റൊന്നാവുമായിരുന്നു. ഇത്രയും കടുത്ത രാഷ്ട്രീയത്യാഗം മാണി ഒഴിച്ച് മറ്റൊരു നേതാവും നടത്തിയ ചരിത്രമില്ല. ചില നേതാക്കള്‍ക്ക് മാണിയെ വീഴ്ത്തണമായിരുന്നു. അങ്ങിനെയാണ് ബാര്‍കോഴ വിവാദം അവതരിക്കുന്നത്. മാണിയെ മുഖ്യമന്ത്രിയാക്കാതിരിക്കാനുള്ള ഉമ്മന്‍ചാണ്ടിയുടെ അടവാണ് ബാര്‍കോഴയെന്നായിരുന്നു പിണറായിയുടെ അന്നത്തെ പ്രതികരണം. എന്നാല്‍, ബാര്‍കോഴ ശുദ്ധ അസംബന്ധമാണെന്നു ഉമ്മന്‍ചാണ്ടി പ്രതികരിച്ചപ്പോള്‍, വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടുകയാണ് ചെന്നിത്തല ചെയ്തത്. സുധാകരന്റെ പരാമര്‍ശത്തെക്കുറിച്ച് എം എം ഹസന്റെ പ്രതികരണം പച്ചക്കള്ളമാണ്. ഇങ്ങനെ നുണപറയുന്ന നേതാക്കളാണ് രാഷ്ട്രീയത്തിലെ കളങ്കം. ഉപ്പുതിന്നവര്‍ വെള്ളം കുടിച്ചുകൊണ്ടിരിക്കുകയാണ്.  മാണിയുടെ നെഞ്ചില്‍ ഇത്ര നിര്‍ദയമായി കഠാരയിറക്കിയ രാഷ്ട്രീയ ബ്രൂട്ടസുമാര്‍ക്കു കാലവും കേരളത്തിലെ ജനങ്ങളും മാപ്പുനല്‍കില്ലെന്ന് മുന്നറിയിപ്പ് നല്‍കിയാണ് മുഖപ്രസംഗം അവസാനിക്കുന്നത്.
Next Story

RELATED STORIES

Share it