മാണിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ വിജിലന്‍സ് ശുപാര്‍ശ

സ്വന്തം പ്രതിനിധി
തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ ധനമന്ത്രി കെ എം മാണിയെ അഴിമതി നിരോധന നിയമപ്രകാരം പ്രോസിക്യൂട്ട് ചെയ്യണമെന്ന് വിജിലന്‍സ് ശുപാര്‍ശ. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച 268 പേജുള്ള വസ്തുതാവിവര റിപോര്‍ട്ടിലെ ശുപാര്‍ശകളാണ് പുറത്തുവന്നത്.

പാലായിലെ വീട്ടിലും തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലും വച്ച് കോഴ വാങ്ങിയതിന് തെളിവുകളുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന വിജിലന്‍സ് എസ്.പി. ആര്‍ സുകേശന്‍ തയ്യാറാക്കിയ റിപോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍, വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോള്‍ ഈ റിപോര്‍ട്ട് തള്ളുകയും മാണിയെ കുറ്റവിമുക്തനാക്കി മറ്റൊരു റിപോര്‍ട്ട് കോടതിയില്‍ നല്‍കുകയുമായിരുന്നു.

മാണിക്കെതിരേ തെളിവില്ലെന്നും അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യേണ്ട ആവശ്യമില്ലെന്നുമാണ് വിജിലന്‍സ് ഡയറക്ടര്‍ കോടതിയില്‍ നല്‍കിയ റിപോര്‍ട്ടില്‍ പറഞ്ഞത്. തെളിവുകള്‍ ശേഖരിച്ചതില്‍ നിന്നു 2014 മാര്‍ച്ച് 22ന് പാലായില്‍ വച്ച് 15 ലക്ഷവും ഏപ്രില്‍ 2ന് ഔദ്യോഗിക വസതിയില്‍ വച്ച് 10 ലക്ഷവും കെ എം മാണി കോഴ വാങ്ങിയെന്നാണ് എസ്.പി. ആര്‍ സുകേശന്റെ റിപോര്‍ട്ട് പറയുന്നത്.

ബാറുകളുടെ ലൈസന്‍സ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് 2014 മാര്‍ച്ച് 26ലെ മന്ത്രിസഭാ യോഗ തീരുമാനം മന്ത്രി മാണി ഇടപെട്ട് മനപ്പൂര്‍വം വൈകിപ്പിച്ചു. ഇതു ബാര്‍ ഉടമകള്‍ക്കു വേണ്ടി അനുകൂല തീരുമാനമെടുക്കാനാണെന്നു കരുതാം. കോഴ വാങ്ങിയിട്ടില്ലെന്നാണ് 2015 മെയ് 8ന് നടന്ന ചോദ്യം ചെയ്യലില്‍ മാണി പറഞ്ഞതെങ്കിലും മൊഴികളും രേഖകളും ശാസ്ത്രീയ തെളിവുകളും മാണിക്കെതിരാണ്.

കോഴയ്ക്കായി ഭാരവാഹികളില്‍ നിന്നുള്ള പണസമാഹരണം 2014 മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ നടന്നതായി മൊഴി നിലനില്‍ക്കെ ഈ മാസങ്ങളില്‍ ബാര്‍ ഹോട്ടല്‍ അസോസിയേഷന്റെ പണമിടപാടുകള്‍ കാഷ്ബുക്കില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും റിപോര്‍ട്ടില്‍ പറയുന്നു. മന്ത്രിസഭാ യോഗങ്ങള്‍ക്കു മുമ്പായി മാണിയുമായി ബാര്‍ ഉടമകള്‍ മൂന്നു കൂടിക്കാഴ്ചകള്‍ നടത്തി. ഇതിനു മുമ്പ് ബാര്‍ ഉടമകള്‍ പണപ്പിരിവ് നടത്തി.

മാണി പാലായിലുണ്ടെന്ന് ഉറപ്പാക്കിയ ശേഷം 15 ലക്ഷം പിരിച്ചു. ഈ തുക ബാര്‍ ഉടമകള്‍ കൈവശം വച്ചതിനെ സംബന്ധിച്ച മൊഴികളില്‍ വൈരുധ്യമുണ്ട്.  മാണിക്ക് പണം കൈമാറിയില്ലെന്ന മൊഴി സംശയാസ്പദമാണ്.ഔദ്യോഗിക വസതിയില്‍ വച്ച് മാണി പണം വാങ്ങിയെന്ന കേസിലെ ഏക ദൃക്‌സാക്ഷിയും ബാര്‍ ഉടമ ബിജു രമേശിന്റെ ഡ്രൈവറുമായ അമ്പിളിയുടെ മൊഴിയെ സാധൂകരിക്കുന്ന സാഹചര്യത്തെളിവുകളുണ്ട്.

അസോസിയേഷന്‍ ഭാരവാഹിയായ രാജ്കുമാര്‍ ഉണ്ണി ഉള്‍പ്പെടെയുള്ളവര്‍ നുണപരിശോധനക്ക് ഹാജരാകാതിരുന്നത് സംശയാസ്പദമാണെന്നും റിപോര്‍ട്ടില്‍ പറയുന്നു. മാണിക്കെതിരേ തെളിവില്ലാത്തതിനാല്‍ കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി തേടി വിജിലന്‍സ് മേധാവി റിപോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നെങ്കിലും കോടതിയുടെ നിര്‍ദേശപ്രകാരമാണ് പിന്നീട് വസ്തുതാവിവര റിപോര്‍ട്ട് സംഘം കോടതിയില്‍ സമര്‍പ്പിച്ചത്.
Next Story

RELATED STORIES

Share it