മാണിയെ തിരിച്ചെടുക്കാന്‍ ആവശ്യപ്പെടില്ല: സുധീരന്‍

മഞ്ചേരി: മുന്‍ മന്ത്രി കെ എം മാണിയെ തിരിച്ചെടുക്കാന്‍ കെപിസിസി ആവശ്യപ്പെടില്ലെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ പറഞ്ഞു. അതേസമയം മന്ത്രിസഭയിലെടുക്കാന്‍ തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം അതിനുള്ള നടപടികള്‍ എടുക്കുമെന്നും സുധീരന്‍ പറഞ്ഞു. മഞ്ചേരിയില്‍ ജനരക്ഷാ യാത്രയോടനുബന്ധിച്ച് വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാര്‍ കോഴക്കേസ് സിബിഐ അന്വേഷി—ക്കേണ്ട ആവശ്യമില്ലെന്നായിരുന്നു ചോദ്യത്തിന് മറുപടിയായി സുധീരന്‍ പറഞ്ഞത്. അതേസമയം ബാര്‍ മുതലാളിമാരുടെ എല്ലാ കളികള്‍ക്കും കൂട്ടുനില്‍ക്കാന്‍ സര്‍ക്കാരിനെ കിട്ടില്ലെന്നും ഇപ്പോള്‍ ബാറുകള്‍ക്കെതിരെയുള്ള നിരോധനം എല്ലാ വര്‍ഷവും തുടരുമെന്നും സുധീരന്‍ വ്യക്തമാക്കി.
വിവാദ ടേപ്പുകള്‍ക്ക് പിന്നില്‍ സിപിഎം ആണ്. അവര്‍ ഇനിയും ബിജു രമേശിനെ വച്ച് കളിക്കും. ലാവ്‌ലിന്‍ കേസ് അന്വേഷണം സിബിഐ തണുപ്പിക്കുകയാണ്. ബിജെപിയുമായി കൂടിച്ചേര്‍ന്നും സിപിഎം കോണ്‍ഗ്രസ്സിനെതിരെ തിരിയുന്നുണ്ട്. ഇതിന്റെ ഉദാഹരണമാണ് ജയകൃഷ്ണന്‍ വധം പോലുള്ള കേസുകളില്‍ ബിജെപി മൗനം പാലിക്കുന്നത്. സിബിഐയുടെ ലിസ്റ്റിലുള്ള സിപിഎം നേതാക്കളെ ഒഴിവാക്കാനാണ് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതുമായി ചര്‍ച്ചയ്‌ക്കൊരുങ്ങുന്നത്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗും കോണ്‍ഗ്രസ്സും തമ്മിലുള്ള ഭിന്നത മുതലാക്കി നേടിയെടുത്ത സ്ഥാനങ്ങള്‍ രാജി വച്ചാല്‍ ഇവരെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കും. ശബരിമലയില്‍ തുടര്‍ന്ന് പോരുന്ന ആചാരത്തില്‍ കൈകടത്താന്‍ താല്‍പര്യമില്ല- കെപിസിസി പ്രസിഡന്റ് പറഞ്ഞു.
Next Story

RELATED STORIES

Share it