മാണിയെ കുറ്റവിമുക്തനാക്കി വീണ്ടും വിജിലന്‍സ് റിപോര്‍ട്ട്‌

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മുന്‍ ധനമന്ത്രി കെ എം മാണിയെ കുറ്റവിമുക്തനാക്കി വീണ്ടും വിജിലന്‍സ് റിപോര്‍ട്ട്. അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി കെ ഇ ബൈജു തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നല്‍കിയ അന്തിമ റിപോര്‍ട്ടിലാണ് മാണിക്കെതിരേ കുറ്റപത്രം നല്‍കാനുള്ള തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന മുന്‍ നിലപാട് വിജിലന്‍സ് ആവര്‍ത്തിച്ചത്.
മാണി സമര്‍പ്പിച്ച ഹരജിയില്‍ 45 ദിവസത്തിനകം അന്തിമ റിപോര്‍ട്ട് നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ഞായറാഴ്ചയാണ് 45 ദിവസം അവസാനിച്ചത്. വിജിലന്‍സ് സമര്‍പ്പിച്ച റിപോര്‍ട്ടിന്‍മേല്‍ വാദം കേട്ടശേഷമായിരിക്കും സ്വീകരിക്കണോ എന്ന കാര്യത്തില്‍ കോടതി തീരുമാനമെടുക്കുക. നേരത്തേ രണ്ടുതവണ മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് റിപോര്‍ട്ട് നല്‍കിയിരുന്നു.
മാണിക്കെതിരേ സാഹചര്യത്തെളിവുകളുണ്ടെന്ന് കാണിച്ച് ആദ്യ അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി ആര്‍ സുകേശന്‍ തയ്യാറാക്കിയ വസ്തുതാ വിവര റിപോര്‍ട്ടിനപ്പുറം ഒരു തെളിവും കണ്ടെത്താന്‍ വിജിലന്‍സിന് ആയിട്ടില്ല. ഇതും മാണിക്ക് അനുകൂലമായ തീരുമാനമുണ്ടാവാന്‍ കാരണമായേക്കാം. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൂട്ടിയ ബാറുകള്‍ തുറക്കാന്‍ അന്നു ധനമന്ത്രിയായിരുന്ന കെ എം മാണി ബാറുടമകളില്‍ നിന്ന് ഒരു കോടി രൂപ കോഴ വാങ്ങിയെന്നായിരുന്നു ആരോപണം.
2014 ഡിസംബറിലാണ് മാണിയെ പ്രതിയാക്കി വിജിലന്‍സ് കേസെടുത്തത്. തെളിവില്ലെന്നു ചൂണ്ടിക്കാട്ടി 2015 ജൂലൈയില്‍ കോടതിയില്‍ വിജിലന്‍സ് റിപോര്‍ട്ട് നല്‍കി. എന്നാല്‍, തുടരന്വേഷണം ആവശ്യപ്പെട്ട് വി എസ് അച്യുതാനന്ദന്‍ അടക്കം 11 പേര്‍ കോടതിയിലെത്തി. ഇതോടെ തുടരന്വേഷണത്തിനു കോടതി നിര്‍ദേശിച്ചു. മാണിയുടെ എല്‍ഡിഎഫ് പ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാവുന്നതിനിടയിലാണ് അദ്ദേഹത്തിന് ശുദ്ധിപത്രം നല്‍കുന്ന വിജിലന്‍സ് റിപോര്‍ട്ട് വന്നിരിക്കുന്നത്.
Next Story

RELATED STORIES

Share it