Kollam Local

മാണിയെ അധികാരത്തില്‍ നിന്ന് മാറ്റാതെ യഥാര്‍ഥ വസ്തുത വെളിച്ചത്ത് വരില്ലെന്ന് കാനം

കൊല്ലം: ബാര്‍കോഴ കേസില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടുവെങ്കിലും മന്ത്രി മാണിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്താതെ യഥാര്‍ഥ വസ്തുത വെളിച്ചത്ത് വരുകയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. കൊല്ലം പ്രസ്‌ക്ലബ്ബിന്റ 'തദ്ദേശീയം-2015പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേസ് അന്വേഷണം അട്ടിമറിക്കുമെന്ന് തങ്ങള്‍ വളരെ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയതാണ്. വിജിലന്‍സ് കോടതിയുടെ വിധി അതി ശരിവയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥന്റെ നിഗമനം കോടതി ശരിവയ്ക്കുകയും കേസ് അന്വേഷണം അവസാനിപ്പിക്കണമെന്ന വിജിലന്‍സ് ഡയറക്ടറുടെ റിപോര്‍ട്ട് തള്ളിക്കളയുകയുമാണ് ചെയ്തത്. ഇത് സര്‍ക്കാരിനേറ്റ കനത്ത പ്രഹരമാണ്. വിജിലന്‍സ് കൈകാര്യം ചെയ്യുന്ന ആഭ്യന്തര മന്ത്രിയും നിയമമന്ത്രി കെ എം മാണിയും ഉടനടി രാജിവയ്ക്കുകയായിരുന്നു വേണ്ടത്. അഭിമാനബോധമുണ്ടെങ്കില്‍ മന്ത്രിസഭ തന്നെ രാജിവയ്ക്കണം. ധനമന്ത്രി കെഎം മാണി ബാര്‍ഉടമകളില്‍ നിന്ന് 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി കണ്ടെത്തി. എന്നിട്ടും ഈ വിധിയില്‍ പുതുതായി ഒന്നുമില്ലെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറയുന്നത്. ഒന്നുകില്‍ വിധിപകര്‍പ്പ് അദ്ദേഹം വായിച്ചിട്ടില്ല, അല്ലെങ്കില്‍ മനഃപൂര്‍വം സത്യം മറച്ചുവയ്ക്കുകയാണ്. ഈ വിധിയെപറ്റി കെപിസിസി പ്രസിഡന്റ് പറഞ്ഞത് ജനങ്ങളുടെ കോടതി തീരുമാനിക്കട്ടെയെന്നാണ്. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന നവംബര്‍ രണ്ടിനും അഞ്ചിനുമാണ് ജനകീയകോടതി. സുധീരന്‍ ഈ കേസില്‍ തന്റെ സാക്ഷിമൊഴി ജനങ്ങളുടെ മുമ്പാകെ രേഖപ്പെടുത്തണമെന്ന് കാനം ആവശ്യപ്പെട്ടു. കീഴ്‌വഴക്കമനുസരിച്ച് താന്‍ രാജിവയ്ക്കില്ലെന്നാണ് മന്ത്രി മാണി പറയുന്നത്. വ്യക്തമായി കൈക്കൂലി വാങ്ങിയതിന് തെളിവുള്ള ഒരു കേസും മന്ത്രിമാര്‍ക്കെതിരെ മുമ്പൊന്നും ഉയര്‍ന്നിട്ടില്ല. മറ്റ് പല കാരണങ്ങളാലാണ് മന്ത്രിമാര്‍ രാജിവച്ചത്. എം എന്‍ ഗോവിന്ദന്‍നായര്‍, ടി വി തോമസ് എന്നിവര്‍ക്കെതിരേ ആരോപണമുയര്‍ന്നപ്പോള്‍ തല്‍ക്ഷണം അവര്‍ രാജിവയ്ക്കുകയും അന്വേഷണ കോടതി മുമ്പാകെ ഹാജരായി നിരപരാധിത്വം തെളിയിക്കുകയും ചെയ്തുവെന്നും കാനം പറഞ്ഞു.
Next Story

RELATED STORIES

Share it