മാണിയുടെ ഹരജി തള്ളി; വിജിലന്‍സ് നടപടിക്ക് സ്റ്റേ ഇല്ല

കൊച്ചി: ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് കോടതി നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് മുന്‍ ധനമന്ത്രി കെ എം മാണി നല്‍കിയ ഹരജിയില്‍ ഹൈക്കോടതി സ്റ്റേ അനുവദിച്ചില്ല. മാണിക്കെതിരേ വിജിലന്‍സ് നടത്തിയ അന്വേഷണം മൊബൈല്‍ ടവറുകള്‍ മാത്രം കേന്ദ്രീകരിച്ചാണെന്നും ഇതു പ്രഹസനമാണെന്നും കോടതി അഭിപ്രായപ്പെട്ടു. കേസില്‍ പുകമറസൃഷ്ടിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി സുകേശനെതിരേ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണമെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ജസ്റ്റിസ് പി ഡി രാജന്‍ പറഞ്ഞു.
മാണിയെ കുറ്റവിമുക്തനാക്കിയ വിജിലന്‍സിന്റെ അന്വേഷണ റിപോര്‍ട്ട് പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കേണ്ടത് തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ്. ശാസ്ത്രീയ തെളിവുകളായിരുന്നു അവലംബിക്കേണ്ടത്. ബാറുടമകളില്‍നിന്നു വേണ്ടത്ര തെളിവുകള്‍ ശേഖരിച്ചില്ല. എല്ലാവരും ചേര്‍ന്നുള്ള ഒത്തുകളിയാണു നടന്നത്. സുകേശനെതിരായ അന്വേഷണം പൂര്‍ത്തിയാകും വരെ വിചാരണക്കോടതിയിലെ നടപടികള്‍ നിര്‍ത്തിവയ്ക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ബാറുടമ ബിജു രമേശും എസ്പി സുകേശനും തമ്മിലുള്ള സംഭാഷണത്തിന്റെ സിഡി നല്‍കിയ സര്‍ക്കാര്‍ നടപടിയെയും ഹൈക്കോടതി വിമര്‍ശിച്ചു. മന്ത്രിക്കെതിരേ പോലിസ് ഉദ്യോഗസ്ഥന്‍ ഗൂഢാലോചന നടത്തിയെന്ന വാദം അംഗീകരിക്കാനാവില്ല. അങ്ങനെയെങ്കില്‍ ആ ഉദ്യോഗസ്ഥനെ സര്‍വീസില്‍നിന്നു നീക്കുകയാണു വേണ്ടത്.
ക്രൈംബ്രാഞ്ച് പ്രത്യേകസംഘം സുകേശനെതിരേ പ്രാഥമികാന്വേഷണം നടത്തിയെന്നാണ് അറിയിച്ചത്. ഏതു രേഖകളുടെ അടിസ്ഥാനത്തിലാണ് ഇതെന്നു വ്യക്തമല്ല. എന്തെങ്കിലും തെളിവു കണ്ടെത്താനായിട്ടുണ്ടെന്നു വ്യക്തമാക്കുന്നുമില്ല. ഈ സാഹചര്യത്തില്‍ ഇടക്കാല സ്റ്റേ അനുവദിക്കാനാവില്ലെന്നും കോടതി പറഞ്ഞു.
വിധി തിരിച്ചടിയല്ലെന്ന് മാണി
കോട്ടയം: ബാര്‍ കോഴക്കേസില്‍ ഹൈക്കോടതിയില്‍നിന്നു സ്റ്റേ ലഭിക്കാത്തത് തിരിച്ചടിയല്ലെന്ന് കെ എം മാണി എംഎല്‍എ. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേസ് തള്ളിയാല്‍ അതു തിരിച്ചടിയാവുമായിരുന്നു. കോടതിയിലിരിക്കുന്ന വിഷയമായതിനാല്‍ കൂടുതല്‍ പറയുന്നില്ല. സ്റ്റേ ലഭിച്ചില്ലെന്നു മാത്രമേയുള്ളൂ. കേസ് കോടതി കേള്‍ക്കും. തന്റെ വാദങ്ങള്‍ വിജിലന്‍സ് കോടതിയില്‍ തുടരും. വിശദമായി ചര്‍ച്ചചെയ്യാന്‍ സമയമുണ്ടല്ലോ. എല്ലാ വിവരങ്ങളും പുറത്തുവരട്ടെയെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it