മാണിയുടെ ഹരജി തള്ളല്‍; യുഡിഎഫിനേറ്റ തിരിച്ചടി: കോടിയേരി

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് കോടതി നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് കെഎം മാണി സമര്‍പ്പിച്ച ഹരജി തള്ളപ്പെട്ടത് മാണിക്കും യുഡിഎഫിനുമേറ്റ കനത്ത തിരിച്ചടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
ബാര്‍ കോഴക്കേസ് അന്വേഷിച്ച എസ്പി ആര്‍ സുകേശനെതിരേ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണെന്നും ഇത് പൂര്‍ത്തിയാവുന്നതുവരെ തനിക്കെതിരേയുള്ള കോടതി നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നുമാണ് കെഎം മാണി ഹൈക്കോടതിയില്‍ അഭ്യര്‍ഥിച്ചത്. മാണി സമര്‍പ്പിച്ച ഈ ഹരജി തള്ളി എന്നു മാത്രമല്ല, വിചാരണകോടതി നടപടികളില്‍ ഇടപെടില്ലെന്നും കോടതി അസന്ദിഗ്ധമായി പ്രഖ്യാപിക്കുകയാണ് ചെയ്തിട്ടുള്ളത്. ഒരു മന്ത്രിക്കെതിരേ തെളിവുകളില്ലാതെ അതേ സര്‍ക്കാരിന്റെ കാലത്ത് കേസെടുക്കുമോ എന്ന സുപ്രധാനമായ നിരീക്ഷണവും കോടതി നടത്തി. സുകേശനെ സംബന്ധിച്ച് സമര്‍പ്പിച്ച റിപോര്‍ട്ടില്‍ ഹൈക്കോടതി അസംതൃപ്തി രേഖപ്പെടുത്തിയതും ശ്രദ്ധേയമാണ്. കേസ് തേച്ചുമാച്ചു കളയുന്നതിനുള്ള ശ്രമങ്ങളാണ് തുടക്കത്തിലേ യുഡിഎഫ് സര്‍ക്കാര്‍ കാണിച്ചത്. കോടതി വിധി കണക്കിലെടുത്ത് മാണി തിരഞ്ഞെടുപ്പ് മല്‍സരരംഗത്ത് നിന്നു മാറിനില്‍ക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
നല്ലപിള്ള ചമയാനുള്ള മാണിയുടെ ഗൂഢാലോചന പൊളിഞ്ഞു: വിഎസ്
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ സ്റ്റേ വാങ്ങി നല്ലപിള്ള ചമയാന്‍ കെഎം മാണിയും വിജിലന്‍സ് ഡയറക്റ്റര്‍ ശങ്കര്‍ റെഡ്ഡിയും നടത്തിയ ഗൂഢാലോചന ഹൈക്കോടതി വിധിയിലൂടെ പൊളിഞ്ഞെന്ന് പ്രതിപക്ഷനേതാവ് വിഎസ്
വിജിലന്‍സ് എസ്പി സുകേശനും ബാറുടമ ബിജു രമേശും തമ്മിലുള്ള ഗൂഢാലോചനയുടെ ഫലമാണ് ബാര്‍കോഴക്കേസ് എന്ന് വരുത്തിത്തീര്‍ക്കാനാണ് ഇവര്‍ ശ്രമിച്ചത്. അതിനുവേണ്ടി തയ്യാറാക്കിയ സിഡിയുടെ വിശ്വാസ്യതയും ഹൈക്കോടതി ചോദ്യം ചെയ്തിരിക്കുകയാണ്. ബാര്‍കോഴക്കേസില്‍ സത്യസന്ധമായി അന്വേഷണം നടത്തിയ സുകേശനെതിരേ ഇത്തരം ഒരു കള്ള സിഡിയുണ്ടാക്കി ഗൂഢാലോചനക്കേസെടുക്കാന്‍ പോലും യുഡിഎഫിന്റെ കൈയാളായ ശങ്കര്‍ റെഡ്ഡി തയ്യാറായി. ഇത് പോലിസ് വകുപ്പിനാകെ അപമാനവും കളങ്കവും ഏല്‍പ്പിച്ചിരിക്കുകയാണ്. അല്‍പ്പമെങ്കിലും ഉളുപ്പുണ്ടെങ്കില്‍, ശങ്കര്‍ റെഡ്ഡി തന്റെ മുന്‍ഗാമി വിന്‍സണ്‍ എം പോള്‍ ചെയ്തപോലെ ലീവെടുത്ത് മാറിനില്‍ക്കാനെങ്കിലും തയ്യാറാവണം. ബാര്‍കോഴക്കേസില്‍ 18ന് വിചാരണ തുടങ്ങുന്ന സാഹചര്യത്തില്‍ കെഎം മാണി മല്‍സരരംഗത്തുനിന്ന് മാറിനില്‍ക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it