Flash News

മാണിയുടെ മടങ്ങിവരവ് : കോണ്‍ഗ്രസ്സില്‍ ഭിന്നത



കോട്ടയം: കേരളാ കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ കെ എം മാണിയുടെ യുഡിഎഫിലേക്കുള്ള മടങ്ങിവരവിനെച്ചൊല്ലി കോണ്‍ഗ്രസ്സില്‍ അഭിപ്രായ ഭിന്നത. കോട്ടയത്ത് ഇന്നലെ ചേര്‍ന്ന യുഡിഎഫ് ജില്ലാ നേതൃയോഗത്തിലാണ് മാണിയോടുള്ള മുന്‍ നിലപാട് മയപ്പെടുത്തി എ ഗ്രൂപ്പ് രംഗത്തെത്തിയത്. എ ഗ്രൂപ്പ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് യുഡിഎഫിലേക്കുള്ള മടങ്ങിവരവ് തീരുമാനിക്കേണ്ടത് കെ എം മാണിയാണെന്ന് നേതൃയോഗത്തിനുശേഷം പരസ്യമായി അറിയിച്ചത്. അതേസമയം, കെ എം മാണിയുമായി ഒരു രാഷ്ട്രീയ കൂട്ടുകെട്ടും വേണ്ടെന്ന തീരുമാനത്തില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് കോട്ടയം ഡിസിസി വ്യക്തമാക്കി. സിപിഎമ്മിന്റെ വോട്ടു വാങ്ങി വിജയിച്ച മാണിയെ യുഡിഎഫില്‍ പ്രവേശിപ്പിക്കേണ്ടതില്ലെന്ന് കോട്ടയം ജില്ലാ യുഡിഎഫ് ചെയര്‍മാന്‍ ജോസി സെബാസ്റ്റിയന്‍ പറഞ്ഞു.കോട്ടയം ഡിസിസി യോഗത്തിലും കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയിലും കെ എം മാണിയുമായുള്ള രാഷ്ട്രീയ ബന്ധം അവസാനിപ്പിക്കുന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സ്വാതന്ത്ര്യ പ്രഖ്യാപനമാണെന്നായിരുന്നു തിരുവഞ്ചൂര്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍, പന്ത് മാണിയുടെ ഗോള്‍മുഖത്താണെന്നും അദ്ദേഹമാണ് കേരളാ കോണ്‍ഗ്രസ്സിന്റെ മുന്നണി പ്രവേശനം സംബന്ധിച്ച് തീരുമാനമെടുക്കേണ്ടതെന്നുമാണ് തിരുവഞ്ചൂരിന്റെ പുതിയ നിലപാട്. എ ഗ്രൂപ്പിന്റെ മലക്കംമറിച്ചിലിനു പിന്നില്‍ എ കെ ആന്റണിയുടെ ഇടപെടലുണ്ടെന്നും റിപോര്‍ട്ടുകളുണ്ട്.
Next Story

RELATED STORIES

Share it