മാണിയുടെ പാര്‍ട്ടി അതിവേഗം ഉറവ വറ്റുന്ന കിണര്‍: ഫ്രാന്‍സിസ് ജോര്‍ജ്

കൊച്ചി: മാണിയുടെ കേരളാ കോണ്‍ഗ്രസ് അതിവേഗത്തില്‍ ഉറവ വറ്റുന്ന കിണറാണെന്ന് ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ ഫ്രാന്‍സിസ് ജോര്‍ജ്. എറണാകുളം പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കിണറ്റില്‍നിന്ന് ഒരു ബക്കറ്റ് വെള്ളം കോരിയാല്‍ ഒരു കുറവുമുണ്ടാവില്ലെന്നാണ് മാണിയുടെ നിലപാട്. എന്നാല്‍, കേരള കോണ്‍ഗ്രസ്(എം) ഉറവവറ്റുന്ന പ്രസ്ഥാനമാണെന്ന് അദ്ദേഹം തിരിച്ചറിയണം. അത് അധികം താമസിയാതെ വറ്റിപ്പോവുമെന്ന കാര്യത്തില്‍ വലിയ സംശയമില്ലെന്നും ആരാണ് വഴിയാധാരമാവുകയെന്ന് ഉടന്‍ വ്യക്തമാവുമെന്നും അദ്ദേഹം പറഞ്ഞു. താന്‍ പിന്നില്‍നിന്നു കുത്തുകയായിരുന്നുവെന്നാണ് മാണിയുടെ വാദം. കേരളാ കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പിന്നില്‍നിന്നും കുത്തിയത് ആരാണെന്ന് മാണി ചിന്തിക്കണം. കേരളാ കോണ്‍ഗ്രസ്സിന്റെ ചരിത്രം അറിയാവുന്നവര്‍ക്ക് ഇക്കാര്യങ്ങള്‍ വ്യക്തമായി അറിയാം. ഈ പ്രസ്താവന നടത്തിയ മാണി തന്നെ ഒരു ആത്മപരിശോധന നടത്തണം. എന്നിട്ട് അദ്ദേഹം തന്നെ പറയട്ടെയെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.
കേരളാ കോണ്‍ഗ്രസ്സുകള്‍ യോജിച്ചതിനു ശേഷം തങ്ങള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന ലഭിച്ചിട്ടില്ല. ബിജെപിയുമായി ചില ബന്ധങ്ങള്‍ ഉറപ്പിക്കാന്‍ പോകുന്നുവെന്നാണ് അവസാനമായി അറിഞ്ഞത്. ന്യൂനപക്ഷങ്ങളോടും ദലിത് വിഭാഗങ്ങളോടും തികഞ്ഞ അവഗണന കാണിക്കുന്ന കക്ഷിയുമായി ഏതെങ്കിലുമൊരു തരത്തില്‍ ഒരു ബാന്ധവം അംഗീകരിക്കാനാവില്ല. ആ ഘട്ടത്തിലേക്ക് അടുക്കുന്നു എന്നു കണ്ടതോടെയാണ് കടുത്ത നിലപാട് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it