മാണിയില്‍ ലയിച്ച കോണ്‍ഗ്രസ്

രാഷ്ട്രീയ കേരളം - എച്ച് സുധീര്‍
പിന്നില്‍നിന്നും മുന്നില്‍നിന്നും കുത്തിയ കോണ്‍ഗ്രസ്സില്‍ നിന്ന് കണക്കുപറഞ്ഞ് കാര്യം നേടി കെ എം മാണി യുഡിഎഫിലേക്ക് തിരികെ എത്തിയിരിക്കുന്നു. കൃത്യം രണ്ടുവര്‍ഷം മുമ്പ് ചരല്‍ക്കുന്നില്‍ കടുപ്പിച്ചു പറഞ്ഞ കാര്യങ്ങള്‍ക്കു നീക്കുപോക്കായില്ലെങ്കിലും വരവ് വെറുതെയായില്ല. വിലപേശലിനിടെ കിട്ടിയത് കോണ്‍ഗ്രസ് കൈവശം വച്ച് താലോലിച്ചിരുന്ന രാജ്യസഭാ സീറ്റ്. മാണിസാറിന്റെ കേരളാ കോണ്‍ഗ്രസ്സിന് രാജ്യസഭാ സീറ്റ് വിട്ടുനല്‍കിയതും ആ സീറ്റില്‍ മല്‍സരിക്കുന്നത് അദ്ദേഹത്തിന്റെ മാനസപുത്രന്‍ ആണെന്നതും കോണ്‍ഗ്രസ്സില്‍, പ്രത്യേകിച്ച് സാധാരണ പ്രവര്‍ത്തകര്‍ക്കിടയില്‍ ഉണ്ടായിട്ടുള്ള ഒരു സ്വാഭാവിക ഞെട്ടല്‍ മാത്രമാണ്. ഇത്തരം ഞെട്ടലുകള്‍ മുമ്പു പലഘട്ടങ്ങളിലും കോണ്‍ഗ്രസ്സില്‍ സംഭവിച്ചിട്ടുമുണ്ട്. കാലങ്ങളായി രാജ്യസഭയില്‍ കടിച്ചുപിടിച്ചിരിക്കുന്ന മുതിര്‍ന്ന നേതാവ് പി ജെ കുര്യനെ വെട്ടിമാറ്റി രാജ്യസഭാ സീറ്റ് മാണിയുടെ കാല്‍ച്ചുവട്ടിലേക്കു കൊണ്ടുവച്ചപ്പോള്‍ ഉണ്ടായ ഞെട്ടല്‍ മുതിര്‍ന്ന നേതാക്കളുടെയും യുവതുര്‍ക്കികളുടെയും ഇപ്പോഴത്തെ വികാരപ്രകടനങ്ങള്‍ അവസാനിക്കുന്നതോടെ അണയുമെന്നതില്‍ തര്‍ക്കമില്ല. കാള പെറ്റെന്ന് കേള്‍ക്കുമ്പോഴേക്കും കയറെടുക്കുന്ന ചിലര്‍ക്ക് ഇതൊന്നുമറിയില്ലെങ്കിലും തന്ത്രപരമായി കാര്യങ്ങള്‍ ഇവിടെ വരെ എത്തിച്ച ഉമ്മന്‍ചാണ്ടി അടങ്ങുന്ന ത്രിമൂര്‍ത്തി ഗ്രൂപ്പിന് അതറിയാം. കൊക്ക് എത്ര കുളം കണ്ടതാണെന്ന പഴഞ്ചൊല്ല് ഇവിടെയാണ് യോജിക്കുന്നത്.
തങ്ങളില്‍ ഒരാളെ രാജ്യസഭയില്‍ എത്തിക്കണമെന്നു പറഞ്ഞ് കലാപവുമായെത്തിയ യുവതുര്‍ക്കികളുടെ കഥയില്‍ ഉമ്മന്‍ചാണ്ടിക്ക് ഇപ്പോള്‍ വില്ലന്റെ റോളാണ്. സീറ്റ് കേരളാ കോണ്‍ഗ്രസ്സിന് വിട്ടുനല്‍കുന്നതു സംബന്ധിച്ച് കോണ്‍ഗ്രസ്സിനകത്ത് വ്യവസ്ഥാപിതമായ ഒരു ചര്‍ച്ചയും നടന്നില്ല എന്നതാണ് യുവ എംഎല്‍എമാര്‍ അടിവരയിട്ട് ആവര്‍ത്തിക്കുന്ന ഒരു വിഷയം. പ്രത്യേകിച്ച് കെപിസിസി എക്‌സിക്യൂട്ടീവിലോ രാഷ്ട്രീയകാര്യസമിതിയിലോ പാര്‍ലമെന്ററി പാര്‍ട്ടിയിലോ വിഷയം പരിഗണിച്ചിട്ടില്ലത്രേ. അണിയറയില്‍ മൂന്ന് കുഞ്ഞന്‍മാര്‍ (ഉമ്മന്‍ചാണ്ടി- കുഞ്ഞൂഞ്ഞ്, മാണി- കുഞ്ഞുമാണി, കുഞ്ഞാലിക്കുട്ടി- കുഞ്ഞാപ്പ) ചേര്‍ന്നൊരുക്കിയ പദ്ധതിയാണു നടപ്പായതെന്നാണ് അകത്തും പുറത്തുമുള്ള സംസാരം. 1995ല്‍ കരുണാകരനെ ഡല്‍ഹിക്ക് കെട്ടുകെട്ടിച്ചതും 2005ല്‍ എ കെ ആന്റണിയെ നാടുകടത്താനും 2011ല്‍ രമേശ് ചെന്നിത്തലയ്ക്ക് ഉപമുഖ്യമന്ത്രിസ്ഥാനം നല്‍കാതിരിക്കാനും ഉമ്മന്‍ചാണ്ടി കൂട്ടുപിടിച്ചത് കുഞ്ഞാലിക്കുട്ടിയെ തന്നെയായിരുന്നു. 1994ല്‍ കരുണാകരന്റെ കാലത്ത് സമാന സംഭവം ഉണ്ടായപ്പോള്‍ ഘടകകക്ഷിയായ ലീഗിന് സീറ്റ് നല്‍കിയതിനെതിരേ ധനമന്ത്രിസ്ഥാനം രാജിവച്ച് പ്രതിഷേധിച്ച ഉമ്മന്‍ചാണ്ടിയെയും ഇക്കൂട്ടര്‍ ഓര്‍മിപ്പിക്കുന്നു. എ, ഐ ഗ്രൂപ്പുകളുടെ തമ്മിലടിയെ തുടര്‍ന്ന് അന്ന് കരുണാകരന്‍ സീറ്റ് ലീഗിന് വിളിച്ചു നല്‍കുകയായിരുന്നു. ലീഗിന്റെ അബ്ദുസ്സമദ് സമദാനി ഇതുവഴി രാജ്യസഭയിലെത്തി. എ ഗ്രൂപ്പിലെ ഡോ. എം എ കുട്ടപ്പനാണ് ഈ കളിയില്‍ നഷ്ടമുണ്ടായത്.
കേരളാ കോണ്‍ഗ്രസ് യുഡിഎഫിലേക്കു വരണമെന്നത് കോണ്‍ഗ്രസ് ആഗ്രഹിച്ച കാര്യമാണ്. മാണിയെ തിരികെയെത്തിക്കാന്‍ തന്ത്രശാലിയായ കുഞ്ഞാലിക്കുട്ടിയെയാണ് യുഡിഎഫ് നേതൃത്വം ചുമതലപ്പെടുത്തിയതും. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മാണി പിന്തുണ നല്‍കിയിട്ടും ജയമുണ്ടായില്ലെങ്കിലും മാണിക്കു നല്‍കിയ വാക്കുകള്‍ മുന്നണി പാലിക്കേണ്ടതുമാണ്. കൂടാതെ ലീഗിന് മുന്നണിയിലുള്ള സ്വാധീനവും മറക്കാന്‍ പാടില്ല. ബാര്‍ കോഴക്കേസ് മുതല്‍ ഇതുവരെ കുഞ്ഞാലിക്കുട്ടി മാണിയെ തള്ളിപ്പറഞ്ഞിട്ടില്ല. നിയമസഭയിലെ കണക്കെടുക്കുമ്പോള്‍ കോണ്‍ഗ്രസ്സിന് ഇതില്‍ പേടിക്കേണ്ട വിഷയവുമുണ്ട്. നിലവിലെ സഭയില്‍ കോണ്‍ഗ്രസ്- 22, മുസ്‌ലിംലീഗ്- 18, കേരളാ കോണ്‍ഗ്രസ്(എം)- 6 എന്നിങ്ങനെയാണ് അംഗസംഖ്യ. ഇതില്‍ ലീഗും കേരളാ കോണ്‍ഗ്രസ്സും ചേര്‍ന്നാല്‍ 24 ആയി. നിലവിലെ യുഡിഎഫില്‍ കോണ്‍ഗ്രസ്സിന്റെ നിലനില്‍പ്പു തന്നെ ലീഗിനെ ആശ്രയിച്ചാണ് എന്നര്‍ഥം. ലീഗും കേരളാ കോണ്‍ഗ്രസ്സും ഒരു മുന്നണിയായാല്‍ കോണ്‍ഗ്രസ് പുറത്താവും. ഇനി രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ സാഹചര്യം പരിശോധിച്ചാലും സമാന സ്ഥിതിയാണുള്ളത്. 140 പേരുള്ള നിയമസഭയില്‍ മൂന്ന് ഒഴിവുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഒരു സ്ഥാനാര്‍ഥിക്കു വേണ്ടത് 36 വോട്ടാണ്. 91 പേരുള്ള എല്‍ഡിഎഫിന് രണ്ടുപേരെ എളുപ്പത്തില്‍ ജയിപ്പിക്കാന്‍ സാധിക്കും. മൂന്നാമത്തെ സീറ്റ് കോണ്‍ഗ്രസ്സിന് ജയിക്കണമെങ്കില്‍ ലീഗിന്റെ വോട്ട് അനിവാര്യമാണ്. കൂടാതെ, ദേശീയതലത്തില്‍ ബിജെപിക്കെതിരായി നേരിയ പ്രതീക്ഷ നല്‍കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് തന്നെയാണ്. കേരളത്തില്‍ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പോടെ അടിത്തറയിളകിയ കോണ്‍ഗ്രസ്സിന് ഘടകകക്ഷികളുടെ വര്‍ധിത പിന്തുണ ആവശ്യമായിരുന്നു. കര്‍ണാടകയിലും യുപിയിലും മേധാവിത്വം നഷ്ടപ്പെട്ടാലും സഖ്യരാഷ്ട്രീയം പയറ്റാനുള്ള അടവുനയമാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. കര്‍ണാടകയില്‍ ജനതാദള്‍-എസിന് മുഖ്യമന്ത്രിപദം വിട്ടുകൊടുത്തു. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുമായി ആശയവിനിമയം നടത്തുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ കേരളത്തിലെ 43 ശതമാനത്തോളം വരുന്ന ന്യൂനപക്ഷ വോട്ടുകള്‍ നിര്‍ണയിക്കുന്ന പ്രധാന കക്ഷികളെന്ന നിലയില്‍ ലീഗും കേരളാ കോണ്‍ഗ്രസ്സും കോണ്‍ഗ്രസ്സിന്റെ ഭാഗമാവുക തന്നെയാണു വേണ്ടത്.
പിരിയാനായി കെ എം മാണി ഉന്നയിച്ച എല്ലാ സാഹചര്യവും ഇന്നും നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പുതിയ ബാന്ധവത്തിന്റെ കാര്യകാരണങ്ങള്‍ അണികളോട് വിശദീകരിക്കാന്‍ നിര്‍ബന്ധിതരാവും. 2016 ആഗസ്ത് 6, 7 തിയ്യതികളില്‍ ചരല്‍ക്കുന്നില്‍ ചേര്‍ന്ന കേരളാ കോണ്‍ഗ്രസ് (എം) നേതൃയോഗമാണ് മുന്നണി വിടാന്‍ തീരുമാനിച്ചത്. ''ബാര്‍ കോഴക്കേസിലൂടെ കോണ്‍ഗ്രസ് മുന്നില്‍നിന്നും പിന്നില്‍നിന്നും കുത്തിയെന്നും തന്റെ രക്തത്തിനായി കോണ്‍ഗ്രസ് നേതൃത്വം കാത്തിരിക്കുകയാണെന്നും'' ആയിരുന്നു മാണി അന്നു തുറന്നടിച്ചത്. ഇപ്പോള്‍ യുഡിഎഫിലേക്ക് എന്തിന് തിരിച്ചുവന്നു എന്നതിനു പ്രവര്‍ത്തകര്‍ക്കുള്ള മാണിസാറിന്റെ ഉത്തരമാവും രാജ്യസഭാ സീറ്റ്. അതേസമയം, മാണിക്ക് പൊതുജനങ്ങള്‍ക്കായി മറ്റു പലതും കൂടി വിശദീകരിക്കേണ്ടിവരും. മുന്നണി വിടാനായി തയ്യാറാക്കിയ ചരല്‍ക്കുന്ന് പ്രമേയത്തിലെ രാഷ്ട്രീയ നിലപാട് മയപ്പെടുത്താനിടയാക്കിയ സാഹചര്യമാണ് അതിലൊന്ന്. യുഡിഎഫ് വിട്ടപ്പോള്‍ പറഞ്ഞ പിന്നില്‍നിന്ന് തന്നെ കുത്തിയ കോണ്‍ഗ്രസ് നേതാവ് ആരാണെന്നതാണ് രണ്ടാമത്തേത്. ഇതിലൊന്നും തീരുമാനമാവാതെ മുറിഞ്ഞുപോയ ബന്ധം പുനരാരംഭിക്കാനുള്ള നിലപാടിനെതിരായ ചോദ്യങ്ങള്‍ കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍നിന്നെങ്കിലും ഉയര്‍ന്നുവരുമെന്നതില്‍ സംശയമില്ല.
മുമ്പും ഘടകകക്ഷികള്‍ക്ക് സീറ്റ് നല്‍കിയത് സുധീരന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ആര്‍എസ്പിക്ക് സീറ്റ് നല്‍കിയത് മതിയായ കൂടിയാലോചന നടത്തിയ ശേഷമായിരുന്നു. ഇതിനായി കെപിസിസി എക്‌സിക്യൂട്ടീവില്‍ റിപോര്‍ട്ട് ചെയ്യുകയും അനുമതി വാങ്ങുകയും ചെയ്തിരുന്നു. എം പി വീരേന്ദ്രകുമാറിന് രാജ്യസഭാ സീറ്റ് നല്‍കിയത് ജെഡിയുവുമായി ഉണ്ടാക്കിയ തിരഞ്ഞെടുപ്പ് ധാരണയുടെ പുറത്തായിരുന്നു. മുന്നണിക്കുള്ളിലെ ഘടകകക്ഷികള്‍ തമ്മില്‍ ഇത്തരം ധാരണ സ്വാഭാവികമാണ്. അത്തരം മര്യാദകള്‍ മാണി വിഷയത്തില്‍ ഇല്ലാതായത് എന്തുകൊണ്ടെന്ന ചോദ്യത്തിനായിരിക്കും മാണിയും ഉമ്മന്‍ചാണ്ടിയും മറുപടി പറയേണ്ടിവരുക. ഇനി മുതിര്‍ന്ന നേതാക്കള്‍ അടക്കമുള്ളവര്‍ ഉന്നയിക്കുംപോലെ ഇത് ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും മാണിയും തമ്മിലുള്ള കളിയാണെങ്കില്‍ തെറിക്കുക                       ചെന്നിത്തലയുടെ കസേരയാവും.                ി
Next Story

RELATED STORIES

Share it