Articles

മാണിക്യമലരായ പൂവി...

കണ്ണേറ്  -    കണ്ണന്‍
മാണിക്യമലരായ പൂവി എന്ന മാപ്പിളപ്പാട്ട് പാട്ടുകാര്‍ പാടാനും നാട്ടുകാര്‍ കേള്‍ക്കാനും തുടങ്ങിയിട്ട് കാലമേറെയായി. എന്നാല്‍, പ്രിയാ വാര്യരുടെ കണ്ണിറുക്കല്‍ കൂടി ഒപ്പം ചേര്‍ന്നതോടെയാണ് പാട്ടിന്റെ റേറ്റിങ് ആകാശസീമകളെപ്പോലും അതിലംഘിച്ചത്. അതോടെ വന്നു വിവാദവും- ആദ്യം മാണിക്യമലര്‍ പാടി വിലസിയതാരാണ്? എരഞ്ഞോളി മൂസയും തലശ്ശേരി റഫീഖും മറ്റും കൊത്തിക്കൊത്തി മുറത്തോളം കയറി. ഭൂമിമലയാളത്തിലുള്ള സകലമാന പാട്ടെഴുത്തുകാരും പാട്ടുകാരും ചേര്‍ന്ന് അരങ്ങുകൊഴുപ്പിച്ചു. എന്നിട്ടും സംഗതി തീര്‍ന്നുകിട്ടിയിട്ടില്ല- ആരാണ് ആദ്യം പാടിയത്, ആരാണ് പാട്ടിന് പ്രചാരമുണ്ടാക്കിയത്, ആരാണ് പാട്ട് വികലമാക്കിയത്? പ്രശ്‌നം ഇപ്പോഴും തര്‍ക്കനിര്‍ഭരം.
ഏതാണ്ട് അതേമാതിരിയുള്ള ഒരു തര്‍ക്കമാണ് രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളെയും ഇപ്പോള്‍ ചൂഴ്ന്നുനില്‍ക്കുന്നത്. നരേന്ദ്രമോദിയാണോ അതോ, പിണറായി വിജയനാണോ കൂടുതല്‍ വലിയ ന്യൂനപക്ഷവിരുദ്ധന്‍ എന്നതാണ് തര്‍ക്കം. രാഷ്ട്രീയജീവിതത്തില്‍ കട്ടക്കുകട്ടയായി നില്‍ക്കുന്ന നേതാക്കളാണ് രണ്ടുപേരും എന്നതില്‍ ആര്‍ക്കും യാതൊരു തര്‍ക്കവുമില്ല. ഫോട്ടോ ഫിനിഷിങിലൂടെ മാത്രമേ ആരാണ് കേമനെന്നു തിരിഞ്ഞുകിട്ടൂ. മോദി പ്രധാനമന്ത്രിയായത് എല്ലാം ശരിയാക്കി കാവിനിറമാര്‍ന്ന ഒരു നവഭാരതം സൃഷ്ടിക്കാനാണ്. സഖാവ് പിണറായി മുഖ്യമന്ത്രിയായതോ, അതും സകലതും ശരിയാക്കി ചുവന്നുതുടുത്ത ഒരു കേരളമുണ്ടാക്കാന്‍. രണ്ടുപേര്‍ക്കും ഇരട്ടച്ചങ്കാണുള്ളത്. നോക്കിലും വാക്കിലും മന്‍കീബാത്തിലുമൊക്കെ ഇതു പ്രകടവുമാണ്. അതിനാല്‍ മുണ്ടുടുത്ത മോദിയെന്ന് പറഞ്ഞാലും കുര്‍ത്തയിട്ട വിജയനെന്ന് പറഞ്ഞാലും ഒരേ ഉപമ, ഒരേ രൂപകം, ഒരേ അര്‍ഥം. മല്‍സരത്തില്‍ ആരു ജയിക്കുമെന്നത് പ്രവചനാതീതം. കോണ്‍ഗ്രസ്മുക്ത ഭാരതമാണ് മോദിയുടെ ലക്ഷ്യം; കോണ്‍ഗ്രസ്മുക്ത കേരളം പിണറായിയുടേതും. ഈ ലക്ഷ്യം സാധിക്കുന്നതിനിടയില്‍ വഴിയില്‍ വന്നുകയറുന്ന തടസ്സങ്ങളെല്ലാം രണ്ടുപേരും തട്ടിമാറ്റും. അങ്ങനെയുള്ള ചില തടസ്സങ്ങളാണ് മോദിയെയും കാവിപ്പടയെയും സംബന്ധിച്ചിടത്തോളം അഖ്‌ലാഖ്, ജുനൈദ്, അഫ്‌റാസ് തുടങ്ങിയ പേരുകാര്‍. വിശ്വഹിന്ദു പരിഷത്തെന്നോ ബജ്‌രംഗ്ദളെന്നോ ഗോസംരക്ഷകരെന്നോ ഒക്കെ തഞ്ചവും തരവും പോലെ മാറ്റിവിളിക്കാവുന്ന ചിലരെ മുന്‍നിര്‍ത്തിയാണ് മോദിയുടെ തത്ത്വശാസ്ത്രം നടത്തുന്ന ഓപറേഷന്‍. പിണറായിയുടേതും മറിച്ചല്ല. ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ എന്നൊക്കെ ഇപ്പുറത്തും ശുഹൈബ്, ഫസല്‍, ഷുക്കൂര്‍ എന്നെല്ലാം അപ്പുറത്തും പേരുമാറ്റമുണ്ടാവും, അത്രയേയുള്ളൂ. വെട്ടുന്നതാരായാലും മുറിവേറ്റുവീഴുന്നത് ചില നിശ്ചിത പേരുകാര്‍; കഴുത്തുഞെരിക്കുന്നതാരായാലും ശ്വാസംമുട്ടിപ്പിടയുന്നത് ചില നിശ്ചിത മതവിഭാഗത്തില്‍പ്പെട്ടവര്‍; കൊലവിളി മുഴക്കുന്നതാരായാലും അതിനു പ്രചോദനമായി ഭവിക്കുന്നത് വേറിട്ടുനില്‍ക്കുന്ന രണ്ടു നേതാക്കള്‍. അവരിലാരാണ് കൂടുതല്‍ സ്പര്‍ധാവിഷം വമിപ്പിക്കുന്നത് എന്നതാണു തര്‍ക്കം. ഫോട്ടോ ഫിനിഷിങിലൂടെപ്പോലും ഈ തര്‍ക്കം തീര്‍ക്കാനാവുമോ എന്നതിലാണ് കണ്ണനു സംശയം. സമ്മാനം പങ്കുവയ്‌ക്കേണ്ടിവരാനാണ് സകല സാധ്യതയും.
സമാനമായ തര്‍ക്കങ്ങള്‍ നമുക്കു ചുറ്റും വേറെയും സംഭവിക്കുന്നു. ഈ തര്‍ക്കങ്ങളിലുമുണ്ട് സഖാവ് പിണറായിയുടെയും സഖാവിന്റെ തട്ടകമായ കണ്ണൂരിന്റെയും റൈറ്റ് ഹാന്‍ഡായിരുന്ന പി ജയരാജന്റെയും മറ്റും സാന്നിധ്യം. കണ്ണൂരിനെ ചോരക്കളമാക്കിയത് ആരാണെന്നതിനെച്ചൊല്ലിയാണ് ഒരു തര്‍ക്കം. തെളിവുകളുമായി രംഗത്തുള്ളത് പ്രധാനമായും മാര്‍ക്‌സിസ്റ്റ് നേതാവ് ജയരാജനും കോണ്‍ഗ്രസ് നേതാവ് സുധാകരനുമാണ്. സുധാകരന്‍ തോക്ക് ചൂണ്ടുന്നത് കണ്ടവരുണ്ട്, ഒരുത്തനെ തട്ടിയെന്ന് മൂപ്പര്‍ പ്രസംഗിക്കുന്നത് കേട്ടവരുണ്ട്. മറുവശത്ത് പിണറായി വടിവാള്‍ വീശുന്നത് നോക്കിനിന്നവരും അതിന്റെ സീല്‍ക്കാരത്തില്‍ ബോധംകെട്ടുവീണവരുമാണുള്ളത്. ജനകീയ കോടതിയിലാണ് ഈ സാക്ഷിവിസ്താരങ്ങള്‍. എല്ലാം കേട്ടുനില്‍ക്കുമ്പോള്‍ ഒരു കാര്യം ആളുകള്‍ക്കു മനസ്സിലായിക്കൊള്ളും- ചിലര്‍ പൊതുജീവിതത്തിലേക്ക് ചാടിയിറങ്ങുന്നത് കഠാരിയും വടിവാളും ബോംബും സൈക്കിള്‍ ചെയിനും ത്രിശൂലവും മറ്റും കൈയിലേന്തിയാണ്. അവര്‍ ജനിക്കുന്നതു തന്നെയും ചിലരെ പരാജയപ്പെടുത്താനാണ്. സിംഹത്തെപ്പോലെയാണ് ഇവര്‍. സിംഹം ജനിക്കുന്നതു തന്നെ മറ്റു മൃഗങ്ങളെ ജയിച്ചടക്കാനാണല്ലോ. പരാജയപ്പെടുന്നവരില്‍ ചിലപ്പോള്‍ മുയലുകളും മറ്റുമുണ്ടാവുമെന്നു മാത്രം. അതേപോലെയേ ഉള്ളൂ കാര്യങ്ങള്‍. ശുഹൈബും നാല്‍പ്പാടി വാസുവും മറ്റും ഇങ്ങനെ പരാജയപ്പെട്ടുപോയ മുയലുകള്‍ മാത്രം. സിംഹങ്ങള്‍ ജയിക്കുക തന്നെ ചെയ്യും.
പരാജയത്തിന്റെ കാര്യം പറയുമ്പോഴാണ് വീണ്ടും ചെങ്കൊടിയുടെ ഓര്‍മ മനസ്സിലേക്കു വരുന്നത്. ത്രിപുരയില്‍ അതിഭംഗിയായി സഖാക്കള്‍ ചെങ്കൊടി താഴ്ത്തിക്കെട്ടി. മൂന്നില്‍രണ്ടു ഭൂരിപക്ഷത്തിനാണ് മണിക് സര്‍ക്കാരിന്റെ പാര്‍ട്ടി മോദി സര്‍ക്കാരിന്റെ തന്ത്രങ്ങള്‍ക്കു മുമ്പാകെ പരാജയപ്പെട്ടത്. ത്രിപുരയെ കോണ്‍ഗ്രസ് മുക്തമാക്കുക എന്നതായിരുന്നു പണ്ടേ സിപിഎമ്മിന്റെ ലക്ഷ്യം. നാലു പതിറ്റാണ്ട് കൊണ്ട് അവര്‍ ആ ചുമതല കൃത്യമായി നിറവേറ്റി. കോണ്‍ഗ്രസ് പടിയിറങ്ങി. നിരന്തരമായ പ്രവര്‍ത്തനങ്ങളിലൂടെയും പ്രചാരണങ്ങളിലൂടെയുമാണ് ഇതു സാധിച്ചത്. പക്ഷേ, കോണ്‍ഗ്രസ് ഇല്ലാതായിടത്ത് കയറിപ്പറ്റിയത് ബിജെപി ആയിപ്പോയതിന് പാര്‍ട്ടിയെ കുറ്റംപറയാനാവുമോ? കോണ്‍ഗ്രസും ബിജെപിയും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നും കുത്തകകളുടെ പിണിയാളുകളാണെന്നും മറ്റും പറഞ്ഞ് പിടിച്ചുനില്‍ക്കാന്‍ പ്രകാശ് കാരാട്ടിന് ന്യായങ്ങള്‍ ഒരുപാട് കാണും. ഡിസിയിലും എല്‍സിയിലുമെല്ലാം പരാജയകാരണങ്ങള്‍ ഭംഗിയായി ബോധ്യപ്പെടുത്താവുന്നതേയുള്ളൂതാനും. ത്രിപുരയില്‍ സംഭവിച്ചതിന് ഉത്തരവാദികള്‍ കോണ്‍ഗ്രസ്സല്ലേ? കോണ്‍ഗ്രസ്സുകാര്‍ ഒന്നടങ്കം പാര്‍ട്ടി മാറി ബിജെപിക്ക് വോട്ട് ചെയ്തതുകൊണ്ടല്ലേ അവര്‍ ജയിച്ചത്? അതിനാല്‍ പരാജയത്തിന് ഉത്തരവാദി കോണ്‍ഗ്രസ് തന്നെയാണ്; രാഹുല്‍ഗാന്ധിയാണ്, കട്ടായം. അതിനാല്‍ കോണ്‍ഗ്രസ്സിനെ തകര്‍ത്തേ തീരൂ- തീര്‍ന്നു വിശദീകരണം. യെച്ചൂരി എന്തു പറഞ്ഞ് ഉടക്കിട്ടാലും കാരാട്ട് ലൈന്‍ ശരിയാണെന്ന് തെളിഞ്ഞുവെന്നു തന്നെയാണ് ത്രിപുരയിലെ തിരഞ്ഞെടുപ്പു ഫലത്തിന്റെ പാഠം. അതിനാല്‍ ത്രിപുരയില്‍ നിന്ന് പാഠമുള്‍ക്കൊണ്ടുകൊണ്ട് കോണ്‍ഗ്രസ്സിനെതിരായി പാര്‍ട്ടിക്കാര്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങട്ടെ. വൈരുധ്യാത്മക രാഷ്ട്രീയം വിജയിക്കട്ടെ.
പാവം മണിക് സര്‍ക്കാര്‍. ഭാര്യയുടെ പെന്‍ഷന്‍കൊണ്ട് ലളിതമായി ജീവിച്ച് കാണിച്ചുകൊടുത്തു സര്‍ക്കാര്‍ജി. മൂപ്പത്തിയെ ഓട്ടോറിക്ഷയില്‍ കയറ്റി വീട്ടുസാമാനങ്ങള്‍ വാങ്ങാന്‍ അയക്കുകയും ചെയ്തു സഖാവ്. സാധാരണനിലയ്ക്ക് ഇതൊക്കെ മതി പതിറ്റാണ്ടുകളായി ചുവന്നുകിടക്കുന്ന ഒരു സംസ്ഥാനത്തു ജയിക്കാന്‍. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് കേരളത്തില്‍ ഉമ്മന്‍ചാണ്ടി വിചാരിച്ചതും ഇതുതന്നെയാണ്. താന്‍ നടത്തിയ ജനസമ്പര്‍ക്കയാത്രയില്‍ ആനുകൂല്യങ്ങള്‍ വാങ്ങാനെത്തിയവരൊന്ന് ആഞ്ഞുപിടിച്ചാല്‍ അതു മതി താന്‍ ജയിക്കാനെന്ന് സത്യമായും കുഞ്ഞൂഞ്ഞ് വിചാരിച്ചിരുന്നു. പക്ഷേ, കുഞ്ഞൂഞ്ഞിനും മണിക് സര്‍ക്കാരിനും പിടികിട്ടാത്തതാണ് പൊതുജന മനശ്ശാസ്ത്രമെന്ന് അമിത് ഷായ്ക്ക് അറിയാമായിരുന്നു. ത്രിപുരയിലും കേരളത്തിലും സംഭവിച്ചത് ഫലത്തില്‍ ഒന്നുതന്നെയാണ്. ത്രിപുരയിലെ തോല്‍വിയുടെ കാരണം കണ്ടെത്താന്‍ ഇനി കേന്ദ്രകമ്മിറ്റി ചേരും, അവയ്‌ലബിള്‍ പിബി ചേരും, ഒടുവില്‍ സാക്ഷാല്‍ പിബി തന്നെ ചേരും, ചര്‍ച്ചചെയ്ത് ചര്‍ച്ചചെയ്ത് ഒടുവില്‍ കുറ്റക്കാരനെ കണ്ടെത്തും- കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയുമല്ലാതെ മറ്റാര്? അവരുമായി കൂട്ടുചേരണമെന്ന് പറഞ്ഞ യെച്ചൂരിക്കും കിട്ടും കുറ്റപത്രം. ത്രിപുരയില്‍ മൂന്നില്‍രണ്ട് ഭൂരിപക്ഷത്തിന് ബിജെപി വിപ്ലവപ്പാര്‍ട്ടിയെ തോല്‍പിച്ചതിലെന്തു പുതുമ? തൃശൂരില്‍ മൂന്നില്‍രണ്ട് ഭൂരിപക്ഷത്തിനല്ലേ കേരളത്തിലെ സഖാക്കള്‍ യെച്ചൂരി ലൈന്‍ തള്ളിക്കളഞ്ഞത്! അതാണു പാര്‍ട്ടി, അതാണ് ഉള്‍പ്പാര്‍ട്ടി വിപ്ലവം. തിരഞ്ഞെടുപ്പില്‍ തോറ്റു എന്നു വരും. പക്ഷേ, വിപ്ലവം വിജയിക്കുക തന്നെ ചെയ്യും.

***

വിപ്ലവം നടത്താന്‍ കച്ചകെട്ടിയിറങ്ങിയവര്‍ക്ക് വിജയപരാജയങ്ങള്‍ പ്രശ്‌നമേയല്ല. അതേപോലെ ജാതിമത ചിന്തകളും അവയ്ക്കില്ല. കമ്മ്യൂണിസ്റ്റുകള്‍ക്ക് ജീവിതത്തിലുടനീളം എടുത്തുനോക്കിയാല്‍ രണ്ടോ മൂന്നോ സന്ദര്‍ഭങ്ങളില്‍ മാത്രമേ മതവും വിശ്വാസവുമൊക്കെ പ്രശ്‌നമാവാറുള്ളൂ. കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ മതവും ജാതിയും വ്യക്തമാക്കേണ്ടിവന്നേക്കാം. ചേലാകര്‍മം, ഉപനയനം തുടങ്ങിയ വേളകളിലും മതം ആവശ്യമാണ്. കല്യാണം കഴിക്കുമ്പോള്‍ നിക്കാഹ് വേണോ അഗ്നിസാക്ഷിയായി താലികെട്ടണോ മതത്തിന്റെ മതില്‍ക്കെട്ട് ചാടി രജിസ്ട്രാര്‍ ഓഫിസില്‍ പോയി ഫോറം പൂരിപ്പിച്ചുകൊണ്ട് വേണമോ എന്നെല്ലാം തീരുമാനിക്കേണ്ടിവരും. മരിച്ചാലും വേണം ആചാരബദ്ധമായ ചില പ്രശ്‌നങ്ങള്‍. ഇതല്ലാതെ മതം കമ്മ്യൂണിസ്റ്റിന്റെയും കമ്മ്യൂണിസ്റ്റുകളുടെയും ജീവിതത്തില്‍ ഒരു പ്രശ്‌നവുമുണ്ടാക്കാറില്ല. ബുദ്ധിയുള്ള കമ്മ്യൂണിസ്റ്റുകള്‍ ഈ വിഷയങ്ങളെയെല്ലാം അതിസമര്‍ഥമായി കൈകാര്യം ചെയ്യാറുമുണ്ട്.
എന്നാല്‍, പാര്‍ട്ടി സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകള്‍ വരുമ്പോഴും മതം പ്രശ്‌നമാവുന്നു എന്നാണ് സിപിഐ എന്ന ഒറിജിനല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചിലരുടെ പുതിയ കണ്ടെത്തല്‍. ഈ ചിന്തയുടെ ഉപജ്ഞാതാവ് കെ ഇ ഇസ്മായില്‍ എന്ന പാര്‍ട്ടിയുടെ സമുന്നത നേതാവാണ്. എംഎല്‍എയും മന്ത്രിയും എംപിയുമായി പാര്‍ലമെന്ററി ദൗത്യവും സംഘടനാ പദവികളിലിരുന്ന് മറ്റു ദൗത്യങ്ങളും കൃത്യമായി നിറവേറ്റിയ കര്‍മയോഗി. ന്യൂനപക്ഷങ്ങള്‍ക്ക് സിപിഎമ്മില്‍ മാത്രമല്ല, സിപിഐയിലും രക്ഷയില്ലെന്നാണ് സഖാവ് പറയുന്നതിന്റെ വ്യംഗ്യം. സിപിഎമ്മുകാര്‍ ശുഹൈബിനെയും ഫസലിനെയും വെട്ടിക്കൊന്നുവെങ്കില്‍ സിപിഐക്കാര്‍ തന്നെയും വെട്ടിനിരത്തുകയാണ്. കെ എന്‍ എ ഖാദറിനും റഹ്മത്തുല്ലയ്ക്കുമുണ്ടായ വിധി തനിക്കും നേരിടാന്‍ പോവുകയാണ്. പാര്‍ട്ടിയുടെ ന്യൂനപക്ഷ വിരോധം ഇതാ വെളിക്കുവന്നിരിക്കുന്നേ എന്നാണ് സഖാവിന്റെ വിളിച്ചുകൂവല്‍, വിലാപം.
കണ്ണന് ഇപ്പോള്‍ ഓര്‍മ വരുന്നത് പഴയൊരു തിരഞ്ഞെടുപ്പുകാലമാണ്. തിരഞ്ഞെടുപ്പല്ലേ, രാഷ്ട്രീയക്കാര്‍ എന്തു ഹീനതന്ത്രവും പ്രയോഗിക്കുമല്ലോ. ഇസ്മായിലിനെതിരേ യുഡിഎഫുകാര്‍ നടത്തിയ പ്രചാരണം മൂപ്പര്‍ക്ക് ഇസ്‌ലാം മതവുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു. ഇസ്മായിലിനെ ചേലാകര്‍മം ചെയ്തിട്ടില്ലെന്നു വരെ പ്രചരിപ്പിച്ചുകളഞ്ഞു ചില അത്യാവേശക്കാര്‍. തരംതാണ ഈ പ്രചാരണത്തിന് സഖാവ് മറുപടി പറഞ്ഞത് എതിരാളികളെ ഷൊര്‍ണൂരിലോ മണ്ണാര്‍ക്കാട്ടോ മറ്റോ ഉള്ള ഒരു മൈതാനത്തിലേക്കു വരാന്‍ വെല്ലുവിളിച്ചുകൊണ്ടായിരുന്നുവത്രേ- സംശയമുള്ളവര്‍ക്ക് നേരിട്ടു പരിശോധിക്കാമെന്ന് പറഞ്ഞുകൊണ്ട്. കഥ നേരായാലും നുണയായാലും മലപ്പുറത്തെ സമ്മേളന നഗറിലിരുന്ന് മുസ്‌ലിമായതിന്റെ പേരില്‍ താനും കെ എന്‍ എ ഖാദറും റഹ്മത്തുല്ലയും വേട്ടയാടപ്പെടുന്നുവെന്ന് വിലപിക്കുമ്പോള്‍, തന്റെ മാര്‍ക്കക്കല്യാണവും സഖാവ് ഇസ്മായില്‍ ഓര്‍ത്തുകാണണം.
ഇസ്മായില്‍ സഖാവ് സിപിഐയുടെ ന്യൂനപക്ഷ വിരോധത്തെപ്പറ്റി ഓര്‍ത്തത് മലപ്പുറത്തു വച്ചു തന്നെയായത് നന്നായി. കെ എന്‍ എ ഖാദറിന്റെയും റഹ്മത്തുല്ലയുടെയും വഴിയിലൂടെ സഞ്ചരിക്കണമെന്നാണ് മനസ്സിലിരിപ്പെങ്കില്‍ അവിടെവച്ചാകുന്നതാണ് എളുപ്പം. റോസ്‌ലോഞ്ച് ഓഡിറ്റോറിയത്തില്‍ നിന്ന് കൊടപ്പനക്കല്‍ തറവാട്ടിലേക്ക് അധികം ദൂരമില്ല. എസ്ടിയുവിലോ കെഎംസിസിയിലോ മറ്റു വല്ല പോഷകസംഘങ്ങളിലോ എന്തെങ്കിലും സ്ഥാനം ഒഴിഞ്ഞുകിടപ്പുണ്ടാവും. നോക്കൂ, സഖാവ് ഇസ്മായില്‍ എന്നത് ഇസ്മായില്‍ സാഹിബ് എന്നു മാറുമ്പോള്‍ എന്തൊരു മൊഞ്ചായിരിക്കും അതിന്!

***

പിണറായി വിചാരിച്ചാല്‍ കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിക്കുമെന്നാണ് എം മുകുന്ദന്‍ പറയുന്നത്. അവസാനിക്കുമായിരിക്കാം. അതിരിക്കട്ടെ. ഇതു കേട്ടപ്പോള്‍ കണ്ണന്‍ ഓര്‍ത്തത് എഴുത്തുകാരുടെയൊക്കെ ജീവിതാവബോധത്തില്‍ വന്ന മാറ്റത്തെപ്പറ്റിയാണ്. അടുത്തകാലം വരെ സാഹിത്യകാരന്മാരുടെ ആലോചന പിണറായി വിജയന്‍ വിചാരിച്ചാല്‍ കിട്ടാവുന്ന സ്ഥാനമാനങ്ങളെപ്പറ്റിയും കമ്മിറ്റി അംഗത്വത്തെപ്പറ്റിയും അവാര്‍ഡുകളെപ്പറ്റിയും ഒക്കെയായിരുന്നു. പിണറായിയോ പിണറായിയുടെ പിണിയാളുകളോ പാര്‍ട്ടിയോ വിചാരിച്ചാല്‍ അക്കാദമി ചെയര്‍മാനാവാം, സാംസ്‌കാരിക സ്ഥാപനങ്ങളില്‍ അംഗമാവാം, വൈസ് ചാന്‍സലറാവാം എന്നെല്ലാം. അതുമായി ബന്ധപ്പെട്ട ഇത്തിരിവട്ടത്തിനു ചുറ്റുമേ അവരുടെ ചിന്തകള്‍ കറങ്ങിയിരുന്നുള്ളൂ. ദൈവാധീനം, അതു മാറിയിരിക്കുന്നു. പിണറായി വിജയന്‍ വിചാരിച്ചാല്‍ വേറെയും കാര്യങ്ങള്‍ നടക്കുമെന്ന് എഴുത്തുകാര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. അവര്‍ക്ക് സാമൂഹികബോധം വീണ്ടുകിട്ടിയിരിക്കുന്നു. എഴുത്തുകാരെക്കൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് ഇനി ആരും പറഞ്ഞേക്കരുതേ.

അവശിഷ്ടം: ത്രിപുരയില്‍ 59 സീറ്റിലും കോണ്‍ഗ്രസ്സിന് കെട്ടിവച്ച കാശ് പോയി- ത്രിപുര തിരഞ്ഞെടുപ്പ് ഫലത്തെപ്പറ്റിയുള്ള ദേശാഭിമാനി റിപോര്‍ട്ടിന്റെ ഉപശീര്‍ഷകം.
- വെരിഗുഡ്! ഇതാണ് യഥാര്‍ഥ വിപ്ലവ പത്രപ്രവര്‍ത്തന മാതൃക                   ി
Next Story

RELATED STORIES

Share it