Fortnightly

മാണിക്ക് വീണ്ടും മാണിയാകാന്‍ കേരളം നല്‍കേണ്ടിവരുന്ന വില

മാണിക്ക് വീണ്ടും മാണിയാകാന്‍ കേരളം നല്‍കേണ്ടിവരുന്ന വില
X
എസ് എ ഗഫൂര്‍





ലങ്ങിമറിഞ്ഞ് ഒഴുMANIകുന്ന പുഴയാണ് കേരള രാഷ്ട്രീയമെന്ന് എപ്പോഴും പറയാനാകില്ല; ശാന്തമാണല്ലോ കാര്യങ്ങളൊക്കെ എന്ന് ആശ്വസിക്കാനാകാത്ത വിധം അടിയൊഴുക്കുകള്‍ സമൃദ്ധമായിരിക്കുകയും ചെയ്യും. പുറമേയ്ക്കും അകമേയ്ക്കും കത്തിപ്പിടിക്കുന്ന കാലം ഇപ്പോഴത്തെപ്പോലെ ഏറെയുണ്ടായിട്ടില്ലെന്നു പറയുന്നവരില്‍ രാഷ്ട്രീയത്തിലെയും മാധ്യമ രംഗത്തെയും പഴമക്കാരുണ്ട്, വോട്ടുമാത്രം ചെയ്തു സൂക്ഷ്മമായി നോക്കിയിരിക്കുന്നവരുമുണ്ട്. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെ യുഡിഎഫില്‍നിന്ന് അടര്‍ത്തി കൂടെക്കൂട്ടി ഭരണം പിടിക്കാന്‍ ഇടതുമുന്നണി ശ്രമിച്ചെന്നും മാണി അതിനോട് അനുകൂലമായി പ്രതികരിച്ചെന്നും ഇപ്പോഴാണ് ആരൊക്കെയോ പുറത്തു പറയുന്നത്.

പക്ഷേ, അതു നടന്നതാണെന്ന് കണ്ണും കാതും തുറന്നിരിക്കുന്ന മലയാളികളൊക്കെ നേരത്തേതന്നെ അറിഞ്ഞിരുന്നു. അതെങ്ങനെ പൊളിഞ്ഞുപോയി എന്നതില്‍ മാത്രമേയുള്ള തര്‍ക്കവും അഭ്യൂഹങ്ങളും. കെഎം മാണിയെ മുഖ്യമന്ത്രിയാക്കി ഇടതുമുന്നണി സര്‍ക്കാരുണ്ടാകുന്നത് അങ്ങനെയങ്ങ് അനുവദിക്കാന്‍ കഴിയാത്ത വിഎസ് അച്യുതാനന്ദനാണ് ബാര്‍ കോഴ വെളിപ്പെടുത്തലുമായി ബിജു രമേശിനെ ഇറക്കിയതെന്നാണ് ഒരു വാദം. സ്വന്തം സര്‍ക്കാരിനെ വീഴ്ത്തിയിട്ട് ആരെയും ആളാകാന്‍ വിടേണ്ടെന്നുറപ്പിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ തന്ത്രമാണ് ബാര്‍കോഴ വിവാദമായി പുറത്തുവന്നത് എന്നുമുണ്ട്.

ഏതായാലും അക്കാലം മാണിയുടെ വലംകൈയായിരുന്ന പിസി ജോര്‍ജ്ജ് ഇടനിലനിന്ന് സിപിഎമ്മുമായി ചര്‍ച്ചകള്‍ നടന്നുവെന്നത് അറിയേണ്ടവര്‍ കൃത്യസമയത്തുതന്നെ അറിഞ്ഞു; അല്ലാത്തവര്‍ അല്പം കഴിഞ്ഞും. മുഖ്യമന്ത്രിയാക്കാന്‍ സിപിഎം ശ്രമിച്ച മാണി സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും ശത്രുമുഖ്യനാകുന്നതും അവര്‍ അദ്ദേഹത്തെ നിലത്തുനിര്‍ത്താതെ നിയമസഭയിലും പുറത്തും നെട്ടോട്ടമോടിക്കുന്നതും കേരളം കണ്ടു. ഒടുവില്‍ അവരുടെ മിടുക്കുകൊണ്ടല്ലാതെ അദ്ദേഹം അപമാനിതനായി പടിയിറങ്ങുകയും ചെയ്തു.

MANI BLU1'അമ്പതുകൊല്ലം കട്ടു, അമ്പതാംകൊല്ലം പെട്ടു' എന്ന് ഒരു ഫേസ്ബുക്ക് പോസ്റ്റ്. സോഷ്യല്‍ മീഡിയയുടെ കൂടിയാണ് വിജയം. സീസറിന്റെ ഭാര്യ പരിശുദ്ധയായിരിക്കണമെന്ന് കോടതി പറഞ്ഞപ്പോള്‍, കുട്ടിയമ്മയുടെ ഭര്‍ത്താവു കരിങ്ങോഴക്കല്‍ മാണിക്കും അത് ബാധകമാണെന്നു പറഞ്ഞു സ്ഥാപിച്ചുകളഞ്ഞല്ലോ.പക്ഷേ, അങ്ങനെ പെട്ടുപോയ മാണിയുടെ പാര്‍ട്ടിയുമായി സഖ്യത്തിനു തയ്യാറാണെന്നു പറഞ്ഞിരിക്കുകയാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍. നേതാവ് അഴിമതിക്കാരനാണെന്നുവച്ച് പാര്‍ട്ടിയെ മൊത്തത്തില്‍ അകറ്റി നിര്‍ത്തണോ എന്നാണു ചോദ്യം. കെഎം മാണി ഇല്ലാത്ത കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് എന്ന ഒരിക്കലും നടക്കാത്ത മനോഹര സ്വപ്‌നം കാണാന്‍ ഈ മുരളീധരനെന്താ വകതിരിവില്ലേ എന്നൊക്കെ ചോദിച്ചുപോകുന്നതു സ്വാഭാവികം.

പക്ഷേ, ഒന്നും കാണാതെയല്ല ബിജെപി കേരള കോണ്‍ഗ്രസിനു ചൂണ്ടയിടുന്നത് എന്നും ബുദ്ധി മുരളീധരന്റേതല്ല അമിത് ഷായുടേതാണെന്നും മനസിലാക്കുമ്പോള്‍ ആ സംശയം നീങ്ങും. കേരള രാഷ്ട്രീയം കലങ്ങിയും തെളിഞ്ഞും ചാഞ്ഞും ചരിഞ്ഞും ചില നിര്‍ണായക വഴികളിലേക്കു തിരിയാന്‍ പോവുകയാണ്. ഇന്നോ നാളെയോ അതോ മറ്റന്നാളോ എന്നു ചോദിക്കരുത്. അടിയൊഴുക്കളിലെ മൂന്നു കാര്യങ്ങള്‍ പറയാം: ഒന്ന്, തനിക്ക് കോണ്‍ഗ്രസില്‍ നിന്നു നീതി കിട്ടിയില്ലെന്നു മാണി ആവര്‍ത്തിക്കുന്നതും മകന്‍ ജോസ് കെ മാണി അത് ഏറ്റുപറയുന്നതും വെറുമൊരു പരിഭവപ്രകടനമല്ല. രണ്ട്്, മകനെ കേന്ദ്രമന്ത്രിസഭയില്‍ എത്തിക്കണമെന്നത് മാണിയുടെ ആജീവനാന്ത അഭിലാഷമാണ്; തക്കം കിട്ടിയാല്‍ അത് വേണ്ടെന്നുവയ്ക്കില്ല. മൂന്ന്, കേരള നിയമസഭയില്‍ പ്രാതിനിധ്യമുണ്ടാക്കാന്‍ ഏത് അന്തംവിട്ട കളിക്കും ബിജെപി തയ്യാറാണ്; ലക്ഷ്യമാണ് പ്രധാനം, മാര്‍ഗ്ഗമല്ല.

പണ്ട് വിപി സിംഗ് നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് വിരുദ്ധ മുന്നണിയില്‍ സിപിഎമ്മിന്റെ ഉള്‍പ്പെടെ ആശീര്‍വാദത്തോടെ സഹകരിക്കാന്‍ ലഭിച്ച അവസരം പോലൊന്ന് എവിടെക്കിട്ടിയാലും അവര്‍ വിടില്ല. ലോക്‌സഭയിലെ രണ്ടു സീറ്റില്‍ നിന്ന് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയിലേക്കുള്ള വളര്‍ച്ച ആ സഖ്യത്തില്‍ നിന്നായിരുന്നല്ലോ. മാണിക്ക് വേണമെങ്കില്‍ പിന്നീട് പശ്ചാത്തപിക്കാം. പക്ഷേ, കേരളം അപ്പോള്‍ വലിയ വില കൊടുക്കേണ്ടി വന്നുകഴിഞ്ഞിരിക്കും. ഒരു സീറ്റ് മതി പിടിച്ചുകയറാന്‍. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും മാണി ഉള്‍പ്പെട്ട കേരള കോണ്‍ഗ്രസിനെ കൂടെക്കൂട്ടാന്‍ അവസരം കിട്ടിയാല്‍ ബാര്‍ കോഴ അഴിമതിയുടെ പശ്ചാത്തലത്തില്‍ അത് എങ്ങനെ ന്യായീകരിക്കുമെന്ന വലിയ ചോദ്യമുണ്ട് ബാക്കി. അതെ, ബിജെപി കാത്തിരിക്കുന്നത് അതിനു ബോധ്യപ്പെടുന്ന മറുപടി പറയാന്‍ പറ്റിയ അവസരമാണ്.

അതായത് ഹൈക്കോടതി വിധിക്കെതിരെര മാണി സുപ്രീംകോടതിയില്‍ അപ്പീല്‍ പോവുകയും സുപ്രീംകോടതി ഹൈക്കോടതി വിധി തളളുകയും ചെയ്താല്‍ മാണിയുടെ പ്രതിഛായ മാറും. പിന്നെ തീരുമാനമെടുക്കുന്നത് മാണിയാണ്, എവിടെ നില്‍ക്കണം. യുഡിഎഫിലോ അതോ ബിജെപിയുടെ കൂടെയോ? പുഴ വറ്റുകയും അക്കരെ നില്‍ക്കുന്ന നായ തുടല്‍ പൊട്ടിച്ചു വരികയും ചെയ്താല്‍ എന്താകും എന്നുപോലുള്ള ഊഹവും പേടിയുമല്ല ഇത്. ഹൈക്കോടതിയില്‍ വിജിലന്‍സിനു വേണ്ടി ഹാജരായ പ്രമുഖ അഭിഭാഷകന്‍ കപില്‍ സിബല്‍ തന്നെയായേക്കും സുപ്രീംകോടതിയില്‍ മാണിക്കുവേണ്ടി ഹാജരാവുക എന്നാണ് അറിയുന്നത്.

MANI BL2മാണിക്ക് വലിയ പ്രതീക്ഷയാണുള്ളതെന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ പറയുന്നുമുണ്ട്. ഇനി ഇതോടൊപ്പംതന്നെ ചേര്‍ത്തുകേള്‍ക്കേണ്ട മറ്റൊരു മില്യണ്‍ ഡോളര്‍ ചോദ്യം കൂടിയുണ്ട്. സുപ്രീംകോടതി വിധി അനുകൂലമായാല്‍ മാണി ‘അഗ്നിശുദ്ധി’ വന്നവനായി തിരികെ മന്ത്രിയാകാന്‍ ശ്രമിക്കുമോ അതോ ബിജെപിയുടെ ഓഫര്‍ സ്വീകരിക്കുമോ. വിജിലന്‍സിന്റെ തുടരന്വേഷണം കൂടി സുപ്രീംകോടതി വിലക്കി മാണിയെ പൂര്‍ണമായി കുറ്റമുക്തനാക്കിയാല്‍ പിന്നെ അദ്ദേഹത്തിന് ഉമ്മന്‍ ചാണ്ടിയെ പേടിക്കേണ്ട. വിധി അങ്ങനെയല്ലെങ്കില്‍ തല്‍ക്കാലം ബിജെപി കാത്തിരിക്കേണ്ടി വരും. കുറഞ്ഞപക്ഷം, ഈ സര്‍ക്കാരിന്റെ കാലാവധി കഴിയുന്നതു വരെയെങ്കിലും. എന്നുവച്ചാല്‍ ജോസ് കെ മാണി ആറു മാസംകൂടിയെങ്കിലും കാത്തിരിക്കേണ്ടിവരും, കേന്ദ്ര മന്ത്രിയാകണോ എന്നു തീരുമാനിക്കാന്‍. അപ്പോഴേക്കും മാണിയുടെ തീരുമാനം ബിജെപിക്കും ജോസ് കെ മാണിക്കും അനുകൂലമായി വന്നാല്‍ പിളരാന്‍ ഒരുങ്ങിയാണ് കേരള കോണ്‍ഗ്രസ് നില്‍ക്കുന്നത്.

മാണിയും മാണി പക്ഷക്കാരും പോകുന്ന വഴിക്ക് പിജെ ജോസഫും ജോസഫ് പക്ഷക്കാരും പോകില്ല. അവര്‍ യുഡിഎഫില്‍ തുടരുമെന്നുറപ്പു വരുത്താന്‍ കൂടിയാണ് ഉമ്മന്‍ ചാണ്ടി ഇനിയുള്ള മാസങ്ങള്‍ വിനിയോഗിക്കുക. 1999 മുതല്‍ 2004 വരെ ഇന്ത്യ ഭരിച്ച എബി വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് ഒളിഞ്ഞും തെളിഞ്ഞും സംഘപരിവാര്‍ ആഭിമുഖ്യം പ്രകടിപ്പിച്ച പാരമ്പര്യം മാണിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കുമുണ്ട്. അന്നു പക്ഷേ, മാണിയേക്കാള്‍ മുന്നേ അവിടെ കയറി സീറ്റുറപ്പിച്ചുകളഞ്ഞു, മാണിയുടെ അക്കൗണ്ടില്‍ ലോക്‌സഭയില്‍ എത്തിയ പിസി തോമസ്. തോമസിനെ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ മാണി പുറത്താക്കിയത് ആ കാരണംകൊണ്ടല്ല. ജോസ് കെ മാണിക്കു വേണ്ടി പാര്‍ട്ടിയെയാകെ പുതുക്കിപ്പണിയുന്നതിനോട് തോമസ് അനിഷ്ടം പ്രകടിപ്പിച്ചതിനാണ്. പുറത്തുപോയ ശേഷമാണ് തോമസ് ഉത്തരേന്ത്യയില്‍ നിന്നുള്ള ചില എംപിമാരെക്കൂട്ടി ഐഎഫ്ഡിപി ഉണ്ടാക്കിയതും എന്‍ഡിഎയില്‍ കയറിപ്പറ്റിയതും. ഇനി ഒരൂഴം വന്നാല്‍ മറ്റൊരു തോമസ് നെയ്യപ്പം തട്ടിക്കൊണ്ടു പോകില്ലെന്നുറപ്പു വരുത്താനാണ് സ്വന്തം പാര്‍ട്ടിയുടെ ഏക എംപിയായി സ്വന്തം മകനെ നിലനിര്‍ത്തിപ്പോരുന്നത്.

MANI AND JOSEഇതിനൊക്ക ഇടയില്‍, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ലഭിച്ച വ്യക്തമായ മേല്‍ക്കൈയും അതിനു സഹായിച്ച പാര്‍ട്ടിഐക്യവും നിലനിര്‍ത്തുക എന്ന ഉത്തരവാദിത്തമേ സിപിഎമ്മിനുള്ളു. സിപിഎം നന്നായാല്‍ മുന്നണി ആ വഴിക്കുതന്നെയാണുതാനും. അധാര്‍മികതയിലെ ശരി കേന്ദ്രത്തില്‍ മന്ത്രിയാവുക എന്ന കെഎം മാണിയുടെ വലിയ സ്വപ്‌നത്തിന് മകനിലൂടെയെങ്കിലും സാക്ഷാല്‍കാരം ഉണ്ടാകണമെന്ന ആഗ്രഹമാണ് കേരള കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നിലപാടിനെ ഇനി നിര്‍ണായകമായി സ്വാധീനിക്കുക. അതിനൊപ്പം ആരൊക്കെ, അതിനെതിരെ ആരൊക്കെ എന്നത് കേരളത്തിലെ ക്രിസ്ത്യാനികളുടെ രാഷ്ട്രീയ ഇഛാശക്തിയെയും ബാധിക്കുന്ന സമസ്യയാണ്. മത ന്യൂനപക്ഷങ്ങള്‍ക്കെതിരേ പ്രഖ്യാപിതമായിത്തന്നെ നിലപാടെടുക്കന്ന ബിജെപിയുടെ കൂടെപ്പോയി ലഭിക്കുന്ന അധികാരത്തിന്റെ വലിയ സാധ്യതകളിലേക്ക് ക്രൈസ്തവ മനസിനെ ഒന്നാകെ അടുപ്പിക്കാന്‍ സഭാനേതൃത്വത്തിനു സാധിക്കില്ലെന്നുറപ്പ്. പക്ഷേ, ബഹുഭൂരിപക്ഷം ഒപ്പം നില്‍ക്കുമെന്ന പ്രതീക്ഷയില്‍ സഭ പച്ചക്കൊടി കാട്ടിയാല്‍ മാണി പുതിയ രാഷ്ട്രീയ സഖ്യത്തിലേക്കു മാമ്മോദീസ മുങ്ങും.

ബാക്കിയൊക്കെ സഭ നോക്കിക്കൊള്ളും എന്ന ധൈര്യത്തില്‍. സഭയ്ക്ക് നന്നായി അറിയാം, ജോസഫിനെയും ഉമ്മന്‍ ചാണ്ടിയെയും മാനേജ് ചെയ്യാന്‍ എന്നു നന്നായി അറിയാവുന്നത് മാണിക്കുതന്നെയാണ്.  1989 ല്‍ കേന്ദ്രമന്ത്രിയാകാന്‍ പോയി നിരാശനായി മടങ്ങിയ മാണിയുടെ ആഗ്രഹവും വിഷമവും കണ്ടിട്ടുണ്ട് കേരളവും സഭയും. അന്നു പക്ഷേ, കെ കരുണാകരനായിരുന്നു സര്‍വപ്രതാപി. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് പിന്തുണയോടെ ജനതാ പാര്‍ട്ടി നേതാവ് ചന്ദ്രശേഖര്‍ പ്രധാനമന്ത്രിയായ കാലം. കോണ്‍ഗ്രസ് സഖ്യകക്ഷിയായ കേരള കോണ്‍ഗ്രസിന്റെ എംപി പിസി തോമസിനെ മന്ത്രിയാക്കാനുള്ള കോണ്‍ഗ്രസിന്റെ ശുപാര്‍ശ ജനതാ നേതൃത്വം സ്വീകരിച്ചു. കേരളത്തില്‍ കേരള കോണ്‍ഗ്രസ് ഉള്‍പ്പെട്ട യുഡിഎഫ് പ്രതിപക്ഷത്ത്. തന്റെ പാര്‍ട്ടിക്ക് കേന്ദ്ര മന്ത്രിയാകാന്‍ കിട്ടിയ അവസരം വിനിയോഗിക്കണം എന്നുതന്നെ മാണി തീരുമാനിച്ചു. പക്ഷേ, മന്ത്രിയാകേണ്ടതു തോമസല്ല, താനാണ്. മുതിര്‍ന്ന നേതാവായ താനാണ് ചേരുന്നതെങ്കില്‍ ക്യാബിനറ്റ് റാങ്ക് കിട്ടുമെന്നും തോമസാണെങ്കില്‍ അവര്‍ സഹമന്ത്രിയാക്കി ഒതുക്കുമെന്നും ഒരു ന്യായവും വച്ചു. തോമസ് പിന്‍മാറി. മാണിയുടെ മന്ത്രിസഭാ പ്രവേശനം ഉറപ്പായി. ആറുമാസത്തിനകം എംപിയായാല്‍ മതിയല്ലോ.

സത്യപ്രതിജ്ഞയുടെ തലേന്നു പകല്‍ കേരളത്തിലെ കെ കരുണാകരന്‍ ഡല്‍ഹി കേരളഹൗസിലുണ്ട്. മാണി കരുണാകരനെ സന്ദര്‍ശിച്ചു. കേരളത്തിന്റെ പുതിയ കേന്ദ്ര മന്ത്രിക്ക് കരുണാകരന്‍ ആശംസകള്‍ നേര്‍ന്നു. പിറ്റേന്നത്തെ സത്യപ്രതിജ്ഞയ്ക്ക് കരുണാകരന്‍ നില്‍ക്കുന്നില്ല. തിരുവനന്തപുരത്തും കോട്ടയത്തും പാലായിലും കേന്ദ്രമന്ത്രിക്ക് സ്വീകരണത്തിനുള്ള കാര്യങ്ങളെല്ലാം അതിവേഗം തയ്യാറായി. ഭാര്യ കുട്ടിയമ്മയും കുംടുംബാംഗങ്ങളും കേരള കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളും സത്യപ്രതിജ്ഞ നേരിട്ടു കാണാന്‍ ഡല്‍ഹിയിലെത്തി. അന്നു രാത്രി മാണിക്ക് ചന്ദ്രശേഖറിന്റെ ഓഫീസില്‍ നിന്നൊരു സന്ദേശമെത്തി. പിറ്റേന്നു സത്യപ്രതിജ്ഞ ചെയ്യുന്നവരില്‍ അദ്ദേഹമുണ്ടാകില്ല, ക്ഷമിക്കണം.

KARUNAKARANരാജ്യസഭയിലോ ലോക്‌സഭയിലോ അംഗമല്ലാത്ത ആരെയും മന്ത്രിസഭയിലെടുക്കേണ്ട എന്ന് ജനതാ പാര്‍ട്ടി നേതൃത്വം അടിയന്തരമായി സ്വീകരിച്ച നയപരമായ പ്രത്യേക തീരുമാനമായിരുന്നു കാരണം. കേന്ദ്രമന്ത്രിയായി മാണിയങ്ങനെ വിലസേണ്ട എന്നുറപ്പിച്ച് കെ കരുണാകരനാണ് കരുനീക്കിയത് എന്നു മാണി വിശ്വസിക്കുകയോ അദ്ദേഹത്തെ അങ്ങനെ ചിലര്‍ വിശ്വസിപ്പിക്കുകയോ ചെയ്തു. പിന്നീട് 1991 ല്‍ അധികാരത്തിലെത്തിയ കരുണാകരന്‍ സര്‍ക്കാരില്‍ മാണി മന്ത്രിയായിരുന്നു. രാഷ്ട്രീയ സാഹചര്യങ്ങള്‍ ഏതു വിധം മാറിമറിഞ്ഞാലും കേന്ദ്രമന്ത്രിസഭ എന്ന സ്വപ്‌നം കൈവിടാന്‍ കെഎം മാണി തയ്യാറല്ല എന്നതിന് സമീപകാലത്തുമുണ്ട് തെളിവുകളും സാക്ഷികളും. ഒന്നാമത്തെതിനേക്കാള്‍ ഭൂരിപക്ഷം കുറവായിരുന്ന രണ്ടാം യുപിഎ സര്‍ക്കാരില്‍ മകനിലൂടെയെങ്കിലും അതു സാക്ഷാത്കരിക്കാനായിരുന്നു നീക്കം. എന്തുകൊണ്ടൊക്കെയോ അതും നടക്കാതെ പോയി.

ഇപ്പോള്‍ വീണ്ടും ആ സ്വപ്‌നം വന്നു വാതിലില്‍ മുട്ടുകയാണ്. മാണി തുറക്കുമോ അതിനു സാഹചര്യങ്ങള്‍ ഒത്തുവരുമോ എന്നു വൈകാതെ വ്യക്തമാകും. ബിജെപി വിളിക്കുന്നു എന്നതാണു പ്രധാനമായി മാണി കാണുന്നത്. മാണിക്ക് അരക്കണ്ണേറ് ഇങ്ങോട്ടുണ്ട് എന്ന തിരിച്ചറിവ് ബിജെപിക്കുണ്ട് എന്നതും. വര്‍ഗ്ഗീയ കലാപങ്ങളും സാമുദായിക ചേരിതിരിവുമല്ല കേരളത്തില്‍ ഇടം ഉറപ്പിക്കാന്‍ ശരിയായ വഴിയെന്ന് അമിത് ഷാ മനസിലാക്കിവച്ചിട്ടുണ്ട്. കൂട്ടുകെട്ടിലെ അധാര്‍മികതകളേക്കുറിച്ചുള്ള ഉത്കണ്ഠയാണ് അദ്ദേഹത്തിന് അധാര്‍മികം.വെറുതേ അറിഞ്ഞിരിക്കാന്‍ ഇതുകൂടി. വെള്ളാപ്പള്ളി നടേശന്‍ നവംബര്‍ 23 ന് ആരംഭിച്ച് ഡിസംബര്‍ അഞ്ചിന് അവസാനിക്കുന്ന സമത്വമുന്നേറ്റ യാത്രയില്‍ ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍ നായരുമുണ്ട്.
Next Story

RELATED STORIES

Share it