മാണിക്കെതിരേ ആഞ്ഞടിച്ച് 'വീക്ഷണം'

കോട്ടയം: കോണ്‍ഗ്രസ്സിനെയും യുപിഎ സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് കേരള കോണ്‍ഗ്രസ് (എം) മുഖപത്രമായ പ്രതിച്ഛായയില്‍ ചെയര്‍മാന്‍ കെ എം മാണി എഴുതിയ ലേഖനത്തിന് ശക്തമായ മറുപടിയുമായി കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം രംഗത്ത്. മാണി തലമറന്ന് എണ്ണതേക്കരുത്’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന മുഖപ്രസംഗത്തിലാണ് കെ എം മാണിയെ അതിരൂക്ഷമായി വിമര്‍ശിക്കുന്നത്. കര്‍ഷകരെ ഏറ്റവും കൂടുതല്‍ വഞ്ചിച്ചത് കോണ്‍ഗ്രസ്സാണെന്നും ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യകള്‍ രാജ്യത്ത് നടന്നത് യുപിഎ സര്‍ക്കാരിന്റെ കാലത്താണെന്നുമുള്ള മാണിയുടെ ലേഖനം സത്യവിരുദ്ധവും അബദ്ധജഡിലവുമാണെന്ന് മുഖപ്രസംഗം വ്യക്തമാക്കുന്നു. പുതിയ രാഷ്ട്രീയ യജമാനന്‍മാര്‍ക്ക് സ്തുതിപാടി പ്രീതി സമ്പാദിക്കാനുള്ള വ്യഗ്രതയില്‍ മാണി കഴിഞ്ഞതെല്ലാം മറക്കുകയും ചെയ്തതെല്ലാം തള്ളിപ്പറയുകയുമാണ്. മൂന്നര പതിറ്റാണ്ടുകാലത്തെ യുഡിഎഫ് ബന്ധം ഉപേക്ഷിച്ച് പുറത്തുപോയ മാണിക്ക് ഇപ്പോള്‍ രാഷ്ട്രീയ അള്‍ട്‌സ്‌ഹെയ്‌മേഴ്‌സ് രോഗമാണ്. 1961ലെ അമരാവതി സമരത്തില്‍ എകെജിയോടൊപ്പം പങ്കാളിയായിരുന്നുവെന്ന മാണിയുടെ അവകാശവാദം ചരിത്രത്തെ വളച്ചൊടിക്കലാണ്. 1964ല്‍ പിറന്ന കേരളാ കോണ്‍ഗ്രസ് 1961ല്‍ നടന്ന അമരാവതി സമരത്തില്‍ പങ്കാളികളായിരുന്നുവെന്നത് ശുദ്ധ അസംബന്ധമാണെന്ന് ലേഖനം കുറ്റപ്പെടുത്തുന്നു. എല്‍ഡിഎഫിന്റെ അടുക്കളയില്‍ വേവുന്ന ഭരണത്തിന്റെ സ്വാദുള്ള ഗന്ധംകൊണ്ട് വായില്‍ കപ്പലോടിക്കുന്ന മാണിക്ക് ഏറെക്കാലം പ്രതിപക്ഷത്തിരിക്കാന്‍ സാധിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ ജല്‍പ്പനങ്ങള്‍ വ്യക്തമാക്കുന്നത്. കെ എം മാണിയുടെ രാഷ്ട്രീയ അസ്തിത്വത്തിനും ഔന്നത്യത്തിനും അദ്ദേഹം ഏറ്റവും കടപ്പെട്ടിരിക്കുന്നത് യുഡിഎഫിനോടും കോണ്‍ഗ്രസ്സിനോടും മാത്രമാണ്. യുഡിഎഫിലെ രണ്ടാംകക്ഷി മുസ്‌ലിം ലീഗായിട്ടും മേജര്‍ വകുപ്പുകള്‍ മാണിക്കു നല്‍കിയത് യുഡിഎഫിലെ സഹജാത സ്‌നേഹംകൊണ്ടാ ണെന്നും മുഖപത്രത്തില്‍ പറയുന്നു.
Next Story

RELATED STORIES

Share it