മാണിക്കെതിരായ കോഴ ആരോപണം; നിയമനടപടി സ്വീകരിക്കാത്തതു ചിലത് ഒളിക്കാനുള്ളതിനാല്‍: ഫ്രാന്‍സിസ് ജോര്‍ജ്

തൃശൂര്‍: ബാര്‍ കോഴക്കേസില്‍ ആരോപണം ഉന്നയിച്ചവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാന്‍ കെ എം മാണി തയ്യാറാവാത്തത് അദ്ദേഹത്തിന് ചിലത് ഒളിക്കാനുള്ളതുകൊണ്ടാണെന്ന് ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ ഫ്രാന്‍സിസ് ജോര്‍ജ്.
മാണിയുടെയും മകന്റെയും അടിമത്വം അംഗീകരിക്കുന്നവര്‍ക്കേ പാര്‍ട്ടിയില്‍ തുടരാന്‍ കഴിയുകയുള്ളൂ. കോണ്‍ഗ്രസ്സുമായി ഇരുവരും നടത്തുന്ന കൊടുക്കല്‍ വാങ്ങലുകള്‍ മാത്രമാണു പാര്‍ട്ടിയില്‍ നടന്നുവരുന്നത്. ഇക്കാര്യങ്ങളെല്ലാം പി ജെ ജോസഫിന് അറിയാമെങ്കിലും എതിര്‍ക്കാന്‍ കഴിയാത്ത നിസ്സഹായാവസ്ഥയിലാണ് അദ്ദേഹമെന്നും ഫ്രാന്‍സിസ് ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബിജെപിയുമായിപ്പോലും കൂട്ടുകൂടാന്‍ തയ്യാറായ മാണിയുടെ പാര്‍ട്ടിക്ക് ഈ തിരഞ്ഞെടുപ്പില്‍ വലിയ വിലനല്‍കേണ്ടിവരും. ശൂന്യമായിക്കൊണ്ടിരിക്കുന്ന ഒരു കിണറായി കേരളാ കോണ്‍ഗ്രസ് മാറുകയാണ്. ഡല്‍ഹി കേന്ദ്രീകരിച്ചാണ് ബിജെപിയുമായുള്ള സഖ്യചര്‍ച്ചകള്‍ നടന്നത്. ജോസ് കെ മാണിയാണ് ഇതിനു ചുക്കാന്‍ പിടിച്ചതെന്നാണു കരുതുന്നത്. അവിഹിതമായ നടപടികള്‍ മാണിയും മകനും ചേര്‍ന്നു സ്വീകരിക്കുമ്പോള്‍ അതിനെ അനുകൂലിച്ചു തുടരാന്‍ കഴിയാത്തതിനാലാണു പാര്‍ട്ടിയില്‍ നിന്നു പുറത്തുവന്നത്.
കേരളാ കോണ്‍ഗ്രസ് (ജേക്കബ്) ചെയര്‍മാന്‍ ജോണി നെല്ലൂരിന് സീറ്റ് നല്‍കില്ലെന്ന യുഡിഎഫ് സമീപനം കടുത്ത അനീതിയാണ്. ജോണി നെല്ലൂരിനെ ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സിലേക്കു ക്ഷണിക്കുമോ എന്ന ചോദ്യത്തിന് അദ്ദേഹം സ്വീകാര്യനാണെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. എല്‍ഡിഎഫ് പ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ പ്രാഥമിക ഘട്ടത്തിലാണെന്നും തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ മല്‍സരരംഗത്തുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story

RELATED STORIES

Share it