Editorial

മാണിക്കു പിന്നാലെ ബാബുവും; ഇനി...?

കെ എം മാണിക്ക് പിന്നാലെ മന്ത്രി കെ ബാബുവും ബാര്‍ കോഴക്കേസില്‍പ്പെട്ട് മന്ത്രിസഭയില്‍നിന്നു പുറത്തുപോവേണ്ടിവന്നതോടെ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള കേരള മന്ത്രിസഭ വലിയൊരു ധാര്‍മിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. ബാര്‍ കോഴക്കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടതിനെ തുടര്‍ന്നാണ് മന്ത്രിക്ക് രാജിവയ്‌ക്കേണ്ടിവന്നിരിക്കുന്നത്. മന്ത്രിസഭ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കി പുതിയ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള നിലമൊരുങ്ങിക്കൊണ്ടിരിക്കെ ഐക്യജനാധിപത്യമുന്നണിയെ മൊത്തം പ്രതിരോധത്തിലേക്ക് തള്ളിവിട്ടുകൊണ്ട് അഴിമതിയുടെ പേരില്‍ മന്ത്രിമാര്‍ ഒന്നിനു പിറകെ ഒന്നായി രാജിവയ്‌ക്കേണ്ടിവരുന്നത് രാഷ്ട്രീയകേരളത്തെ വരുംനാളുകളില്‍ പ്രക്ഷുബ്ധമാക്കുമെന്ന് ഉറപ്പാണ്.
ബിജു രമേശില്‍നിന്നു മന്ത്രി കെ ബാബു 50 ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ ഇക്കഴിഞ്ഞ ഡിസംബര്‍ ഒമ്പതിന് തൃശൂര്‍ വിജിലന്‍സ് കോടതി ദ്രുതപരിശോധനയ്ക്ക് ഉത്തരവിടുകയായിരുന്നു. ബിജു രമേശ് നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പര്യ ഹരജി പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്. അന്വേഷണം പൂര്‍ത്തിയാക്കുന്നതിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന വിജിലന്‍സിന്റെ അപേക്ഷ പരിഗണിക്കവെ അതിരൂക്ഷമായ വിമര്‍ശനമാണ് കോടതി നടത്തിയിരിക്കുന്നത്.
ഇതുവരെയുള്ള വിജിലന്‍സ് നടപടികളില്‍ തികഞ്ഞ അതൃപ്തി രേഖപ്പെടുത്തിയ കോടതി തുടര്‍ന്നുള്ള അന്വേഷണത്തില്‍ കോടതിയുടെ നിരീക്ഷണമുണ്ടാവുമെന്ന് വ്യക്തമാക്കിയതോടൊപ്പം വിജിലന്‍സിന് ആത്മാര്‍ഥതയും സത്യസന്ധതയുമില്ലെന്ന് പ്രസ്താവിക്കുകയുമുണ്ടായി. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള കേരള മന്ത്രിസഭയുടെ നിലനില്‍ക്കാനുള്ള ധാര്‍മികാവകാശമാണ് ശക്തമായി ചോദ്യംചെയ്യപ്പെട്ടിരിക്കുന്നത്. തെളിവുസഹിതം ഉന്നയിക്കപ്പെട്ട ആരോപണങ്ങളില്‍ പറയുന്ന വസ്തുതകള്‍ മന്ത്രിസഭയുടെ അറിവിലും തീരുമാനത്തിലും ഉള്‍പ്പെട്ടതല്ലെങ്കില്‍ അതു വ്യക്തമാക്കേണ്ട ബാധ്യത മുഖ്യമന്ത്രിക്കുണ്ട്. മറിച്ചാണെങ്കില്‍ ഒന്നോ രണ്ടോ മന്ത്രിമാരെ മാത്രം ബലിയാടാക്കുന്നതിന് ന്യായീകരണമില്ല. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ സമീപനങ്ങള്‍ സത്യസന്ധമല്ലെന്നതു വ്യക്തമാണ്. മാണിയെയും പിന്നീട് ബാബുവിനെയും സംരക്ഷിക്കാനുള്ള വഴിവിട്ട ശ്രമങ്ങളില്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ ഭാഗഭാക്കാവുന്നതാണ് നാം കണ്ടത്. ബാബുവിനെ കേസില്‍നിന്ന് ഒഴിവാക്കിനിര്‍ത്താന്‍ പരമാവധി ശ്രമിച്ചതും വസ്തുതാവിവര റിപോര്‍ട്ടിലെ കണ്ടെത്തലുകള്‍ക്കു വിരുദ്ധമായി കോഴ വാങ്ങിയതിനു തെളിവില്ലെന്ന റിപോര്‍ട്ടിലൂടെ മാണിക്ക് ക്ലീന്‍ചിറ്റ് നല്‍കിയതുമെല്ലാം ഇക്കാര്യത്തില്‍ ഭരണകൂടത്തിന്റെ കൈകള്‍ ശുദ്ധമല്ലെന്ന ശക്തമായ സൂചനകളാണ്.
അധികാരസ്ഥാനങ്ങളും അവസരങ്ങളും സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്കുവേണ്ടി ഉപയോഗപ്പെടുത്തുന്ന മാഫിയാസങ്കേതങ്ങളായി രാഷ്ട്രീയനേതൃത്വങ്ങള്‍ മാറുന്നതിനെതിരേ ജനങ്ങള്‍ ഉണരേണ്ടതുണ്ട്. അഴിമതിക്കാര്‍ക്ക് ഇനിയൊരവസരം നല്‍കുകയില്ലെന്ന് തീരുമാനിക്കാന്‍ കഴിയുന്ന പുതിയൊരു ജനാധിപത്യമുന്നേറ്റത്തിന് സമയമായെന്ന സന്ദേശമാണ് മലീമസമായ ഈ രാഷ്ട്രീയസാഹചര്യം നമ്മെ ഓര്‍മിപ്പിക്കുന്നത്.
Next Story

RELATED STORIES

Share it