Middlepiece

മാഡിസണ്‍ ചത്വരത്തില്‍ നിന്ന് കാപ്പിറ്റോളിലേക്ക്

മാഡിസണ്‍ ചത്വരത്തില്‍ നിന്ന് കാപ്പിറ്റോളിലേക്ക്
X
slug-indraprasthamഅമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ വൈറ്റ്ഹൗസിന്റെ എട്ടുവര്‍ഷത്തെ താമസം മതിയാക്കി അടുത്തൂണ്‍പറ്റി ശിഷ്ടകാലം കഴിയാനുള്ള പുറപ്പാടിലാണ്. എന്താണ് ഒബാമ സായ്പിന്റെ ഭരണത്തിന്റെ നീക്കിബാക്കി എന്ന് ഇനിയും പറയാറായിട്ടില്ല. അമേരിക്കയില്‍ വലിയ പ്രതീക്ഷയുമായി അധികാരത്തിലെത്തിയ ദേഹമാണ് കറുത്തവര്‍ഗക്കാരനായ ഈ മനുഷ്യന്‍. ആ പ്രതീക്ഷകള്‍ പൂവണിഞ്ഞുവോ എന്നു ചോദിച്ചാല്‍ ഉത്തരം നിഷേധാര്‍ഥത്തിലായിരിക്കും ജനങ്ങളില്‍ വലിയൊരു ഭാഗത്തില്‍നിന്നു വരുക എന്നു തീര്‍ച്ച.
എന്നാലും ഒബാമയുടെ ഭരണം മുന്‍ഗാമി ജോര്‍ജ് ബുഷിന്റെ കാലത്തെ മാതിരി ഒരു മഹാദുരന്തമല്ല. ജോര്‍ജ് ബുഷ് അമേരിക്കയെ മാത്രമല്ല, ലോകത്തെ ഒട്ടാകെതന്നെ ഒരു മഹാദുരന്തത്തിന്റെ വക്കിലേക്കു നയിച്ച മനുഷ്യനാണ്. ആ കക്ഷിയുടെ ഭ്രാന്തന്‍ നയങ്ങളുടെ ഫലമായി പശ്ചിമേഷ്യയെ ആകെ കുട്ടിച്ചോറാക്കി. അതിന്റെ ദുരിതം ഇന്നും ആ പ്രദേശത്തെ ജനങ്ങള്‍ അനുഭവിക്കുന്നു. ഇപ്പോഴത്തെ വംശീയസംഘര്‍ഷങ്ങളും യുദ്ധങ്ങളും അഭയാര്‍ഥിപ്രവാഹവും ഒക്കെ അതിന്റെ ബാക്കിപത്രമാണ്.
ഒബാമ ചുരുങ്ങിയത് പുതിയൊരു യുദ്ധത്തിലേക്ക് എടുത്തുചാടുകയുണ്ടായില്ല. അധികാരവും ശക്തിയും മറ്റുള്ളവരെ ഭീഷണിപ്പെടുത്താനും തകര്‍ക്കാനും മാത്രം ഉപയോഗിക്കാനുള്ളതല്ല എന്ന തിരിച്ചറിവ് അദ്ദേഹത്തിനുണ്ടായിരുന്നു. അതിനാല്‍ ഒബാമ വൈറ്റ്ഹൗസ് ജീവിതം മതിയാക്കുന്ന വേളയില്‍ ലോകത്തെ ജനം പടക്കംപൊട്ടിച്ച് ആഹ്ലാദപ്രകടനം നടത്താനിടയില്ല.
ഒബാമയും നമ്മുടെ സ്വന്തം പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ പല താരതമ്യങ്ങളുമുണ്ട്. രണ്ടുപേരും സമൂഹത്തിന്റെ അരികുകളില്‍ നിന്ന് അധികാരത്തിന്റെ ഉത്തുംഗതയിലേക്ക് എത്തിയവരാണ്. ഒരാള്‍ കെനിയക്കാരനായ ഒരു മുസ്‌ലിമിന്റെ മകന്‍. മറ്റേയാള്‍ ഗുജറാത്തിലെ ഒരു ചായക്കച്ചവടക്കാരന്റെ പുത്രന്‍. രണ്ടുപേരും കഠിനാധ്വാനംകൊണ്ട് കയറിവന്നതാണ്. രണ്ടുപേര്‍ക്കും നാക്കില്‍ സരസ്വതിയുടെ വിളയാട്ടമാണ്. രണ്ടുപേരും സ്വന്തം ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷകള്‍ നല്‍കിയവരാണ്. രണ്ടുപേരും വലിയ കൂട്ടുകാരുമാണ് എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നു. ഒബാമയുടെ അമേരിക്ക മോദിക്ക് മുമ്പ് വിസ നിഷേധിച്ചിരുന്നു. ഗുജറാത്തിലെ നരനായാട്ടിനുശേഷം മോദിയെ തങ്ങളുടെ നാട്ടില്‍ കയറ്റുകയില്ല എന്നാണ് അമേരിക്കക്കാര്‍ പറഞ്ഞത്. ഏതായാലും മോദി ഇന്ദ്രപ്രസ്ഥത്തില്‍ അധികാരത്തിലെത്തിയപ്പോള്‍ അവര്‍ അങ്ങേരെ ക്ഷണിച്ചു. അങ്ങേര് പോവുകയും ചെയ്തു.
അന്ന് പഴയ വൈരാഗ്യവും വിരോധവും ഒന്നും രണ്ടുപേരും പ്രകടിപ്പിച്ചില്ല. പുതിയൊരു തുടക്കം എന്നാണ് മോദിയും ഒബാമയും അതേക്കുറിച്ചു പറഞ്ഞത്. അതിനുശേഷം ഒബാമ ഇന്ത്യയില്‍ വന്നു. ഇപ്പോള്‍ ഒബാമയുടെ ഭരണം തീരുന്നതിനു മുമ്പ് മോദി രണ്ടാംതവണയും വൈറ്റ്ഹൗസില്‍ എത്തി. ഇത്തവണ സ്വീകരണം മുന്‍ അവസരത്തിലേതിനേക്കാള്‍ മെച്ചമായിരുന്നു എന്നാണ് മാധ്യമങ്ങളില്‍ കാണുന്നത്. അമേരിക്കന്‍ കോണ്‍ഗ്രസ്സിന്റെ സംയുക്തസമ്മേളനത്തില്‍ മോദിയെ പ്രസംഗിക്കാന്‍ ക്ഷണിച്ചത് വലിയൊരു അംഗീകാരമായാണു മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. അമേരിക്കയിലെ രണ്ടു പ്രബല കക്ഷികളും മോദിയെ സ്വീകരിക്കാന്‍ ഒന്നിച്ച് അണിനിരന്നു എന്നതാണ് ഈ സംഭവത്തിലെ മുഖ്യ വിശേഷം. കാരണം, ഒബാമ ഡെമോക്രാറ്റിക് പാര്‍ട്ടിക്കാരനാണെങ്കില്‍ സഭാധ്യക്ഷന്‍ പോള്‍ റയാന്‍ റിപബ്ലിക്കന്‍ പാര്‍ട്ടിക്കാരനാണ്.
മോദിയുടെ പ്രസംഗവും വളരെ നന്നായിത്തന്നെയാണു സ്വീകരിക്കപ്പെട്ടത്. ഇന്ത്യയും അമേരിക്കയും തമ്മില്‍ ബന്ധങ്ങള്‍ മെച്ചപ്പെട്ടുവരുകയാണ് എന്നതിന്റെ സൂചനകള്‍ മോദിക്കു നല്‍കപ്പെട്ട സ്വീകരണത്തിലും നേതാക്കളുടെ പ്രസംഗത്തിലും ഒക്കെ ഉണ്ടായിരുന്നു.
കഴിഞ്ഞതവണ മാഡിസണ്‍ സ്‌ക്വയറില്‍ അമേരിക്കയിലെ ഇന്ത്യക്കാരാണു പ്രധാനമന്ത്രിക്ക് സ്വീകരണം ഒരുക്കിയത്. കുറുവടിസംഘത്തിന്റെ അമേരിക്കന്‍ പിന്തുണക്കാരായിരുന്നു അന്ന് വേദിയാകെ നിറഞ്ഞുനിന്നത്. അമേരിക്കന്‍ ഭരണകൂടം അന്ന് അതില്‍നിന്നു താരതമ്യേന ഒഴിഞ്ഞുനില്‍ക്കുകയായിരുന്നു. അന്ന് പ്രസിഡന്റ് ഒബാമയാണ് ആതിഥേയന്റെ മുഖ്യ പങ്ക് വഹിച്ചതെങ്കില്‍ ഇത്തവണ ഭരണകൂടവും കോണ്‍ഗ്രസ്സും മുഖ്യധാരാ രാഷ്ട്രീയകക്ഷികളും ഒന്നിച്ചണിനിരന്നു എന്നത് എടുത്തുപറയേണ്ട സംഗതിയാണ്.
ചുരുക്കത്തില്‍ ഇത്തവണത്തെ മോദിയുടെ അമേരിക്കന്‍ പര്യടനം അദ്ദേഹത്തിന്റെ നയതന്ത്രരംഗത്തെ നേട്ടങ്ങളില്‍ സുപ്രധാനം എന്നുതന്നെ പറയേണ്ടിവരും. ഇന്ത്യ ചൈനയെ വികസനരംഗത്ത് കവച്ചുവയ്ക്കുകയാണ് എന്ന തോന്നല്‍ ഇപ്പോള്‍ അമേരിക്കയിലും വ്യാപകമാണ്. ചൈന കിതയ്ക്കുന്ന സമയത്ത് ഇന്ത്യ വീണ്ടുമൊരു കുതിപ്പിനു തയ്യാറെടുക്കുകയാണ് എന്ന തോന്നലുമുണ്ട്. ഒരുപക്ഷേ, അതുതന്നെയാവണം ഇത്തവണ മോദിക്കു ലഭിച്ച ഗംഭീരമായ സ്വീകരണത്തിന്റെ പിന്നിലെ മനശ്ശാസ്ത്രവും. ആളുവില കല്ലുവില എന്ന് പണ്ട് പറയാറുണ്ട്. പക്ഷേ, ഇപ്പോള്‍ ആളുവില കാശുവില എന്നുതന്നെ പറയണം.
Next Story

RELATED STORIES

Share it