മാട്ടൂലില്‍ യാത്രാബോട്ട് അപകടത്തില്‍പ്പെട്ടു

മാട്ടൂല്‍ (കണ്ണൂര്‍): നിറയെ യാത്രക്കാരുമായി പുറപ്പെട്ട കടത്തുബോട്ട് അപകടത്തില്‍പ്പെട്ടു. മാട്ടൂലില്‍നിന്ന് അഴീക്കലിലേക്ക് പുറപ്പെട്ട യാത്രാബോട്ടാണ് എന്‍ജിന്‍ കേടായി ഒഴുകിപ്പോയത്. എന്നാല്‍, മല്‍സ്യത്തൊഴിലാളികള്‍ ഫൈബര്‍ ബോട്ടുകളിലെത്തി യാത്രക്കാരെ മുഴുവന്‍ രക്ഷപ്പെടുത്തി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 38 യാത്രക്കാര്‍ ബോട്ടിലുണ്ടായിരുന്നു. ആര്‍ക്കും പരിക്കില്ല.
ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെയാണ് സംഭവം. മാട്ടൂല്‍ പഞ്ചായത്തിനു കീഴില്‍ കടത്ത് സര്‍വീസ് നടത്തുന്ന ബോട്ടാണിത്. മാട്ടൂലില്‍നിന്നു പുറപ്പെട്ട ബോട്ടിന്റെ എന്‍ജിന്‍ അഴിമുഖത്ത് എത്തിയപ്പോള്‍ കേടായി. തുടര്‍ന്ന് തിരയില്‍പെട്ട് കടലിലേക്കു നീങ്ങാന്‍ തുടങ്ങി. യാത്രക്കാരുടെ നിലവിളി കേട്ട് കരയിലുണ്ടായിരുന്ന മല്‍സ്യത്തൊഴിലാളികള്‍ ഫൈബര്‍ ബോട്ടുകളിലെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. യാത്രക്കാരെ മാട്ടൂല്‍ ഭാഗത്ത് എത്തിച്ചു.
അതിനിടെ, ബോട്ട് അപകടത്തില്‍പെട്ട വിവരമറിയിച്ചിട്ടും തീരദേശ പോലിസും കോസ്റ്റ് ഗാര്‍ഡും സ്ഥലത്തെത്താന്‍ വളരെ വൈകിയത് സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായി. ഇതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ തീരദേശ പോലിസ് സ്റ്റേഷന്‍ ഉപരോധിച്ചു.
Next Story

RELATED STORIES

Share it