Idukki local

മാട്ടുപ്പെട്ടിഡാമില്‍ പെണ്‍കുട്ടിയുടെ മൃതദേഹം പോലിസ് അന്വേഷണം തൃപ്തികരമല്ലെന്ന് ആക്ഷേപം

ഇടുക്കി: മാട്ടുപ്പെട്ടി ഡാമില്‍ ദുരൂഹസാഹചര്യത്തില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതു സംബന്ധിച്ചു പോലിസ് അന്വേഷണം തൃപ്തികരമല്ലെന്ന് ആക്ഷേപം.അന്വേഷണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ടാണ് കുട്ടിയുടെ പിതാവ് പരാതി നല്‍കി.കൊരണ്ടക്കാട് വിമലാലയം സ്‌കൂളിലെ എട്ടാം ക്ലാസുകാരിയായ നിത്യയെ സപ്തംബര്‍ 21നു ഉച്ചയ്ക്ക് ശേഷമാണ് കാണാതായത്.
വീടിന്റെ അടുത്തു മുത്തശ്ശിയുടെ വീട്ടിലേക്ക് പോയ നിത്യ പിന്നെ വീട്ടിലേക്ക് മടങ്ങി വന്നില്ല. ഏറെ നേരമായിട്ടും മടങ്ങി വരാത്തതു കാരണം മൂന്നാര്‍ പോലിസില്‍ പരാതി നല്‍കുകയും തിരച്ചില്‍ നടത്തുകയും ചെയ്‌തെങ്കിലും പ്രയോജനമുണ്ടായില്ല. അടുത്ത ദിവസം രാവിലെ മാട്ടുപ്പെട്ടി ഡാമിന്റെ വനത്തോട് ചേര്‍ന്നുള്ള ഭാഗത്ത് നിത്യയുടെ ചെരിപ്പുകള്‍ കാണപ്പെട്ടതോടെ വെള്ളത്തില്‍ വീണ് മരിച്ചതാകാമെന്ന സംശയം ഉടലെടുത്തു. ഫയര്‍ ഫോഴ്‌സിനെ വിവരമറിയിക്കുകയും ചെയ്തു. ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഡാമില്‍ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.
ആനയുടെ ശല്യമുള്ളതു കാരണം പകല്‍ പോലും ജനങ്ങള്‍ പുറത്തിറങ്ങാന്‍ ഭയക്കുന്ന ആര്‍ ആന്റ് ഡി ഡിവിഷനിലാണ് നിത്യയുടെ വീട്. ആത്മഹത്യ ചെയ്യാവുന്ന വിധത്തില്‍ അസാധാരണമായ ഒന്നും സംഭവിച്ചിട്ടില്ലെന്നും നാട്ടുകാര്‍ക്കും സ്‌കൂളിലുമൊക്ക മതിപ്പുളവാക്കിയിരുന്ന കുട്ടിയുമായിരുന്നു നിത്യയെന്ന് അടുപ്പമുള്ളവര്‍ പറയുന്നു.എന്നാല്‍ പോലിസ് കേസന്വേഷണത്തിനു കാര്യമായ താല്‍പ്പര്യം കാട്ടിയില്ല. 24 മണിക്കൂറിനകം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കൈയ്യില്‍ കിട്ടുമെന്നിരിക്കേ സംഭവം നടന്നതിന് അന്‍പത്തിരണ്ടാം ദിവസം മാത്രമാണ് ഇത് കിട്ടിയത്.
മരണത്തില്‍ അസ്വാഭാവിക ഉള്ളതായി സംശയം ബലപ്പെട്ടിരിന്നുവെങ്കിലും ആ വഴിക്കും അന്വേഷണമുണ്ടായില്ല.വെള്ളത്തില്‍ മുങ്ങിമരിച്ചതിന്റെ യാതൊരു ലക്ഷണങ്ങള്‍ ഇല്ലായിരുന്നുവെന്നതും സംശയത്തിന് ബലമേറ്റുന്നതായും പരാതിയില്‍ പറയുന്നു.
Next Story

RELATED STORIES

Share it