മാട്ടിറച്ചി വില്‍പന നടത്തിയാല്‍ കട അടിച്ചുതകര്‍ക്കുമെന്ന് ഭീഷണി

കാക്കനാട്: മാട്ടിറച്ചി വില്‍പന നടത്തിയാല്‍ കട അടിച്ചുതകര്‍ക്കുമെന്ന് ഭീഷണി. കാക്കനാട് ടിവി സെന്ററിനു സമീപം (ഈച്ചമുക്ക്) ഹോര്‍ട്ടികോര്‍പ് സൊസൈറ്റിയുടെയടുത്ത് ആരംഭിച്ചിട്ടുള്ള സര്‍ക്കാര്‍ സ്ഥാപനമായ മീറ്റ് പ്രൊഡക്ട്‌സ് ഓഫ് ഇന്ത്യയുടെ സ്റ്റാളിലാണ് രണ്ടു പേരടങ്ങുന്ന സംഘമെത്തി ഭീഷണിപ്പെടുത്തിയത്. ഇതുസംബന്ധിച്ച് മീറ്റ് പ്രൊഡക്ട്‌സ് ഓഫ് ഇന്ത്യയുടെ എംഡി ജോണ്‍ തൃക്കാക്കര പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.
ഇന്നലെ ഉച്ചയ്ക്കു രണ്ടോടെയാണു സംഭവം. സര്‍ക്കാരിന്റെ ഇറച്ചി, മീന്‍വിഭവങ്ങള്‍ വില്‍പന നടത്തുന്ന ഔദ്യോഗിക സ്റ്റാളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. വില്‍പന കേന്ദ്രത്തില്‍ സ്ത്രീകള്‍ മാത്രമുള്ള സമയത്താണു വാഹനത്തില്‍ രണ്ടു പേര്‍ വന്നത്. ഇവര്‍ മാട്ടിറച്ചിയുണ്ടോ എന്നു ചോദിച്ചു. ജീവനക്കാര്‍ ഉണ്ടെന്നു മറുപടി പറഞ്ഞ് എത്രയാണു വേണ്ടെതന്ന് ആരാഞ്ഞപ്പോള്‍ സംഘത്തിലൊരാള്‍ ഇവിടെ മാട്ടിറച്ചി വില്‍ക്കാന്‍ പാടില്ലെന്ന് അറിഞ്ഞുകൂടെയെന്നു ചോദിച്ചു. ഇത് ലൈസന്‍സുള്ള സ്ഥാപനമാണെന്നും സര്‍ക്കാര്‍ അംഗീകാരമുണ്ടെന്നും വനിതാ ജീവനക്കാര്‍ വാദിച്ചെങ്കിലും മാട്ടിറച്ചി വില്‍പന പാടില്ലെന്ന് അവര്‍ ഭീഷണിയിലൂടെ നിര്‍ദേശിക്കുകയായിരുന്നുവെന്ന് പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഡല്‍ഹിയിലെ കേരള ഹൗസ് തങ്ങള്‍ റെയ്ഡ് ചെയ്ത സംഭവം ഓര്‍ക്കണമെന്നും ഇന്നു ഞങ്ങള്‍ രണ്ടു പേര്‍ മാത്രമാണ് വന്നത്. അടുത്ത ദിവസം കൂടുതല്‍ ആളുകളുമായി എത്തും. വില്‍പന തുടരാനാണ് തീരുമാനമെങ്കില്‍ സ്റ്റാള്‍ അടിച്ചുതകര്‍ക്കുമെന്നും സംഘം ഭീഷണിപ്പെടുത്തി.
Next Story

RELATED STORIES

Share it