മാട്ടിറച്ചി പ്രമേയമായ ഹ്രസ്വ ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനു വിലക്ക്

ന്യൂഡല്‍ഹി: ബീഫ് പ്രമേയമാക്കി നിര്‍മിച്ച ഹ്രസ്വചിത്രം, ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുന്നതിനു കേന്ദ്രസര്‍ക്കാരിന്റെ വിലക്ക്. 12ാമതു ജീവിക ഹ്രസ്വചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന കാസ്റ്റ് ഓണ്‍ ദി മെനു കാര്‍ഡ് എന്ന ചിത്രത്തിനാണു കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം അനുമതി നിഷേധിച്ചത്. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ചലച്ചിത്രമേളയാണു ജീവിക ഏഷ്യ ലൈവ്‌ലിഹുഡ് ഡോക്യുമെന്ററി ഫെസ്റ്റിവല്‍. അനുമതിക്കായി അയച്ച 35 ചിത്രങ്ങളില്‍ മുംബൈയിലെ ഭക്ഷണശീലങ്ങളെക്കുറിച്ചും ബീഫിനെ കുറിച്ചും പ്രതിപാദിക്കുന്ന കാസ്റ്റ് ഓണ്‍ ദി മെനു കാര്‍ഡ് എന്ന ചിത്രത്തിനു മാത്രമാണ് അനുമതി നിഷേധിക്കപ്പെട്ടത്.
നിലവിലെ ബീഫ് നിരോധനത്തിന്റെ രാഷ്ട്രീയ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ചിത്രത്തിന് അനുമതി നിഷേധിച്ചതെന്നു സംഘാടകര്‍ വ്യക്തമാക്കി. ഹ്രസ്വചിത്രമേളയുടെ ഇതുവരെയുള്ള ചരിത്രത്തില്‍ ആദ്യമായാണ് ഒരു ചിത്രത്തിന് അനുമതി നിഷേധിക്കപ്പെടുന്നതെന്നു ഫെസ്റ്റിവല്‍ ഡയറക്ടര്‍ മനോജ് മാത്യു ചൂണ്ടിക്കാട്ടുന്നു. ഷെഡ്യൂ ള്‍ അനുസരിച്ച് മേളയില്‍ ഇന്ന് വൈകുന്നേരമാണു ചിത്രം പ്രദര്‍ശിപ്പിക്കേണ്ടിയിരുന്നത്. 35 ഡോക്യുമെന്ററി ചിത്രങ്ങളില്‍ 19 എണ്ണം മല്‍സരവിഭാഗത്തിലും ബാക്കി ഇതര വിഭാഗത്തിലുമാണു പ്രദര്‍ശിപ്പിക്കുന്നത്.
വാര്‍ത്താവിതരണ മന്ത്രാലയം ജോയിന്റ് സെക്രട്ടറി കെ സഞ്ജയ് മൂര്‍ത്തിക്കാണ് ചിത്രങ്ങ ള്‍ അനുമതിലഭിക്കുന്നതിനായി നല്‍കിയത്. എന്നാല്‍ കഴിഞ്ഞദിവസമാണ് കാസ്റ്റ് ഓണ്‍ ദി മെനു കാര്‍ഡ് എന്ന ചിത്രത്തിനു മാത്രം അനുമതിയില്ലെന്ന കാര്യം അണ്ടര്‍ സെക്രട്ടറി എസ് നാഗനാഥന്‍ അറിയിക്കുന്നത്.
ബീഫിനെച്ചൊല്ലി വിവാദങ്ങള്‍ ഉയര്‍ന്നിരിക്കുന്ന നിലവിലെ സാഹചര്യത്തില്‍ ചിത്രത്തിന് അനുമതി ന ല്‍കാനാവില്ലെന്നായിരുന്നു അധികൃതര്‍ സംഘാടകര്‍ക്കു നല്‍കിയ വിശദീകരണം.
ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിലെ വിദ്യാര്‍ഥികളാണ് 20 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയുടെ നിര്‍മാതാക്കള്‍. മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ തരത്തിലുള്ള ജാതി അനുഭവങ്ങളി ല്‍ നിന്നാണു ചിത്രം കഥ പറയുന്നത്.
ഭക്ഷണവും അതില്‍ ഒളിഞ്ഞു കിടക്കുന്ന ജാതീയതയും ഹിന്ദുവിശ്വാസങ്ങളും ചിത്രത്തില്‍ പ്രമേയമായി വരുന്നു. പൊതു ഇടങ്ങള്‍ പൊതുവായിട്ടുതന്നെ നിലനിര്‍ത്തുവാനും അവിടെ ഉയര്‍ന്നുവരുന്ന ഭക്ഷണത്തിന്റെ ജാതീയത എന്തുവിലകൊടുത്തും എതിര്‍ക്കേണ്ടതാണെന്നും ഡോക്യുമെന്ററി പറയുന്നു.
Next Story

RELATED STORIES

Share it