Flash News

മാട്ടിറച്ചിക്കെതിരായ പ്രചാരണം : തുകല്‍ വ്യവസായം അടച്ചുപൂട്ടലിന്റെ വക്കില്‍



ന്യൂഡല്‍ഹി: മാട്ടിറച്ചി വ്യാപാരത്തിനെതിരായി വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ കൈക്കൊണ്ട നടപടികളും സംഘപരിവാര സംഘടനകളുടെ ആക്രമണങ്ങളും കാരണം രാജ്യത്തെ തുകല്‍ വ്യവസായം അടച്ചുപൂട്ടലിന്റെ വക്കിലെന്ന് റിപോര്‍ട്ട്. 12 ബില്യന്‍ ഡോളറിന്റെ വ്യാപാരം നടക്കുന്ന ഇന്ത്യന്‍ തുകല്‍ വ്യവസായം, ലോകത്തിലെ ഏറ്റവും വലിയ അഞ്ച് തുകല്‍ കമ്പോളങ്ങളില്‍ ഒന്നാണ്. യുപി അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഉണ്ടാവുന്ന പ്രതിസന്ധി മേക്ക് ഇന്‍ ഇന്ത്യയെ വരെ ബാധിക്കുമെന്നാണ് സൂചന. അനധികൃതമെന്നാരോപിച്ച് അറവുശാലകള്‍ അടച്ചുപൂട്ടുന്നതും മൃഗത്തിന്റെ തൊലി കൈവശംവയ്ക്കുന്നവരെ ആക്രമിക്കുന്നതുമാണ് മേഖലയിലെ പ്രതിസന്ധിക്കു പ്രധാന കാരണം. രാജ്യത്തുണ്ടായിരുന്ന 400 തുകല്‍ ഊറയ്ക്കിടല്‍ കേന്ദ്രങ്ങളില്‍ 270 എണ്ണം മാത്രമാണ് ഇതുവരെ പ്രവര്‍ത്തിച്ചിരുന്നത്. അതില്‍ 42 എണ്ണം ഇക്കാരണത്താല്‍ അടുത്തിടെ അടച്ചുപൂട്ടി. മാട്ടിറച്ചി കടകളില്‍ എപ്പോഴും പോലിസ് കയറിയിറങ്ങുന്നതു കാരണം നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന കടകള്‍വരെ അടച്ചുപൂട്ടുകയുണ്ടായി. ചില കടകളില്‍ സംഘപരിവാര സംഘടനകള്‍ നിര്‍ബന്ധിത പണപ്പിരിവു നടത്തുന്നതായും ആരോപണമുണ്ട്. ഇതിനു പുറമെ 87 സ്ഥാപനങ്ങള്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിയന്ത്രണത്തിലും അടച്ചുപൂട്ടി.അതിനിടെ രണ്ടാഴ്ച മുമ്പ് കാണ്‍പൂരിലെ തുകല്‍ മൊത്ത കച്ചവട സ്ഥാപനത്തിന്റെ ഗോഡൗണ്‍ പോലിസ് റെയ്ഡ് നടത്തി പൂട്ടിച്ചിരുന്നു. പശുവിന്റെ തൊലി സൂക്ഷിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയെന്നായിരുന്നു പോലിസ് ഭാഷ്യം. ചത്ത പശുക്കളടക്കമുള്ളവയുടെ തുകല്‍ വാങ്ങാന്‍ തങ്ങള്‍ക്ക് ലൈസന്‍സുണ്ട്. എന്നാല്‍, അതിനുപോലും പോലിസ് അനുവദിക്കുന്നില്ലെന്നും യുപി തുകല്‍ വ്യവസായ സംഘടനാ വക്താവ് ശഫീഖ് അഹമ്മദ് പറഞ്ഞു. അറവുശാലകളില്‍ നിന്നായിരുന്നു തുകല്‍ വ്യവസായത്തിനാവശ്യമായ 80 ശതമാനം തൊലിയും ലഭിച്ചിരുന്നത്. ബാക്കി ഇരുപത് ശതമാനം കര്‍ഷകരും മറ്റും വളര്‍ത്തുന്നതിനിടെ ചത്തുപോവുന്ന കന്നുകാലികളുടേതും. എന്നാലിപ്പോള്‍ ചത്തുപോവുന്ന മൃഗങ്ങളുടെ തൊലി വില്‍ക്കാന്‍പോലും ജനങ്ങള്‍ ഭയക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.യുപിയിലെ 95 ശതമാനം തുകല്‍ വ്യാപാരകേന്ദ്രങ്ങളും അടച്ചുപൂട്ടിയതായി തുകല്‍ വ്യാപാരി ഫര്‍ഹത്ത് ഹുസയ്ന്‍ പറഞ്ഞു. തങ്ങളുടെ സംഘടനയ്ക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന 240 സ്ഥാപനങ്ങളില്‍ ഏറെക്കുറേ പൂട്ടിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
Next Story

RELATED STORIES

Share it